Connect with us
Malayali Express

Malayali Express

ഇന്ന് ഈസ്റ്റര്‍

KERALA

ഇന്ന് ഈസ്റ്റര്‍

Published

on

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റര്‍ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റര്‍ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നും ആണ് ഈസ്റ്റര്‍ നമുക്കു നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍.

ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമര്‍മ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരാള്‍ പറയുമ്ബോള്‍ ‘സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച്‌ തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്ബര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബര്‍ ‍25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാന്‍ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാള്‍ ആയി ആചരിക്കണമെന്ന് ക്രി.വ 325-ല്‍കൂടിയ നിഖ്യാ സുന്നഹദോസില്‍ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാന്‍ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം. വസന്തകാലത്ത് മാര്‍ച്ച്‌ -ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നീസാന്‍ മാസം വരുന്നത്. വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാര്‍ച്ച്‌ 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച്‌ 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രില്‍ 25-ഉം ആണ്. എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ (കലണ്ടറുകള്‍ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ ഏപ്രില്‍ 4 മുതല്‍ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. 1953-ല്‍ മലങ്കര സഭ കൂടി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത് . 2010-ലെയും 2011-ലെയും ഈസ്റ്റര്‍ ദിനങ്ങള്‍ രണ്ടു കലണ്ടര്‍ സമ്ബ്രദായങ്ങള്‍ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇതു സംഭവിക്കുന്നത് അപൂര്‍വ്വമാണ്.

അമേരിക്കയില്‍ കുട്ടികളുടെ സങ്കല്‍പ്പത്തില്‍ ഭംഗിയുള്ള ഐസ്റ്റര്‍ മുട്ടകള്‍ കൊണ്ടു വരുന്നത് മുയലുകളാണെന്നാണ്.
ഫ്രെഡറിക് തോംസണ്‍ ചക്രവര്‍ത്തി ഈസ്റ്റര്‍ ദിനത്തില്‍ പ്രകജകള്‍ക്ക് താറാവു മുട്ടയുടെ ആകൃതിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ നല്‍കിയിരുന്നു.

ബെല്‍ജിയത്തില്‍ ഈസ്റ്റര്‍ മുട്ടകള്‍ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദമുണ്ട്.മഹാത്മ ഗാന്ധിയോടൊപ്പം ദീനബന്ധു റവ. സി.എഫ്. ആന്‍ഡ്രൂസ് സബര്‍മതിയില്‍ ഈസ്റ്റര്‍ ആഘോഷിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സമുദ്രസ്നാനത്തിന് പ്രാധാന്യമുണ്ട്.തെക്കന്‍ കൊറിയക്കാര്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിക്കുന്നതില്‍ കീടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്.

Continue Reading

Latest News