Thursday, April 18, 2024
Homeസ്ഥലപരിമിതി പ്രശ്‌നമല്ല, പച്ചക്കറിക്കായി പരീക്ഷിക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

സ്ഥലപരിമിതി പ്രശ്‌നമല്ല, പച്ചക്കറിക്കായി പരീക്ഷിക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

സ്ഥലപരിമിതിയും അസൗകര്യവും മൂലം കൃഷി ചെയ്യാൻ തടസ്സമുള്ളവര്‍ക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കൃഷി രീതി ഒന്ന് പരീക്ഷിച്ചു നോക്കാം.

ബ്ലോക്ക്‌ പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതിയിലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ (ലംബ കൃഷി പദ്ധതി) പരിമിതമായ സ്ഥലത്തും മികച്ച അടുക്കളത്തോട്ടം ഒരുക്കാം.

ആദ്യ ഘട്ടത്തില്‍ ഒളവണ്ണ പഞ്ചായത്തില്‍ 13 അങ്കണവാടികളിലും കടലുണ്ടിയില്‍ 12 അങ്കണവാടികളിലുമാണ് ലംബ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഹിതമായ 2,94,750 രൂപ ചെലവഴിച്ച്‌ 25 അങ്കണവാടികളിലും സൗജന്യമായാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്തും കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തും സംയുക്തമായി 32 ലംബ കൃഷി യൂണിറ്റുകള്‍ ഇതിനു പുറമേ ആരംഭിക്കും. 3000 രൂപ ഗുണഭോക്താവ് വഹിക്കണം. കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം 47,430 രൂപ, 38,610 രൂപ, പദ്ധതി വിഹിതവും നല്‍കിക്കൊണ്ട് ജനറല്‍ വിഭാഗത്തില്‍ 30 കൃഷി യൂണിറ്റുകള്‍ നല്‍കി. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് 12000 രൂപയും ഒളവണ്ണ ഗ്രാമപഞ്ചായത്ത് 5580 രൂപയും ചെലവഴിച്ചു രണ്ട് ലംബകൃഷി യൂണിറ്റ് നല്‍കിയാണ് പദ്ധതി നടപ്പിലാക്കിയത്.

ചീര, തക്കാളി, വഴുതന, വെണ്ട എന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ മിക്ക പച്ചക്കറികളും ഇങ്ങനെ ലംബ രീതിയില്‍ കൃഷി ചെയ്യാം. ഒരു ലംബ കൃഷി യൂണിറ്റില്‍ 12 ചട്ടികളിലായി പോട്ടിങ് മിക്സചര്‍ നിറച്ച്‌ തൈ നട്ട് ജലസേചനത്തിനായി തുള്ളി നന സംവിധാനം ക്രമീകരിച്ചാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയില്‍ ചക്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.

വീട്ടില്‍ നിന്ന് തന്നെ വിഷരഹിതമായ പച്ചക്കറികള്‍ ഉത്പ്പാദിപ്പിയ്ക്കുന്ന ഒരു സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ളതാണ് ഈ പദ്ധതി. കാര്‍ഷിക കര്‍മ്മ സേനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular