Friday, March 29, 2024
HomeGulfമരുഭൂമിയില്‍ ഇടയന്മാരോടൊപ്പം ഒരു പെരുന്നാളാഘോഷം

മരുഭൂമിയില്‍ ഇടയന്മാരോടൊപ്പം ഒരു പെരുന്നാളാഘോഷം

റിയാദ് : പുറംലോകവുമായി ബന്ധമില്ലാതെ ആട്ടിന്‍പറ്റങ്ങള്‍ക്കും ഒട്ടക കൂട്ടങ്ങള്‍ക്കുമൊപ്പം മരുഭൂമിയിലെ അവനവന്‍ തുരുത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇടയന്മാരുടെ ജീവിതങ്ങളില്‍ ആഘോഷ വര്‍ണങ്ങള്‍ വിതറി അവരെത്തി, ആഘോഷ പെരുന്നാളുമായി ഒരുകൂട്ടം മനുഷ്യസ്നേഹികള്‍…

ചെറിയ പെരുന്നാള്‍ ദിവസം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ പെരുന്നാള്‍ ആഘോഷം മരുഭൂമിയിലെ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയന്മാരോടൊപ്പമായിരുന്നു. റിയാദ് നഗരത്തില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ വൈകീട്ട് നാല് മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു.

സ്ത്രീകളും കുട്ടികളുമായി എത്തിയ സംഘം ഇടയന്മാര്‍ താമസിക്കുന്ന താമസസ്ഥലങ്ങള്‍, കൂടാരങ്ങള്‍, ഒട്ടകത്തിെന്‍റ ആലയങ്ങള്‍, ആട്ടിന്‍ കൂടുകള്‍ എന്നിവിടങ്ങളില്‍ ആരവം തീര്‍ത്തും മധുരം വിതരണം ചെയ്തും പെരുന്നാള്‍ സുദിനത്തെ ആഘോഷമാക്കി. പലയിനം ആടുകളുടെ കൂടെ ഫോട്ടോയും വീഡിയോയും എടുത്തും അവര്‍ ഓരോ നിമഷത്തെയും ആഹ്ലാദഭരിതമാക്കി.

കുട്ടികളും കുടുംബിനികളും മരുഭൂമിയില്‍ ആട്ടിടയ കൂട്ടങ്ങളെയും ഒട്ടകങ്ങളെയും കാണുകയും അവയെ തൊടുകയും കൂടെനിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും അവരോടൊപ്പം ചെലവഴിച്ചും പെരുന്നാള്‍ ആഘോഷം പൊടിപൊടിച്ചു.

കേക്ക് മുറിച്ച്‌ ആഘോഷത്തിന് തുടക്കം കുറിച്ചത് ഇടയനായ സുഡാനി അബ്ദുല്‍ സിദ്ദീഖും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്ബര്‍ മജീദ് ചിങ്ങോലിയും ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോടും ചേര്‍ന്നാണ്. പെരുന്നാള്‍ ദിന ആശംസകള്‍ നേര്‍ന്ന് റാഫി പാങ്ങോട് സംസാരിച്ചു. പെരുന്നാളായാലും മറ്റ് ആഘോഷ അവസരങ്ങളിലായാലും അതൊന്നും അറിയാതെയും അതിലൊന്നും കൂടാനാവാതെയും മരുഭൂമിയില്‍ എല്ലാ ദിവസവും പോലെ തള്ളിനീക്കുന്നവരാണ് ഇടയന്മാര്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് അവരുടെ ഉപജീവനം.

ഇതേപോലെയുള്ള വിശേഷ ദിവസങ്ങളില്‍ അവരെ കാണുകയും അവരോടൊപ്പം ആഹാരം പാചകം ചെയ്തു പരസ്പരം കഴിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുക എന്നത് ഏറ്റവും മനുഷ്യത്വ പ്രവൃത്തിയാണെന്ന് മജീദ് ചിങ്ങോലി പറഞ്ഞു. നഗരങ്ങളില്‍ ആഘോഷങ്ങളില്‍ മതിമറക്കുേമ്ബാള്‍ ഈ ഇടയ ജീവിതങ്ങളെ കുറിച്ചും നമ്മളോര്‍ക്കണമെന്നും ഇതുപോലൊരു ഒത്തുചേരലും ആഘോഷ പരിപാടിയും സംഘടിപ്പിക്കാനായതില്‍ മാതൃകാപരമാണ് ഇതെന്നും എഴുത്തുകാരി ഷഫീന പറഞ്ഞു.

ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സനില്‍കുമാര്‍, ബാബു, അഷ്റഫ് ചേലാമ്ബ്ര, സാദത്ത് കല്ലറ, നസീര്‍ കുന്നില്‍, ഷഫീന, മുന്ന, സുധീന കല്ലറ, മുഹമ്മദ് വസീം, മജീദ് ചിങ്ങോലി, സുബൈര്‍ കുമ്മിള്‍, സജീര്‍ പൂന്തുറ, ആമിന റാഫി, ഫയാസ്, അല്‍സാഫിയ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ ആഘോഷത്തിന് നേതൃത്വം നല്‍കാനെത്തി.

ഇടയന്മാരായ സുഡാനികളും തനത് അറബി പാട്ടുകള്‍ പാടിയും പരമ്ബരാഗത നൃത്തങ്ങള്‍ ആടിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ മലയാളികള്‍ മാപ്പിളപ്പാട്ടുകള്‍ പാടി ആഘോഷത്തിന് പൊലിമയേറ്റി. ഇടയന്മാര്‍ അവരുടെ ഇട്ടാവട്ടത്തെ പാചകപ്പുരയില്‍ ആട്ടിന്‍ ബിരിയാണി പാചകം ചെയ്തു തങ്ങളെ തേടി വന്നവരെ പെരുന്നാളൂട്ടി. നഗരത്തില്‍ നിന്ന് ചെന്നവര്‍ ഇടയന്മാര്‍ക്കായി പെരുന്നാള്‍ സമ്മാനങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. അത് ഇടയന്മാര്‍ക്ക് സമ്മാനിച്ചു.

കൊച്ചുകുട്ടികള്‍ കളിചിരികളുമായി തങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ഇടയന്മാരുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ തിളങ്ങി. അവര്‍ ആയിരം കാതങ്ങമകലെ തങ്ങളുടെ വീടുകളിലുള്ള സ്വന്തം മക്കളെ ഒരുവേള ഓര്‍ത്തുപോയിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular