Friday, April 19, 2024
HomeIndiaഭോപ്പാല്‍ ദുരന്തം, കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരതുക ഈടാക്കണമെന്ന ആവശ്യം...

ഭോപ്പാല്‍ ദുരന്തം, കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരതുക ഈടാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ഇരയായവരുടെ നഷ്ടപരിഹാരതുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.1984ലെ ദുരന്തത്തിന് കാരണക്കാരനായ അമേരിക്കന്‍ കെമിക്കല്‍ കമ്ബനിയായ യൂണിയന്‍ കാര്‍ബൈഡ‌ില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്.

ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേസ് വീണ്ടും പരിഗണിക്കണമെന്നും യൂണിയന്‍ കാര്‍‌ബൈഡിന്റെ പിന്തുടര്‍ച്ചക്കാരായ സ്ഥാപനത്തില്‍ നിന്ന് 7844 കോടി രൂപ അധികമായി നഷ്ടപരിഹാരം ഈടാക്കണമെന്നും ഇത് ദുരന്തത്തില്‍ ഇരയായവര്‍ക്ക് നല്‍കണമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1989ല്‍ കേസിന്റെ ഒത്തുതീര്‍പ്പ് നടന്ന സമയത്ത് ദുരന്തം മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാര്‍ത്ഥ നാശത്തിന്റെ വ്യാപ്തി ശരിയായി വിലയിരുത്താന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. വഞ്ചന ചൂണ്ടിക്കാട്ടി മാത്രമേ പഴയ ഒത്തുതീര്‍പ്പ് ഒഴിവാക്കാനാകൂവെന്നും എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രം വാദിച്ചില്ലെന്നും വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം വിഷയം ഉന്നയിക്കുന്നതില്‍ ഒരു യുക്തിയും കാണുന്നില്ല. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാരംനല്‍കുന്നത് തീര്‍പ്പാക്കാന്‍ ഉപയോഗിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

1989 മുതലുള്ള മൂല്യതകര്‍ച്ച നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമാകില്ലെന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ പിന്തുടര്‍ച്ചക്കാരെ പ്രതിനിധീകരിച്ച്‌ അഭിഭാഷകനായ ഹരീഷ് സാല്‍വ കോടതിയില്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പിന്റെ സമയത്ത് തുക അപര്യാപ്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞില്ല. 1989ലെ ഒത്തുതീര്‍പ്പില്‍ 715 കോടി രൂപ യൂണിയന്‍ കാര്‍ബൈഡ് നഷ്ടപരിഹാരം നല്‍കിയിരുന്നു.

1984 ഡിസംബ‌ര്‍ രണ്ടിനാണ് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് മാരകമായ മീതൈല്‍ ഐസോസിയാനേറ്റ് വാതകം ചോര്‍ന്നത്. 3000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട ദുരന്തം ലോകത്തിലെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തത്തില്‍ ഒന്നായാണ് വിലയിരുത്തുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് ദുരിതം അനുഭവിച്ചത്. യൂണിയന്‍ കാര്‍ബേഡിന്റെ അപ്പോഴത്തെ ചെയര്‍മാനായിരുന്ന വാരെന്‍ ആന്‍ഡേഴ്‌സണായിരുന്നു ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. എന്നാല്‍ വാരെന്‍ കോടതിയില്‍ ഹാജരായില്ല. 1992ല്‍ ഭോപ്പാല്‍ കോടതി വാരനെ ഒളിവില്‍പ്പോയതായി പ്രഖ്യാപിച്ചു. 2014ല്‍ വാരെന്‍ മരിക്കുന്നതിന് മുമ്ബ് രണ്ട് ജാമ്യമില്ലാ വാറണ്ടുകളും കോടതി പുറപ്പെടുവിച്ചിരുന്നു.

2010 ജൂണ്‍ 7ന് ഭോപ്പാല്‍ കോടതി യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഏഴ് എക്‌സിക്യൂട്ടീവുകളെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. തുടര്‍ന്ന് 2010 ഡിസംബറിലാണ് നഷ്ടപരിഹാരതുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം ക്യൂറേറ്റീവ് പെറ്റീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular