Tuesday, April 23, 2024
HomeGulfജി 20 ഉച്ചകോടി : തീവ്രവാദ ആശയങ്ങളെ ചെറുക്കും

ജി 20 ഉച്ചകോടി : തീവ്രവാദ ആശയങ്ങളെ ചെറുക്കും

റിയാദ് : ന്യൂഡല്‍ഹിയില്‍ നടന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്‍റെ രണ്ടാം സെഷനില്‍ സൗദി അറേബ്യയുടെ മുന്‍ഗണനാ സംരംഭങ്ങള്‍ ഓരോന്നായി എടുത്തുദ്ധരിച്ച്‌ വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല.

തീവ്രവാദ വിരുദ്ധത, ആഗോള നൈപുണ്യ സംഘാടനം, മാനുഷിക സഹായം, ദുരന്തനിവാരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സെഷനില്‍ സൗദി അറേബ്യ ഇക്കാര്യങ്ങളില്‍ നടപ്പാക്കിയ കാര്യങ്ങള്‍ മന്ത്രി എടുത്തുപറഞ്ഞു.

തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നതിനും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവര കൈമാറ്റം മെച്ചപ്പെടുത്തുന്നതിനും ഇതര രാജ്യങ്ങളുമായുണ്ടാക്കിയ ധാരണകള്‍ അദ്ദേഹം പരാമര്‍ശിച്ചു.

കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നല്‍കുക എന്നിവക്കെതിരെ പോരാടുന്നതിനും അവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സില്‍ (എഫ്‌.എ.ടി.എഫ്) രാജ്യം അംഗമാണ്. അന്താരാഷ്ട്ര സഹകരണത്തിലൂടെയും ഫലപ്രദമായ നിയമനിര്‍മാണത്തിലൂടെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കും.

സൗദി ദേശീയ സൈബര്‍ സുരക്ഷ അതോറിറ്റിയുടെ (എന്‍.സി.എ) ചട്ടക്കൂടിനുള്ളില്‍ സൈബര്‍ ആക്രമണങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക, സൈബര്‍ സുരക്ഷ മേഖലയില്‍ സ്ത്രീകളെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമാക്കി നിരവധി സംരംഭങ്ങള്‍ക്ക് രാജ്യം തുടക്കം കുറിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വിഷന്‍ 2030’ ന്‍റെ ഭാഗമായി ആരംഭിച്ച മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയെ കുറിച്ച്‌ മന്ത്രി വിശദീകരിച്ചു. ഇത് ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പൗരന്മാരെ സജ്ജരാക്കും. സിറിയയിലെയും തുര്‍ക്കിയയിലെയും ഭൂകമ്ബ ദുരന്തത്തിലുള്ള രാജ്യത്തിന്‍റെ ദ്രുത പ്രതികരണം, ആകാശ മാര്‍ഗേണയുള്ള ആളുകളുടെ അടിയന്തര കുടിയൊഴിപ്പിക്കല്‍, ഭൂകമ്ബ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സംഭാവന കാമ്ബയിന്‍ എന്നിവ ഉദ്ധരിച്ച്‌ ലോകമെമ്ബാടും മാനുഷികവും വികസനപരവുമായ സഹായം നല്‍കുന്നതില്‍ രാജ്യത്തിന്‍റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. ഉച്ചകോടിയുടെ രണ്ടാം സെഷന് മുമ്ബായി ചൈനീസ്, സ്പാനിഷ്, അര്‍ജന്‍റീനിയന്‍ മന്ത്രിമാരുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂടിക്കാഴ്ച നടത്തി.

ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും അവലോകനം ചെയ്തു. കൂടാതെ, പരസ്പര താല്‍പര്യമുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയായി. ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് ബിന്‍ ഈദ് അല്‍ ഹുസൈനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസുമായുള്ള ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയും ഇതില്‍ തങ്ങളുടെ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചചെയ്തു. അര്‍ജന്‍റീനിയന്‍ വിദേശകാര്യമന്ത്രി സാന്‍റിയാഗോ കഫീറോയുമായുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങളും പുതിയ അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയായി. അംബാസഡര്‍ അല്‍ ഹുസൈനിയെ കൂടാതെ വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ജനറലും അബ്ദുറഹ്മാന്‍ അല്‍ ദാവൂദും രണ്ടു കൂടിക്കാഴ്ചകളിലും സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular