Tuesday, April 16, 2024
HomeUSAപോരാട്ടം കഠിനം, നിക്കി ഹേലിക്കു പക്ഷെ തോറ്റു പിന്മാറിയ ചരിത്രമില്ല

പോരാട്ടം കഠിനം, നിക്കി ഹേലിക്കു പക്ഷെ തോറ്റു പിന്മാറിയ ചരിത്രമില്ല

എന്നും കടുത്ത പോരാട്ടങ്ങളിൽ ജയിച്ച ചരിത്രമേ നിമ്രത നിക്കി ഹേലിക്കു പറയാനുള്ളൂ. സൗത്ത് കരളിന നിയമസഭാംഗം, പിന്നെ ഗവർണർ സ്ഥാനം. ഡൊണാൾഡ് ട്രംപിനെ തോൽപിച്ചു 2024 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ഹേലിക്കു കഴിയുമോ എന്നു ചോദിക്കുമ്പോൾ ചൂണ്ടിക്കാട്ടാനുള്ളത് ആ വിജയങ്ങൾ തന്നെ.

യാഹൂ-യുവ്‌ഗോവ് പോളിങ്ങിൽ കഴിഞ്ഞ ആഴ്ച ട്രംപിനു പാർട്ടിയിലെ വിജയസാധ്യത 37% ആയിരുന്നു. ഹേലിക്കാവട്ടെ വെറും 5%. ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് 35% നേടി.

സ്ത്രീ ആയതു കൊണ്ട് ആരും തന്നെ ചെറുതായി കാണേണ്ട എന്നു ഹേലി പ്രഖ്യാപന ദിവസം തന്നെ ട്വീറ്റ് ചെയ്തു. “നിങ്ങൾ ഒരു കാര്യം എന്നെക്കുറിച്ചു മനസിലാക്കണം. ഞാൻ മുഠാളന്‍മാരെ ഭയപ്പെടുന്നില്ല. മറ്റൊന്ന്, ഞാൻ തിരിച്ചു ചവിട്ടിയാൽ മടമ്പുള്ള ചെരിപ്പിനു വേദന കൂടും.”

സൗത്ത് കരളിനയിൽ വെള്ളക്കാരിയല്ലാത്ത ആദ്യ ഗവർണർ, യുഎസ് ക്യാബിനറ്റിൽ ആദ്യത്തെ ഇന്ത്യൻ വംശജ എന്നീ നേട്ടങ്ങൾ തെല്ലും ചെറുതല്ല.

മത്സരത്തിന് ഇക്കുറി ഇറങ്ങും മുൻപ് ട്രംപിനെതിരെ ഇല്ല എന്നായിരുന്നു പറഞ്ഞത്. ഒടുവിൽ ഇറങ്ങിയപ്പോൾ അവർക്കുള്ള മെച്ചം ഡിസന്റിസിനെ പോലൊരു നേതാവ് ഇനിയും വന്നില്ല എന്നതാണ്. ദേശീയമായി, ശ്രദ്ധ ഇപ്പോൾ ഹേലിയിലാണ്.

നവ തലമുറയുടെ നേതാവെന്ന മെച്ചം ചെറുതല്ല. ട്രംപിനെക്കാൾ കാൽ നൂറ്റാണ്ടു പ്രായക്കുറവ് — 51. കഴിഞ്ഞ എട്ടു തിരഞ്ഞെടുപ്പുകളിൽ ഏഴിലും പാർട്ടിക്കു ജനകീയ വോട്ടുകൾ നഷ്ടമായത് നേതൃത്വ പിഴവായി ചൂണ്ടിക്കാട്ടാനും അവർ മറക്കുന്നില്ല.

റിപ്പബ്ലിക്കൻ പ്രൈമറികളിൽ മൂന്നാമത്തേതാണ് സൗത്ത് കരളിനയിൽ നടക്കുക. അവിടെ ജയിച്ചാൽ ഹേലിക്കു കുതിച്ചു ചാട്ടമാവും. ആഫ്രിക്കൻ അമേരിക്കൻ ടിം സ്കോട്ട് ഈ സംസ്ഥാനത്തു നിന്നു രംഗപ്രവേശം ചെയ്താൽ ഒരു വെല്ലുവിളിയുമുണ്ട്.

കമല ഹാരിസ് 2020ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ നിന്നു പിന്മാറിയത് പിന്തുണ 5% ആയി കുറഞ്ഞപ്പോഴാണ്. ഹേലി അഞ്ചിൽ നിന്നു പിടിച്ചു കയറണമെങ്കിൽ കടുത്ത പോരാട്ടം തന്നെ വേണം. ഹാരിസിനെ പോലെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി കലാശിക്കയും ചെയ്യാം.

പക്ഷെ ഹേലിയുടെ ലക്‌ഷ്യം പ്രസിഡന്റ് സ്ഥാനാർഥിയാവുക എന്നതു തന്നെയാണ്.

ക്യാപിറ്റോൾ കലാപത്തിൽ ട്രംപിനുള്ള പങ്കു പാർട്ടിയെ ബാധിച്ചുവെന്നു തുറന്നു പറയാൻ ഹേലി മടിച്ചിട്ടില്ല. 2020 തിരഞ്ഞെടുപ്പ് ജയിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം അവർ അംഗീകരിച്ചതുമില്ല. ട്രംപിനെതിരെ നിർഭയം പോരാടാൻ ഹേലിക്കു കഴിയുമെന്ന് അതൊക്കെ സൂചിപ്പിക്കുന്നു.

ഇന്ത്യൻ കുടിയേറ്റക്കാരുടെ മകൾ എന്നതിൽ അഭിമാനം കൊള്ളുന്ന ഹേലി അമേരിക്കയിൽ ജീവിക്കുന്നതിന്റെ സൗഭാഗ്യങ്ങളെ കുറിച്ചും സംസാരിക്കുന്നത് അഭിമാനത്തോടെയാണ്. സിക്ക് മതവിശ്വാസികളുടെ പുത്രി വിവാഹശേഷം ഭർത്താവിന്റെ മെത്തഡിസ്റ് സഭയിൽ ചേർന്നുവെങ്കിലും ഗുരുദ്വാരകളിൽ തുടർന്നും പോയിരുന്നു. ഇന്ത്യയിൽ ദമ്പതിമാർ സുവർണ ക്ഷേത്രത്തിലും പോയി.

ഇന്ത്യൻ അമേരിക്കൻ സമൂഹം മഹാഭൂരിപക്ഷവും ഡെമോക്രാറ്റിക് പാർട്ടിക്കൊപ്പമാണ്. ആ നിലയ്ക്കു സ്വന്തം സമൂഹത്തിന്റെ പിന്തുണ ഹേലി എത്രമാത്രം നേടുമെന്നതു ഇനിയും വിലയിരുത്തിയിട്ടില്ല. എന്തായാലും അവരുടെ രംഗപ്രവേശം ആ സമൂഹത്തിൽ ഓളങ്ങൾ ഉണർത്തി വിട്ടിട്ടുണ്ട്.

Hard fight for Nikki Haley, but she was never a loser

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular