Friday, April 19, 2024
HomeIndiaയെഡ്ഡിയുടെ പൂഴിക്കടകനില്‍ വിറച്ച്‌ ബിജെപി; കര്‍ണാടകയില്‍ ഇനിയെന്ത്? അങ്കലാപ്പില്‍ നേതൃത്വം

യെഡ്ഡിയുടെ പൂഴിക്കടകനില്‍ വിറച്ച്‌ ബിജെപി; കര്‍ണാടകയില്‍ ഇനിയെന്ത്? അങ്കലാപ്പില്‍ നേതൃത്വം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ കര്‍ണാടകയില്‍ തന്ത്രം മാറ്റിപിടിച്ചിരിക്കുകയാണ് ബി ജെ പി ദേശീയ നേതൃത്വം.

മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖനായ ലിംഗായത്ത് നേതാവുമായ ബി എസ് യെദ്യൂരപ്പയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേൃത്വം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അകല്‍ച്ചയിലാണ് യെഡ്ഡി. എന്നാല്‍ ഇനിയും യെഡ്ഡി അകല്‍ച്ച തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പാണെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

ലിംഗായത്ത് വോട്ട് ബാങ്ക് തന്നെയാണ് ബി ജെ പിയുടെ പ്രധാന ആശങ്ക. സംസ്ഥാനത്തെ പ്രബല വിഭാഗമായ സമുദായത്തിന് 17- മുതല്‍ 18 ശതമാനം വരെ വോട്ടുണ്ട്. ലിംഗായത്ത് വിഭാഗം ബി ജെ പിയെ ആണ് പിന്തുണച്ച്‌ പോന്നിരുന്നതെങ്കിലും സമുദായാംഗം കൂടിയായ യെഡിയൂരപ്പയെ മാറ്റി നിര്‍ത്താനുള്ള തീരുമാനം സമുദായത്തെ വളരെ അധികം ചൊടിപ്പിച്ചിരുന്നു. മാത്രമല്ല സംവരണം ആവശ്യപ്പെട്ടുള്ള സമുദായത്തിന്റെ ആവശ്യങ്ങളോടും ബി ജെ പി സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.

 ഇത്തവണ പഴയ മൈസൂര്‍ മേഖലയിലെ വൊക്കാലിഗ വോട്ടിലും ബി ജെ പി കണ്ണുവെയ്ക്കുന്നുണ്ട്. ശിക്കാരിപുരയില്‍ നിന്നുള്ള എം എല്‍ എയാണ് യെഡ്ഡിയെങ്കിലും പഴയ മൈസൂര്‍ മേഖലയിലെ മാണ്ഡ്യ സ്വദേശിയാണ് യെഡിയൂരപ്പ. അദ്ദേഹത്തിന് മേഖലയിലും സ്വാധീനം ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും യെഡിയൂരപ്പയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് നേതൃത്വം കരുതുന്നുണ്ട്.

 അദ്ദേഹത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് നേരത്തേ പാര്‍ട്ടിയുടെ ഉന്നാതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ യെഡിയൂരപ്പയെ നേതൃത്വം ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതുകൊണ്ടൊന്നും യെഡിയൂരപ്പ മെരുങ്ങിയിട്ടില്ല. അധികാരം ലഭിച്ചാല്‍ തന്റെ മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ ബിവൈ വിജേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന ഉറപ്പാണ് നേതൃത്വത്തില്‍ നിന്നും യെഡ്ഡി തേടുന്നത്.

 കര്‍ണാടക ബി ജെ പിയില്‍ വൈസ് പ്രസിഡന്റ് ആണ് വിജേന്ദ്ര.യുവാക്കള്‍ക്കിടയിലും വലിയ സ്വീകാര്യത വിജേന്ദ്രയ്കുണ്ട്. ‘അച്ഛന്റെ രാഷ്ട്രീയ പാരമ്ബര്യം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിവുള്ള ആളായാണ് വിജയേന്ദ്രയെ ഉറ്റുനോക്കപ്പെടുന്നത്. പ്രാദേശിക തലത്തില്‍ നിന്നും വലിയ സ്വീകാര്യതയാണ് വിജേന്ദ്രയ്ക്ക് ലഭിക്കുന്നത്. ഇനി തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കയറുക മാത്രമാണ് വിജേന്ദ്രയ്ക്ക് മുന്നിലുള്ള കടമ്ബ’, യെഡ്യൂരപ്പയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയില്‍ സംസ്ഥാനത്ത് 80 -85 സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ തിരിച്ചടിക്ക് പിന്നാലെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുള്ള ഏക സംസ്ഥാനം നഷ്ടപെടുന്നത് ബി ജെ പിക്ക് വലിയ തിരിച്ചടിയാകും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലയിലാണ് നിയമസഭ തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തപ്പെടുന്നത് എന്നതിനാല്‍ തന്നെ ഇത് പ്രവര്‍ത്തകരുടെ ഊര്‍ജം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും പ്രതിപക്ഷ ഐക്യത്തിന് വീണ്ടും കളമൊരുങ്ങുമെന്ന ആശങ്കയും ബി ജെ പിക്കുണ്ട്.

 അതിനാല്‍ കര്‍ണാടകം പിടിക്കാന്‍ യെഡ്ഡിയുടെ ആവശ്യത്തിന് മുന്‍പില്‍ വഴങ്ങാന്‍ നേതൃത്വം തയ്യാറാകുമോയെന്നതാണ് ചോദ്യം. എന്നാല്‍ കുടുംബ പാര്‍ട്ടിയെന്ന് നാഴിക്ക് നാല്‍പ്പത് വട്ടം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ബി ജെ പിക്ക് യെഡ്ഡിയൂടെ മകനെ ഉപമുഖ്യനാക്കിയാല്‍ വരുത്തിയേക്കാവുന്ന ക്ഷീണം ചെറുതല്ല. അത്തരമൊരു നീക്കം തീര്‍ത്തും തെറ്റായ സന്ദേശമാകും നല്‍കുകയെന്നും ബി ജെ പി ആശങ്കപ്പെടുന്നുണ്ട്. ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും ഇത്തവണ കര്‍’നാടകം’ ഞാണിന്‍മേല്‍ കളി തന്നെയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular