Connect with us
Malayali Express

Malayali Express

കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ ജാഗ്രതൈ!; ഏഴുവര്‍ഷംവരെ തടവ്

HEALTH

കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ ജാഗ്രതൈ!; ഏഴുവര്‍ഷംവരെ തടവ്

Published

on

കണ്ണൂര്‍ : ബീഡിയോ സിഗരറ്റോ വാങ്ങാന്‍ കുട്ടികളെ അയക്കുന്നവരും കുട്ടികളുടെ കൈയില്‍ അത് കൊടുത്തയക്കുന്നവരും അവര്‍ക്കത് വില്‍ക്കുന്നവരും ജാഗ്രതൈ. ഏഴുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ബാലനീതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തില്‍ വരുന്നതോടെയാണിത്. മദ്യം, മയക്കുമരുന്ന്, പുകയില ഉത്‌പന്നങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് വില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ച്‌ കൈമാറുകയോ വില്‍പ്പനനടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം.

കേന്ദ്രസര്‍ക്കാര്‍ ഭേദഗതിവരുത്തിയ ബാലനീതിനിയമത്തിലെ 77, 78 വകുപ്പുകളാണ് ഏഴുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയിടാവുന്നതുമായ കുറ്റമാണിതെന്ന് വ്യക്തമാക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും നടപടി സ്വീകരിക്കാനും എക്സൈസ് വകുപ്പ് സര്‍ക്കാരിന്റെ അനുമതിതേടി. ഇതനുസരിച്ച്‌ കേസെടുത്താല്‍ കുട്ടികളെ ഉപയോഗിച്ചുള്ള ലഹരികടത്തും കുട്ടികളുടെ ലഹരി ഉപയോഗവും വലിയൊരളവോളം തടയാനാകുമെന്നാണ് കരുതുന്നത്. കേന്ദ്രനിയമം സംസ്ഥാനങ്ങള്‍ക്കെല്ലാം ബാധകമായതിനാല്‍ ഇവിടെ പ്രത്യേക ചട്ടം ഉണ്ടാക്കാതെ ഇത് പ്രയോഗിക്കാനാവും. കേരളത്തിലെ ബാലാവകാശനിയമത്തിന്റെ ഭാഗമായി കേന്ദ്ര നിയമത്തിനനുസൃതമായ ചട്ടങ്ങള്‍ തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുമുണ്ട്.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയിലെ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെങ്കിലും ശിക്ഷ നിസ്സാരമാണ്. 200 രൂപ പിഴചുമത്തി വിടുന്നതിനാല്‍ സ്കൂള്‍ പരിസരങ്ങളിലും പുകയില ഉത്‌പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണ്.

Continue Reading

Latest News