Thursday, April 25, 2024
HomeIndiaഗുജറാത്തില്‍ ബിജെപി വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്

ഗുജറാത്തില്‍ ബിജെപി വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്.

എക്‌സിറ്റ് പോളുകള്‍ക്ക് എക്‌സിറ്റാവാനുള്ള സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രക്കിടെ കനയ്യകുമാറിനോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍.

‘എക്‌സിറ്റ് പോളുകള്‍ക്ക് എക്‌സിറ്റാവാനുള്ള സമയമാണിത്. എക്‌സിറ്റ് പോളുകളില്‍ ഉപയോഗിക്കുന്ന ചോദ്യങ്ങള്‍ ശരിയല്ലാത്തതാണ്. ആരുടെ സ്വാധീനത്താല്‍, ആരാണ് ഈ പോളുകള്‍ നടത്തുന്നതെന്നും, എന്തിനാണ് ഇവ നടത്തുന്നതെന്നും ഞങ്ങള്‍ക്ക് അറിയാം. ഞാന്‍ ഈ എക്‌സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ല’, ജയ്‌റാം രമേശ് പറഞ്ഞു.

‘ഗുജറാത്തില്‍ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഞാന്‍ പറയുന്നു. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ നിര്‍ജീവമായിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിലെ ജനങ്ങളും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.’, കനയ്യകുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ ഏഴാം തവണയും ബിജെപി കേവല ഭൂരിപക്ഷം തേടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 16-51 സീറ്റുകളാണ് പ്രവചിക്കുന്നത്. 2-13 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിക്കും പ്രവചിക്കുന്നു.

ന്യൂസ്24-ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോളാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 150 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. ടിവി9-ഭാരത്‌വര്‍ഷ് എക്‌സിറ്റ് പോളാണ് ബിജെപിക്ക് കുറഞ്ഞ സീറ്റുകള്‍ പ്രവചിക്കുന്നത്. 125-130 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് അവരുടെ ഫലം. 182 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 92 സീറ്റുകള്‍ ലഭിക്കണം. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടത്തിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ എട്ടിനാണ് ഫലം പുറത്ത് വരിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular