Friday, March 29, 2024
HomeIndiaകര്‍ണാടകത്തിലെ സ്വകാര്യ ഏജന്‍സി ബിജെപിയ്ക്കുവേണ്ടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്

കര്‍ണാടകത്തിലെ സ്വകാര്യ ഏജന്‍സി ബിജെപിയ്ക്കുവേണ്ടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്

ബെംഗളുരുവില്‍ സ്വകാര്യ ഏജന്‍സിയുടെ മറവില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സംഭവം വോട്ടര്‍മാരുടെ സ്വകാര്യത ലംഘനമാണെന്ന് ആരോപിച്ച്‌ നിരവധി രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്റുമാര്‍ എന്ന രീതിയിലെത്തിയാണ് ഒരു സ്വകാര്യ ഏജന്‍സി സമ്മതിദായകരുടെ വിവരങ്ങള്‍ ശേഖരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ പ്രവര്‍ത്തിയെന്നും വോട്ടര്‍മാരുടെ വിവരങ്ങള്‍ കര്‍ണ്ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യത്തിനായി ദുരുപയോഗം ചെയ്തുവെന്നുമാണ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം. വിവാദവുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും മുന്നോട്ട് വെയ്ക്കുന്ന വിമര്‍ശനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദ ന്യൂസ് മിനിറ്റും കന്നഡ പ്രാദേശിക പ്രസിദ്ധീകരണമായ പ്രതിധ്വനിയും നടത്തിയ അന്വേഷണമനുസരിച്ച്‌, ബംഗളൂരു സിവില്‍ ബോഡിയായ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിതര സ്ഥാപനമായ ചിലുമേ എജ്യുക്കേഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി. തെരഞ്ഞെടുപ്പ് അവബോധമുണ്ടാക്കാനായി വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് ഈ എന്‍ജിഒയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ എന്‍ജിഒ സര്‍ക്കാര്‍ ഉത്തരവ് മാനിക്കാതെ പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. എന്‍ജിഒ പ്രതിനിധികളെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്ന നിലയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയെന്നാണ് ബിബിഎംപി അന്വേഷണത്തില്‍ തെളിഞ്ഞത്.

എന്‍ജിഒ പ്രതിനിധികള്‍ വോട്ടര്‍മാരില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജാതി, മതം, മാതൃഭാഷ, ലിംഗം എന്നീ വിവരങ്ങളാണ് ശേഖരിച്ചത്. ആധാര്‍, ഫോണ്‍ നമ്ബര്‍ എന്നിവയും ശേഖരിച്ച വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.

വോട്ടര്‍മാരില്‍ നിന്ന് ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍ക്ക് വന്‍ വിപണിമൂല്യമാണുള്ളത്. സ്വകാര്യ സ്ഥാപനങ്ങള്‍ അവ വന്‍ വിലയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വില്‍ക്കാന്‍ കഴിയും.

ഈ വിവരങ്ങള്‍ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ലാഭത്തിനായി ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വിവരശേഖരണം നടത്തിയ എന്‍ജിഒയുമായി ബിജെപി നേതാവായ സി എന്‍ അശ്വത്‌നാരായണയ്ക്ക് ബന്ധമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. വോട്ടര്‍പ്പട്ടികയില്‍ നിന്ന് നിരവധി പേരുകള്‍ ഒഴിവാക്കിയെന്നും ബിജെപിയെ ഭരണത്തിലേറാന്‍ ഇതാണ് സഹായിച്ചതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

എങ്ങനെയാണ് ഒരു സ്വകാര്യ ഏജന്‍സിയ്ക്ക് ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനുള്ള കരാര്‍ ലഭിച്ചത്? ആ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന നിലയില്‍ എത്തി വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചത് എന്തിനാണ്? കോണ്‍ഗ്രസ് നേതാവായ രണ്‍ദീപ് സുര്‍ജേല ചോദിച്ചു.

വിവാദം കൊടുമ്ബിരിക്കൊണ്ടിരിക്കെ കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ബംഗളുരു നഗരകാര്യ വകുപ്പ് മന്ത്രി കൂടിയാണ് അദ്ദേഹം. ഈ നിയമവിരുദ്ധതയ്ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും സുര്‍ജേല പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്‌ കര്‍ണ്ണാടക സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. സമ്മതിദായകരുടെ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പ് തങ്ങള്‍ക്കനുകൂലമായി വരാന്‍ പ്രവര്‍ത്തിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാദത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ചിലുമെ എന്‍ജിഒയ്ക്ക് നല്‍കിയ അനുമതി പിന്‍വലിച്ചതായി ബിബിഎംപി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അവര്‍ ശേഖരിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായി കണ്ടെടുക്കാനായിട്ടില്ലെന്നാണ് പുറത്തവരുന്ന വിവരം.

വീടുകള്‍ തോറും പോയി തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിലുമെ എന്‍ജിഒയെ നിയമിച്ചത്. എന്നാല്‍ പിന്നീടാണ് ഇവര്‍ നിയമലംഘനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ബിബിഎംപി ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘വ്യക്തിഗത വിവരങ്ങള്‍ ഈ എന്‍ജിഒ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പറയരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിലും ഇവര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എന്‍ജിഒയ്ക്ക് നല്‍കിയ അനുമതി ഞങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്,’ ബിബിഎംപി കമ്മീഷണര്‍ തുഷാര്‍ ഗിരി നാഥ് അറിയിച്ചു.

അതേസമയം വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. 2013മുതല്‍ ഉള്ള വിവരശേഖരണ ഏജന്‍സികളെ അന്വേഷണപരിധിയിലാക്കിയാകും പരിശോധനകള്‍ നടക്കുക.

അതേസമയം കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മറുപടി നല്‍കി. 2013 മുതല്‍ 2018 വരെ നടത്തിയ പല സര്‍വ്വേകള്‍ക്കും അന്ന് കര്‍ണ്ണാടക ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വവും സമീപിച്ചത് ഇതേ ഏജന്‍സിയെയായിരുന്നുവെന്നും അക്കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വോട്ടര്‍മാരുടെ വ്യക്തഗത വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണ്ണാടക ബിബിഎംപി നേതൃത്വം ഉത്തരവിട്ടിട്ടില്ലെന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എന്‍ജിഒയ്ക്ക് നല്‍കിയ അനുമതി പിന്‍വലിച്ചുവെന്നും കര്‍ണ്ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ് കുമാര്‍ മീണ പറഞ്ഞു.

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ചിലുമെ എന്‍ജിഒയുടെ മൂന്ന് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എച്ച്‌.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ധരേഷ്, ഡയറക്ടര്‍മാരില്‍ ഒരാളായ രേണുക പ്രസാദ്, സ്ഥാപക ഡയറക്ടര്‍മാരിലൊരാളുടെ സഹോദരനായ കൃഷ്ണപ്പ രവികുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular