Thursday, April 25, 2024
HomeIndiaമോര്‍ബി പാലം ദുരന്തം; വൈകുന്നേരത്തിനകം മറുപടി നല്‍കാന്‍ മുനിസിപാലിറ്റിക്ക് കോടതിയുടെ മുന്നറിയിപ്പ്

മോര്‍ബി പാലം ദുരന്തം; വൈകുന്നേരത്തിനകം മറുപടി നല്‍കാന്‍ മുനിസിപാലിറ്റിക്ക് കോടതിയുടെ മുന്നറിയിപ്പ്

ഹമ്മദാബാദ്: ഒക്ടോബര്‍ 30ന് മോര്‍ബിയിലെ പാലം തകര്‍ന്ന് 140 പേര്‍ മരിച്ച സംഭവത്തില്‍ മോര്‍ബി മുനിസിപാലിറ്റിക്ക് ഗുജറാത്ത് ഹൈകോടതിയുടെ മുന്നറിയിപ്പ്.

വൈകുന്നേരത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ദുരന്തവുമായി ബന്ധപ്പെട്ട് കോടതി അയച്ച രണ്ട് നോട്ടീസുകളിലും മുനിസിപാലിറ്റി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുനിസിപാലിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതാണ് മറുപടി നല്‍കാന്‍ പറ്റാതെ വന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു. ‘ഡെപ്യൂട്ടി കലക്ടര്‍ക്ക് നോട്ടീസ് അയക്കേണ്ടതിന് പകരം നവംബര്‍ ഒന്‍പതിന് മുനിസിപാലിറ്റിക്കാണ് നോട്ടീസ് നല്‍കിയത്. അതിനാലാണ് കോടതിയില്‍ ഹാജരാകാന്‍ കാലതാമസം വന്നത്’- അഭിഭാഷകന്‍ പറഞ്ഞു.

സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരാണ് കേസ് പരിഗണിക്കുന്നത്. കോടതി പരാമര്‍ശം കണക്കിലെടുത്ത് വൈകുന്നേരത്തിനകം നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

150 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ നല്‍കിയ രീതിയെക്കുറിച്ച്‌ ചൊവ്വാഴ്ച കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കരാര്‍ നല്‍കിയതില്‍ മുനിസിപ്പാലിറ്റി വീഴ്ച വരുത്തിയതിന്‍റെ ഭാഗമായി 135 പേര്‍ കൊല്ലപ്പെട്ടെന്ന് കോടതി പറഞ്ഞു. പാലത്തിന്റെ ഫിറ്റ്‌നസ് പരിശോധന കരാറിന്റെ ഭാഗമായിരുന്നോയെന്നും സംഭവത്തിന് ഉത്തരവാദി ആരാണെന്ന് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. പ്രധാന ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തതിന് കാരണം കാണിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പോലുമില്ലാതെയാണ് പദ്ധതിക്ക് പണം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് ടെന്‍ഡര്‍ നടപടികള്‍ ചെയ്യാതിരുന്നതെന്ന് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചീഫ് സെക്രട്ടറിയോട് ചോദിച്ചു. പിന്നീട് കേസ് കേള്‍ക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular