Friday, March 29, 2024
HomeIndia'തീറ്റിപ്പോറ്റുന്നവര്‍ തെരുവു നായ്ക്കളെ ദത്തെടുക്കണം'; ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതി സ്‌റ്റേ

‘തീറ്റിപ്പോറ്റുന്നവര്‍ തെരുവു നായ്ക്കളെ ദത്തെടുക്കണം’; ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

നായ്ക്കള്‍ക്കു തെരുവില്‍ ഭക്ഷണം നല്‍കുന്നതു തടഞ്ഞ ഉത്തരവില്‍ തുടര്‍ നടപടികളെടുക്കുന്നത് ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ജെകെ മഹേശ്വരി എന്നിവര്‍ തടഞ്ഞു.

ഹൈക്കോടതി ഉത്തരവിനെതിരെ മൃഗസ്‌നേഹികളുടെ സംഘടന നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി നടപടി. തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാവുന്ന ഇടങ്ങള്‍ അടയാളപ്പെടുത്താന്‍ നാഗ്പുര്‍ നഗരസഭയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ഇങ്ങനെ സ്ഥലങ്ങള്‍ കണ്ടെത്തുന്നതുവരെ പൊതു ശല്യമാവാത്ത വിധം അവയെ തീറ്റിപ്പോറ്റുന്നതിനു മുന്‍സിപ്പല്‍ അധികൃതര്‍ മാര്‍ഗം ആവിഷ്‌കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതു ശല്യമാവാത്ത വിധത്തില്‍ വേണം ജനങ്ങള്‍ തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാനെന്ന് കോടതി പറഞ്ഞു.

തെരുവു നായ്ക്കളെ ഇഷ്ടപ്പെടുകയും അവയ്ക്കു ഭക്ഷണം നല്‍കുകയും ചെയ്യുന്ന ആളുകള്‍ ഇത്രയധികം ഉണ്ടെങ്കില്‍ അവര്‍ അവയെ ദത്തെടുക്കുകയാണ് വേണ്ടത് എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഒന്നുകില്‍ അവയെ വീട്ടില്‍ കൊണ്ടുപോവുകയോ അല്ലെങ്കില്‍ ഡോഗ് ഷെല്‍ട്ടറുകളില്‍ ആക്കുകയോ വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular