Connect with us
Malayali Express

Malayali Express

അറബ് നാടിനെ വീണ്ടും ആശങ്കയിലാഴ്‌ത്തി കനത്ത മഴ;പ്രളയത്തില്‍ ഏറെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്

GULF

അറബ് നാടിനെ വീണ്ടും ആശങ്കയിലാഴ്‌ത്തി കനത്ത മഴ;പ്രളയത്തില്‍ ഏറെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്

Published

on

മക്ക: അറബ് നാടിനെ വീണ്ടും ആശങ്കയിലാഴ്‌ത്തി കനത്ത മഴ. ഇതിനു പിന്നാലെ ഇവിടെയുണ്ടായ പ്രളയത്തില്‍ ഏറെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത മഴപെയ്‌തൊഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സൗദി പ്രളയ ഭീഷണി നേരിടുന്നത്. ഏകദേശം രണ്ടാഴ്‌ച്ചകള്‍ക്ക് മുന്‍പുണ്ടായ പ്രളയത്തില്‍ 35 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മക്ക വാദി ലെയ്ത്തില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ ലോറിക്കു മുകളില്‍ കുടുങ്ങിയിരുന്നു. ഇവരെ സേന ഹെലിക്കോപ്റ്ററിലെത്തിയാണ് രക്ഷപെടുത്തിയത്. സമാനമായ രീതിയില്‍ അപകടത്തില്‍പെട്ട 16 പേരെയാണ് സേന രക്ഷപെടുത്തിയത്. സൗദിയിലെ മക്ക, ജിദ്ദ, ജിസാന്‍, അല്‍ഖസീം, ബുറൈദ എന്നിവിടങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്.

മഴയുടെ കാഠിന്യം കുറയാത്തതിനാല്‍ ഹറം പള്ളിയിലേക്കുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു മുന്നറിയിപ്പ്. രണ്ടു ദിവസത്തിനിടെയുള്ള മഴയില്‍ ആര്‍ക്കും മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗദിയില്‍ ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയപ്പ് നല്‍കിയിരുന്നു. ഇവിടത്തെ കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയായിരുന്നു. മിക്കസ്ഥലങ്ങളിലും ഇതേ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി.

ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴയെത്തിയത്. പടിഞ്ഞാറന്‍ ഭാഗങ്ങളായ ജിദ്ദ, മക്ക തുടങ്ങിയ ഭാഗങ്ങളില്‍ മഴ നിറുത്താതെ പെയ്യുകയാണ്. റിയാദിലും സമീപ പ്രദേശങ്ങളിലും മഴ കുറവായിരുന്നെങ്കിലും പിന്നീട് ശക്തി പ്രാപിച്ചു.

ഇപ്രാവശ്യം ഏറ്റവും ശക്തമായ മഴ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായിരിക്കും വര്‍ഷിക്കുക. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കിടെ രാജ്യത്ത് പരക്കെ നല്ല മഴയാണ് ലഭിച്ചത്.

കഴിഞ്ഞ ആഴ്‌ച്ചകളില്‍ ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 28 സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതായി ജിദ്ദ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. രണ്ടു സ്ഥലങ്ങളില്‍ ഇലക്‌ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി. 36 പേര്‍ക്കു ഷോക്കേറ്റതായും റിപ്പോര്‍ട്ട് വന്നിരുന്നു.

യാമ്ബുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ 12 കുടുംബങ്ങളെയാണ് ദൗത്യസേന രക്ഷിച്ചത്. മദീനയില്‍ റോഡിലേക്കു പാറക്കല്ലുകള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് ഏതാനും റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിവിധ പ്രദേശങ്ങളിലെ താഴ്‌വാരങ്ങളും മറ്റും വെള്ളത്തിനടിയിലായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അല്‍ഫഖ്റ പര്‍വതത്തിലേക്കുള്ള റോഡ് അടച്ചിട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

രണ്ടാഴ്‌ച്ചകള്‍ക്ക് മുന്‍പ് വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷകെടുതിയില്‍ മുപ്പത്തിയഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. വിവിധയിടങ്ങളിലുണ്ടായ വെള്ളകെട്ടുകളിലും, വെള്ളപാച്ചിലുകളിലും നിരവധി റോഡുകളും വാഹനങ്ങളും ഒലിച്ചു പോയി. ഇത് മുഖേന മില്യണ്‍ കണക്കിന് റിയാലിന്റെ നഷടമാണ് സൗദിയിലുണ്ടായിരിക്കുന്നത്.

Continue Reading

Latest News