Thursday, April 18, 2024
HomeUSAസൗദി ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാവാം എന്നു ബൈഡൻ

സൗദി ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാവാം എന്നു ബൈഡൻ

സൗദി അറേബ്യയുമായുള്ള ബന്ധങ്ങൾ പുനരവലോകനം ചെയ്യേണ്ട സമയമായി എന്നു പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ സഖ്യത്തിലേക്കു സൗദി അറേബ്യ നീങ്ങുന്നു എന്ന സൂചനകൾക്കിടയിലാണ് സി എൻ എന്റെ ജേക് ടാപ്പറുടെ ചോദ്യത്തിനു മറുപടിയായി ബൈഡൻ ഇങ്ങിനെ പറഞ്ഞത്.

എന്തു നടപടിയാണ് ആലോചിക്കുന്നതെന്നു പറയാൻ ബൈഡൻ തയാറായില്ല. പക്ഷെ അദ്ദേഹം വ്യക്തമാക്കി: “പ്രത്യാഘാതങ്ങൾ ഉണ്ടാവും, തീർച്ചയായും ഉണ്ടാവും.”

റഷ്യയും സൗദിയും നേതൃത്വം നൽകുന്ന ഒപെക് പ്ലസ് എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ സൗദിയുമായുള്ള യുഎസ് സൗഹൃദത്തിനു വിലയില്ലെന്ന വിമർശനം ഉയർന്നിരുന്നു. സൗദിയോടു ചേർന്നു നിൽക്കുന്ന യു എ ഇയുടെ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നു റഷ്യയിൽ സന്ദർശനത്തിന് എത്തുന്നതു ബന്ധപ്പെട്ട മറ്റൊരു സംഭവവികാസമാണ്.

റിയാദുമായുള്ള ബന്ധങ്ങൾ പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിനു ബൈഡൻ പ്രതികരിച്ചത് “യെസ്” എന്നാണ്. എന്നാൽ എണ്ണയുമായി ബന്ധപ്പെട്ടല്ല താൻ ജൂലൈയിൽ സൗദിയിൽ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യാവകാശ ലംഘനവും കൊലപാതക കുറ്റവും ആരോപിക്കപ്പെടുന്ന സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനെ കാണുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

ഇസ്രയേലി വിമാനങ്ങൾ സൗദി വ്യോമാതിർത്തിയിൽ കടക്കാൻ പാടില്ല എന്ന വ്യവസ്ഥ സൗദി നീക്കം ചെയ്തുവെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. ലെബനനും ഇസ്രയേലും തമ്മിൽ ഉണ്ടായിരുന്ന സമുദ്രാതിർത്തി തർക്കം തീർത്തു. ഇതിലൊക്കെ തന്റെ ഭരണകൂടത്തിനു പങ്കുണ്ടെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. അതിനു പുറമെ ഇറാന്റെ ആക്രമണത്തിൽ നിന്നു ഗൾഫിനു എങ്ങിനെ സംരക്ഷണം നൽകാം എന്ന കാര്യത്തിലും നടപടികൾ ഉണ്ടായി.

പുട്ടിനെ കാണില്ല 

ഇന്തോനേഷ്യയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലദീമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശമില്ലെന്നു ബൈഡൻ പറഞ്ഞു. “ഗ്രൈനറുടെ മോചനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞാൽ ഞാൻ സംസാരിക്കും.” ലഹരിമരുന്നു കടത്തി എന്ന കുറ്റം ആരോപിച്ചു റഷ്യ ജയിലിൽ അടച്ച യുഎസ് ബാസ്കറ്റ്ബാൾ താരത്തെ പരാമർശിച്ചാണ് ബൈഡൻ അതു പറഞ്ഞത്.

മാന്ദ്യം ഉണ്ടാവില്ല 

യുഎസിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങിനെ ആയിരുന്നു: “ഇല്ല, ഇതു വരെ ഉണ്ടായിട്ടുമില്ല. ഞാനതു പ്രതീക്ഷിക്കുന്നില്ല. ഉണ്ടായാൽ തന്നെ അത് വളരെ ചെറിയ തോതിൽ ആവും.”

ട്രംപിനെ തോൽപിക്കും 

ഡൊണാൾഡ് ട്രംപുമായി 2024ൽ വീണ്ടും ഏറ്റുമുട്ടിയാൽ വീണ്ടും വിജയിക്കുമെന്നു ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മത്സരിക്കുമോ എന്നത് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രമേ തീരുമാനിക്കൂ.

ബൈഡന്റെ ജോലിയിലെ മികവിനുള്ള അംഗീകാരം ഉയർന്നു കൊണ്ടിരിക്കയാണ്. ഇപ്പോൾ അത് 44% വരെ എത്തി. ഓഗസ്റ്റിൽ വോൾ സ്ട്രീറ്റ് ജേണൽ നടത്തിയ പോളിങ്ങിൽ ബൈഡനു ട്രംപിനെതിരെ 6 പോയിന്റ് ലീഡ് കണ്ടു — 50-44. എന്നാൽ 2024 ൽ 81 വയസാവുന്ന ബൈഡനോടും 78 ആവുന്ന ട്രംപിനോടും അതു കൊണ്ടു തന്നെ ഒട്ടേറെപ്പേർക്ക് എതിർപ്പുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular