Tuesday, April 23, 2024
HomeUSAദാര്യ ദുഗിനയുടെ മരണം: റഷ്യൻ 'സിനിമാ കഥയെ' യുക്രൈൻ ചിരിച്ചു തള്ളുന്നു

ദാര്യ ദുഗിനയുടെ മരണം: റഷ്യൻ ‘സിനിമാ കഥയെ’ യുക്രൈൻ ചിരിച്ചു തള്ളുന്നു

റഷ്യൻ പ്രസിഡന്റ് വ്ലദീമിർ പുട്ടിന്റെ വലം കൈയ്യായ രാഷ്ട്രീയ ഉപദേഷ്ടാവ് അലക്സാണ്ടർ ദുഗിന്റെ പുത്രി ദാര്യ ദുഗിനയെ വധിച്ചത് യുക്രൈനിയൻ ചാരവനിത ആണെന്ന റഷ്യൻ കഥ യുക്രൈൻ തള്ളി. ജെയിംസ് ബോണ്ട് നായിക ഓൾഗ കുറിലെങ്കോയുടെ നാട്ടുകാരി ചാര സിനിമകളിൽ കാണുന്ന പോലെ അതിനാടകീയമായി വേഷവും വാഹനങ്ങളും മാറി കൊല നടത്തി എന്ന കഥയിൽ സത്യത്തിന്റെ അംശം പോലുമില്ലെന്ന് യുക്രൈൻ ചിരിച്ചു തള്ളുന്നു.

റഷ്യ പറയുന്ന കഥ ഇങ്ങിനെയാണ്‌: നടാലിയാ വോക് എന്ന 43 കാരി അതിർത്തി കടന്നത് 12 വയസുള്ള മകളോടൊപ്പമാണ്. റഷ്യ സമീപ രാജ്യങ്ങളൊക്കെ പിടിച്ചടക്കണം എന്ന് പുട്ടിനെ ഉപദേശിക്കുന്ന അലക്സാണ്ടർ ദുഗിൻ ആയിരുന്നു ലക്‌ഷ്യം. എന്നാൽ അദ്ദേഹം മറ്റൊരു കാറിൽ കയറിയത് കൊണ്ടു ദാര്യ മാത്രമേ ബോംബ് ഇരുന്ന കാറിൽ ഇരയാവാൻ ഉണ്ടായുള്ളൂ.

വില പിടിച്ച മിനി കൂപ്പർ കാറിൽ ആണ് വോക് എത്തിയതെന്ന് റഷ്യൻ ചാരസംഘടന എഫ് എസ് ബി പറയുന്നു. യുദ്ധം നടക്കുന്ന ഡോൻസ്‌ക് മേഖലയിൽ നിന്നുള്ള അഭയാർത്ഥികളാണ് എന്ന ഭാവത്തിലാണത്രെ മിനി കൂപ്പർ സഞ്ചാരികൾ അതിർത്തി കടന്നത്.

വോക് ആണെന്നു എഫ് എസ് ബി പറയുന്ന വനിത കാറിന്റെ ബോണറ്റ് അടയ്ക്കുന്നതും അതിർത്തി സൈനികരോട് കൈവീശി യാത്ര പറയുന്നതുമായ വീഡിയോ റഷ്യ ഇറക്കിയിട്ടുണ്ട്. ജൂലൈ 23 നു എടുത്ത ദൃശ്യങ്ങളാണ് ഇവയെന്ന് ഡെയിലി മെയിൽ പറയുന്നു. പിന്നീട് കാട്ടുന്ന ദൃശ്യങ്ങളിൽ ‘വോക്’ തലമുടിയുടെ നിറം മാറ്റിയിട്ടുണ്ട്.

അവർ മോസ്കോയിൽ ദാര്യയുടെ വീഡിനടുത്തു ഫ്ലാറ്റ് എടുത്തു കുറെ ദിവസം നിരീക്ഷണം നടത്തി എന്നാണ് എഫ് എസ് ബി പറയുന്നത്. ശനിയാഴ്ച മോസ്കോയ്ക്കടുത്തു അലക്സാണ്ടർ ദുഗിനും പുത്രിയും പങ്കെടുത്ത ഉത്സവത്തിൽ വോക്കും പങ്കെടുത്തു. പത്രപ്രവർത്തകയായ ദാര്യ അവിടന്ന് ടൊയോട്ട ലാൻഡ് ക്രൂസർ കാറിലാണ് പുറപ്പെട്ടത്. ഒരു മണിക്കൂർ കഴിഞ്ഞു ബോംബ് പൊട്ടി.

ഡ്രൈവിംഗ് സീറ്റിനു നേരെ അടിയിലാണ് 800 ഗ്രാം ബോംബ് വച്ചിരുന്നതെന്നു എഫ് എസ് ബി പറയുന്നു.

പുട്ടിന്റെ വിമർശകനായി മാറിയിട്ടുള്ള അലക്സാണ്ടർ ദുഗിനെ നിശ്ശബ്ദനാക്കാൻ റഷ്യൻ ചാരന്മാർ തന്നെയാണ് കൊല നടത്തിയതെന്നു അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നുണ്ട്. മരണം സംഭവിച്ചയുടൻ യുക്രൈനു നേരെ വിരൽ ചൂണ്ടി പുട്ടിനോട് കൂറുള്ള മാധ്യമങ്ങൾ എടുത്തു ചാടിയത് തന്നെ സംശയാസ്പദമാണ്.

യുക്രൈൻ ആക്രമണത്തിനു ജനപിന്തുണ കുറഞ്ഞിരിക്കെ അത് വീണ്ടെടുക്കാൻ പുട്ടിൻ ആവിഷ്കരിച്ച പുതിയ തന്ത്രമാണ് ഇതെന്ന വാദവും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular