Wednesday, April 24, 2024
HomeKeralaനഗരം മുങ്ങിയപ്പോൾ അമ്പരപ്പ് തൃക്കാക്കരയിൽ

നഗരം മുങ്ങിയപ്പോൾ അമ്പരപ്പ് തൃക്കാക്കരയിൽ

പെരുമഴ കേരളത്തെ മുക്കിയപ്പോൾ ആശങ്കയുടെ പ്രളയം തൃക്കാക്കരയിലായി. കൊച്ചി നഗരം വെള്ളക്കെട്ടിൽ വലഞ്ഞ വ്യാഴാഴ്ച്ച ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊടുംകാറ്റായത് ആ വിഷയം തന്നെ. വികസനമഹത്വങ്ങൾ പറഞ്ഞു വോട്ടു തേടി നൂറിലെത്താൻ പരിശ്രമിക്കുന്ന ഇടതു മുന്നണിക്കും അഞ്ചു വർഷം നഗര ഭരണം കൈയാളിയപ്പോൾ വെള്ളക്കെട്ട് നിവാരണത്തിനു യാതൊന്നും ചെയ്‌തില്ല എന്ന ആക്ഷേപം കേൾക്കുന്ന ഐക്യ മുന്നണിക്കും ഒന്നു പോലെ ഉത്തരം മുട്ടിയപ്പോൾ സൗകര്യത്തിനൊരു ആയുധം വീണു കിട്ടിയത് ബി ജെ പി ക്ക്.

തൃക്കാക്കര നഗരസഭാ മേഖലയും കൊച്ചി കോർപറേഷന്റെ 23 വാർഡുകളും ചേർന്ന മണ്ഡലമാണ് തൃക്കാക്കര. വ്യാഴാഴ്‌ച കോർപറേഷൻ മേഖലയിൽ നിന്നു ജില്ലാ ഭരണകേന്ദ്രം കൂടിയായ തൃക്കാക്കരയിലേക്കു സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മഴ തോർന്നു നിന്ന പകലിനൊടുവിൽ അക്കാര്യത്തിൽ ആശ്വാസമുണ്ടായി. പക്ഷെ വെള്ളം കയറിയ വീടുകളിൽ ജീവിക്കുന്ന നൂറു കണക്കിനു മനുഷ്യർക്ക് കഷ്ടതകൾ തീർന്നില്ല.

ഏറ്റവും വലിയ പാർപ്പിട മേഖലയായ പനമ്പിള്ളി നഗർ, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കെ എസ് ആർ ടി സി സ്റ്റാൻഡ് പരിസരം, വളഞ്ഞമ്പലം, കലൂർ സൗത്ത്,  നഗരഹൃദയത്തിൽ എം ജി റോഡ് എന്നിങ്ങനെ പതിവു  സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയപ്പോൾ കളമശ്ശേരി അപ്രതീക്ഷിത ദുരിതത്തിന് ഇരയായി.

അവിടന്നു വലിയ രോഷം ഉയർന്നു കേട്ടതു സ്വാഭാവികം. ഇത്തരം വെള്ളക്കെട്ട് പതിവില്ലാത്ത കളമശേരിയിലെ ചങ്ങമ്പുഴ നഗറിൽ വരെ വീടുകളിൽ വെള്ളം കയറി. തൃക്കാക്കരയിൽ നിന്നാണു വെള്ളം ഒഴുകി വന്നതെന്നു ചില വീട്ടുകാർ പറഞ്ഞു. അധികൃതരുടെ അലംഭാവത്തെപ്പറ്റി ആക്ഷേപം ഉയരുമ്പോൾ തൃക്കാക്കര പ്രചാരണത്തിന്റെ മുന്നിൽ നിൽക്കുന്ന നിയമമന്ത്രി പി. രാജീവാണു ഏറ്റവും വിഷമിച്ചത്. കാരണം അദ്ദേഹമാണ് കളമശ്ശേരി എം എൽ എ. ആ നിലയ്ക്ക് വിഷയത്തിൽ അദ്ദേഹത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നായിരുന്നു കളമശ്ശേരിക്കാരുടെ ആവശ്യം.

ബി ജെ പി ഈ അവസ്ഥ നന്നേ മുതലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്നലെ പനമ്പിള്ളി നഗറിലെ പ്രളയമേഖല സന്ദർശിച്ച സ്‌ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ വിഷയം അത് തന്നെ ആയിരുന്നു. സ്ഥിരമായി വെള്ളം കയറുന്ന എൽ ഐ ജി പാർപ്പിട കോളനിയിൽ അദ്ദേഹം ചുറ്റിക്കറങ്ങി ദുരിതം കണ്ടു.

കാനകളും കനാലുകളും ചെളിയും അഴുക്കും നിറഞ്ഞു വെള്ളം ഒഴുകി പോകാത്തതാണ് കൊച്ചിയുടെ ഗതികേട്. അതൊക്കെ ശരിയാക്കാം എന്നു പറഞ്ഞു അധികാരത്തിൽ കാത്തിരുന്നവർ ഒന്നും ചെയ്യാറില്ല. ഇപ്പോൾ ഇടതു മുന്നണി ഭരിക്കുന്ന നഗരസഭ ചില പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. പക്ഷെ അപ്രതീക്ഷിത നേരത്തു മഴ പെരുത്തപ്പോൾ പദ്ധതിയുടെ പ്രയോജനം എത്തിയിട്ടില്ല.

മുല്ലശേരി കനാൽ നവീകരണം പൂർത്തിയായാൽ മാത്രമേ എം ജി റോഡിനു മോക്ഷമുള്ളൂ. കെ എസ് ആർ ടി സി സ്റ്റാൻഡ് തുടങ്ങിയ സമീപ ഇടങ്ങൾക്കും. ആ പദ്ധതി പുരോഗമിക്കുന്നുണ്ട്. കാലവര്ഷത്തിനു മുൻപെങ്കിലും തീരും എന്ന പ്രതീക്ഷ പക്ഷെ അസ്ഥാനത്താണ്.

ചക്രവാത ചുഴിയും ശക്തി കൂടിയ പടിഞ്ഞാറൻ കാറ്റുമാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആർത്തലച്ചു പെയ്യുന്ന മഴയ്ക്ക് കാരണം എന്നൊക്കെ പറയുന്നു. സാധാരണക്കാരനു പക്ഷെ അത്തരം വിശദീകരണങ്ങൾ കൊണ്ട് ആശ്വാസമൊന്നുമില്ല. ചോദ്യം 2018 ആവർത്തിക്കുമോ എന്നതാണ്. മറ്റൊരു മഹാപ്രളയത്തിന്റെ ഭീതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular