Connect with us
Malayali Express

Malayali Express

ആഫ്രിക്കന്‍ രാജ്യങ്ങള്‍ മലയാളി പ്രവാസികള്‍ക്ക് പുതിയ മേച്ചില്‍പ്പുറം: രമേശ് ചെന്നിത്തല

USA

ആഫ്രിക്കന്‍ രാജ്യങ്ങള്‍ മലയാളി പ്രവാസികള്‍ക്ക് പുതിയ മേച്ചില്‍പ്പുറം: രമേശ് ചെന്നിത്തല

Published

on

ഫ്രാന്‍സീസ് തടത്തില്‍

ഫിലഡല്‍ഫിയ: ലോകത്തിലെ മലയാളികളുടെ പുതിയ മേച്ചില്‍പ്പുറമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈനയെപ്പോലുള്ള രാജ്യങ്ങളിലെ വ്യവസായ മേഖലയില്‍ വന്‍ സംരംഭങ്ങള്‍ക്ക് തുടക്കംകുറിച്ചതായും ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം വ്യക്തമാക്കി.

ലോകം നാലാമത്തെ വ്യവസായ വിപ്ലവത്തെ (ഇന്‍സ്ട്രിയല്‍ റവല്യൂഷന്‍) അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും മെഷീന്‍ ലേണിംഗും തുടങ്ങിയ ടെക്‌നോളജി വികസനങ്ങള്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന ഒരു വാദം നിലനില്‍ക്കെ, ഇവ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മറ്റൊരു വാദമുണ്ട്. നിതാന്തജാഗ്രതയോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്. ഇതിന്റെ അനന്തരഫലങ്ങള്‍ പ്രവചനാതീതമാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് കംപ്യൂട്ടര്‍ വത്കരണം ആരംഭിച്ചകാലത്ത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നു ഉണ്ടായിരുന്ന വാദമുഖങ്ങള്‍ പിന്നീട് തെറ്റിയിരുന്നുവെന്ന് ബോധ്യപ്പെട്ട വിവരവും അദ്ദേഹം എടുത്തുകാട്ടി. കംപ്യൂട്ടര്‍ വത്കരണമാണ് ഇന്ത്യയുടെ വികസനത്തിന്റെ പുത്തന്‍ ഏടുകള്‍ തുറന്നതെന്നും യഥാര്‍ത്ഥത്തില്‍ കംപ്യൂട്ടര്‍ വത്കരണം ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.

മലയാളിയുടെ തൊഴില്‍ മനസ്ഥിതിയില്‍ കാതലായ മറ്റം വരുത്തണമെന്നു നിര്‍ദേശിച്ച ചെന്നിത്തല ഇന്ന് കേരളത്തില്‍ നിന്ന് ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വ്യാപാരത്തിലും വാണിജ്യത്തിലും വികസന മുരടിപ്പുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.

ലോകരാഷ്ട്രങ്ങള്‍ ‘ഇന്‍വെസ്റ്റ് മന്ത്ര’ എന്നതിനു പിന്നാലെ പോയതിനാല്‍ പല രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നു. സ്വന്തം പൗരന്മാര്‍ക്ക് തൊഴില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമൊക്കെ മറ്റു കുടിയേറ്റക്കാരെ തൊഴില്‍ മേഖലയില്‍ നിന്ന് ഒഴിവാക്കി തുടങ്ങി. അതു ഓരോ രാജ്യങ്ങളുടേയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തദ്ദേശീയര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍ വിദേശികള്‍ തഴയപ്പെടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ സമൂഹത്തെയാണ്.

മലയാളികളുടെ കുടിയേറ്റം ആരംഭിച്ചത് മലേഷ്യയിലാണ്. ഇവിടെ അടിസ്ഥാനമേഖലയില്‍ തൊഴിലെടുക്കാന്‍ പോയ പലര്‍ക്കും തൊഴില്‍ അവസരം നഷ്ടപ്പെട്ടപ്പോഴാണ് 1950-കളില്‍ ഇംഗ്ലണ്ടിലേക്ക് നിരവധി മലയാളികള്‍ കുടിയേറിയത്. 1970-കളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ കണ്ടെത്തിയതോടെ ഈ മേഖലയിലേക്ക് മലയാളികള്‍ കൂട്ടത്തോടെ പ്രവാസജീവിതം ആരംഭിച്ചു. ഗള്‍ഫിലെ പല രാജാക്കന്മാരുടേയും ഭരണനിര്‍വഹണത്തിലും രാഷ്ട്രനിര്‍മാണത്തിലും മുഖ്യ പങ്കുവഹിച്ചത് മലയാളികളാണ്. ഈ രാജ്യങ്ങളിലെല്ലാം സ്വന്തം പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കേണ്ടിവന്നപ്പോള്‍ പുറത്തുപോകുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്.

ഏതു രാജ്യത്തു പോയാലും ആ രാജ്യവുമായി ഇഴുകിച്ചേരുന്ന പ്രകൃതക്കാരാണ് മലയാളികള്‍. മലയാളികളെ വിശ്വപൗരന്മാരെന്നാണ് വിശേഷിപ്പിക്കേണ്ടത്. കാരണം ലോകത്തില്‍ എവിടെ പോയാലും മലയാളികളെ കാണാനാകും.

ഒ.സി.ഐ കാര്‍ഡ് പ്രവാസികള്‍ക്ക് ലഭിച്ചത് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒ.സി.ഐയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിവരുന്നത് ഒരു വലിയ പ്രശ്‌നമാണ്. പ്രവാസികളുടെ വോട്ടവകാശം, ഇരട്ട പൗരത്വം എന്നിവയാണ് പ്രവാസികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് രൂപീകരിച്ച പ്രവാസി കമ്മീഷന്‍ കൂടുതല്‍ അധികാരത്തോടെ വിപുലീകരിക്കണമെന്നു വേദിയിലിരുന്ന മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്നു. റിട്ടയേര്‍ഡ് ഹൈക്കടതി ചീഫ് ജസ്റ്റീസാണ് തലവന്‍. പഞ്ചാബികളായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നത് പ്രവാസി കമ്മീഷനാണ്. കേരളത്തില്‍ ഈ കമ്മീഷന്റെ അധികാരം വിപുലപ്പെടുത്തിയാല്‍ കോണ്‍സുലേറ്റ് സംബന്ധമായ കാര്യങ്ങള്‍ ഒറ്റദിവസംകൊണ്ടുവരെ തീര്‍പ്പുകല്‍പ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ അദ്ദേഹം ഇതിനു മുന്‍കൈ എടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

പ്രവാസികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവാസി മന്ത്രാലയം തന്നെ ഇല്ലാതാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിചയപ്പെടുത്തിയത്.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News