Connect with us
Malayali Express

Malayali Express

ജര്‍മനിയില്‍ മാതാവിന്‍റെ തിരുന്നാളിന് കൊടിയേറി

EUROPE

ജര്‍മനിയില്‍ മാതാവിന്‍റെ തിരുന്നാളിന് കൊടിയേറി

Published

on

ജോസ് കുമ്പിളുവേലില്‍

കൊളോണ്‍ : കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും മുപ്പത്തിയേഴാമത്തെ കൂട്ടായ്മ ദിനത്തിനും തുടക്കം കുറിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാർമികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന്‍ കൊടിയേറ്റിയത്. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. ജിം ജോര്‍ജ്, ജോയല്‍ കുമ്പിളുവേലില്‍, ഡാനി ചാലായില്‍ എന്നിവര്‍ ശുശ്രൂഷികരായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

തിരുന്നാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയില്‍ പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും നിരത്തിയത്. കേരളത്തിലെ സിറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിക്കുന്നു.

ജൂലൈ 8 നാണ് തിരുനാളിന്‍റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ കൊളോണ്‍ അതിരൂപതാ സഹായമെത്രാന്‍ ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പിനു പുറമെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിയ്ക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും കൊച്ചിയ്ക്കുള്ള എയര്‍ ടിക്കറ്റാണ് ഒന്നാം സമ്മാനം.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. പാലാ, പൂഞ്ഞാര്‍ സ്വദേശി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം ആണ് ഈ വര്‍ഷത്തെ പ്രസുദേന്തി. ഭാര്യ ട്രീസ. ബ്ളസന്‍, ജോസണ്‍, സെറിന്‍ എന്നിവര്‍ മക്കളാണ്. തിരുനാളിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

ലുക്കേമിയ ബാധിച്ച് ചികില്‍സയില്‍ ഇരിയ്ക്കുന്ന 30 വയസ്സുകാരിയും രണ്ടു മാസം പ്രായമുള്ള കുട്ടിയുടെ മാതാവുമായ മലയാളി യുവതി ബോണ്‍ മാരോ ചികില്‍സയ്ക്കായി സ്റ്റെം സെല്‍ തേടുന്നതിന്‍റെ ഭാഗമായി യോജിച്ച കോശം കണ്ടെത്തുന്നതിന് പെരുനാള്‍ ദിനമായ ഇന്ന് ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. 17 നും 55 നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കള്‍ ഈ ക്യാംപില്‍ പങ്കെടുക്കാൻ താല്‍പ്പര്യപ്പെടുന്നു. (0221 5904183/0049 173 2609098).

Continue Reading

Latest News