Friday, April 19, 2024
HomeIndiaഇമ്രാന്‍ ഖാന്റെ കസേര ഇളകുമ്ബോള്‍ ഇന്ത്യയ്ക്ക് പുഞ്ചിരിക്കാം, ഇമ്രാനെയോര്‍ത്തല്ല പാകിസ്ഥാനില്‍ എന്തും തീരുമാനിക്കുന്ന സൈന്യത്തിന്റെ അവസ്ഥയോര്‍ത്ത്

ഇമ്രാന്‍ ഖാന്റെ കസേര ഇളകുമ്ബോള്‍ ഇന്ത്യയ്ക്ക് പുഞ്ചിരിക്കാം, ഇമ്രാനെയോര്‍ത്തല്ല പാകിസ്ഥാനില്‍ എന്തും തീരുമാനിക്കുന്ന സൈന്യത്തിന്റെ അവസ്ഥയോര്‍ത്ത്

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

മറ്റെന്നാള്‍ മുതല്‍ ഈ പ്രമേയത്തിന് മേലുള്ള ചര്‍ച്ച ആരംഭിക്കും. രണ്ട് പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിലെ ഏതാനും അംഗങ്ങളും ഇമ്രാന് എതിരായതോടെ സര്‍ക്കാര്‍ നിലംപൊത്തും എന്നത് ഏകദേശം തീരുമാനമായിട്ടുണ്ട്. പ്രമേയം അവതരിപ്പിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് പാകിസ്ഥാനിലെ ചട്ടം. ഏപ്രില്‍ നാലിനാണ് അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടക്കുക.

342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും. 155 സീറ്റുകളാണ് ഇമ്രാന്റെ പാര്‍ട്ടിക്കുള്ളത്. രാഷ്ട്രീയ ഭാവി തുലാസിലായതോടെ സഖ്യകക്ഷികളില്‍ നിന്ന് മതിയായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. എന്നാല്‍ ഇമ്രാന് ഇടിത്തീയായി പാര്‍ട്ടി അംഗമായ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദാര്‍ ഇന്നലെ രാജി വച്ചു. പിന്നാലെ സഖ്യകക്ഷിയായ മുസ്ലി ലീഗിന്റെ ഫെഡറല്‍ മന്ത്രിയായ താരിഖ് ബഷീര്‍ ചീമയും രാജിവച്ചിരുന്നു.

ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി

പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ഇമ്രാന്‍ ഖാന്‍ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കാരണം ഇപ്പോള്‍ ഇമ്രാന്‍ ഖാന് നേരിടേണ്ടി വരുന്നത് പ്രതിപക്ഷത്തിന്റെ ആക്രമണം മാത്രമല്ല. സ്വന്തം പാളയത്തിലെ പടപ്പുറപ്പാടും, അധികാര കസേരയില്‍ ഇരുത്തിയ സൈന്യവും എതിരായതാണ് ഇമ്രാന്‍ ഇപ്പോള്‍ നേരിടുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണെന്ന് പറയാന്‍ കാരണം.

കൂടെയുള്ളവര്‍ പാലം വലിക്കുന്നതിനിടെയാണ് രണ്ട് ദിവസം മുന്‍പ് പ്രവര്‍ത്തകരെ വിളിച്ച്‌ ചേര്‍ത്ത് ഇസ്ലാമാബാദില്‍ ശക്തിപ്രകടനം നടത്താന്‍ ഇമ്രാന്‍ തീരുമാനിച്ചത്. ഉടന്‍ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാവും എന്ന കണക്ക് കൂട്ടലാണ് ഇത്തരമൊരു ശക്തി പ്രകടനത്തിന് ഇമ്രാനെ പ്രേരിപ്പിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പട്ടാളത്തിനുള്‍പ്പടെ പരോക്ഷമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉയര്‍ത്തിയിരുന്നു.

ഇമ്രാന്‍ അന്നും ഇന്നും

2018ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴുളള ഇമ്രാനല്ല ഇപ്പോഴുള്ളത്. കടക്കെണിയിലായ രാജ്യത്തെ രക്ഷിക്കാനെത്തിയ ശക്തനെന്ന ചിത്രമായിരുന്നു ഇമ്രാനെ കുറിച്ച്‌ ജനങ്ങള്‍ക്കന്ന് ഉണ്ടായിരുന്നത്. എന്നാല്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇമ്രാന്‍ അധികാരം പിടിച്ചതെന്നും ആരോപണമുണ്ടായിരുന്നു. പാകിസ്ഥാന്‍ പാര്‍ലമെന്റിലെ 342 സീറ്റുകളില്‍ 155 സീറ്റുകളും കരസ്ഥമാക്കിയാണ് ഇമ്രാന്‍ അധികാരത്തില്‍ കയറിയതത്. ആറ് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട 24 എംപിമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

എല്ലാ പ്രധാന വിഷയങ്ങളിലും സൈന്യം നേതൃത്വം നല്‍കുന്നതില്‍ തുടക്കകാലത്ത് ഇമ്രാന്‍ ഖാന്‍ സന്തോഷവാനായിരുന്നെങ്കിലും പിന്നീട് സൈനിക നേതൃത്വവുമായി പ്രധാനമന്ത്രി തെറ്റി. ഇതിനൊപ്പം രാജ്യത്തെ സമ്ബദ്വ്യവസ്ഥ കൂടി പരിതാപകരമായതോടെ സര്‍ക്കാരിന്റെ ജനപ്രീതി കുറയാന്‍ തുടങ്ങി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതോടെ പണപ്പെരുപ്പം 12% മുകളിലെത്തി. രാജ്യങ്ങള്‍ തോറും സാമ്ബത്തിക സഹായം തേടി ഭിക്ഷ ചോദിച്ച്‌ ചെല്ലുന്ന കഥാപാത്രമായി ഇമ്രാനെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി.

ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായാല്‍ അതിന്റെ പ്രധാന കാരണം കരസേന മേധാവിയുമായി ഇടഞ്ഞതാണെന്നത് വ്യക്തമാണ്. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ എതിര്‍ത്തതോടെയാണ് ഇമ്രാന്റെ കഷ്ടകാലം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം, ജനറല്‍ ബജ്വ തന്റെ കീഴിലുള്ള ഉന്നത ജനറല്‍മാരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനൊപ്പം അന്നത്തെ ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദിനെ മാറ്റാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ല. ജനറല്‍ ഹമീദ് ഒരുകാലത്ത് കരസേനാ മേധാവി ജനറല്‍ ബജ്വയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ അകല്‍ച്ചയിലാവുകയായിരുന്നു. പുതിയ ഐഎസ്‌ഐ മേധാവി ലെഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജൂമിന്റെ നിയമനത്തില്‍ ഒപ്പുവെക്കാന്‍ മൂന്നാഴ്ചയോളം ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചു. ഇതോടെയാണ് സര്‍ക്കാരും സൈന്യവും തമ്മില്‍ തെറ്റിയത്.

ഇമ്രാന്‍ ഖാന്റെ പതനം ഇന്ത്യയ്ക്ക് നേട്ടമോ കോട്ടമോ എന്നത് ഇനിയും തീര്‍പ്പാക്കാനാവാത്ത വിഷയമാണ്. കാരണം
ഇമ്രാന്‍ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തിയിരുന്നില്ല. അബദ്ധത്തിലെന്ന വിശേഷണമുണ്ടെങ്കിലും ഇന്ത്യന്‍ മിസൈല്‍ അതിര്‍ത്തി കടന്നിട്ടും കാര്യമായി ഒന്നും ചെയ്യാന്‍ ഇമ്രാന്‍ ഖാന് കഴിഞ്ഞില്ല. എന്നാല്‍ പാക് സൈന്യത്തിലുണ്ടാവുന്ന വിള്ളലാണ് ഇന്ത്യയെ സംബന്ധിച്ച്‌ ഇപ്പോള്‍ പാകിസ്ഥാനിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ നേട്ടമാവുന്നത്. ഇമ്രാന് പ്രധാനമന്ത്രി കസേര നഷ്ടമായി അടുത്ത വര്‍ഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ മുന്‍ എഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദ് ഇമ്രാന് വേണ്ടി പ്രവര്‍ത്തിക്കും എന്ന് ഉറപ്പാണ്. വിശ്വാസ വോട്ടെടുപ്പിലൂടെ പാക്കിസ്ഥാനിലെ ഒരു സിവിലിയന്‍ സര്‍ക്കാരും ഇതുവരെ നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന ഉറപ്പാണ് ഇമ്രാനെ ഇപ്പോള്‍ അവിശ്വാസ പ്രമേയം നേരിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അടുത്തതായി എന്ത് സംഭവിച്ചാലും പാകിസ്ഥാനെ അത് അരാജകത്വത്തിന്റെയും അസ്ഥിരതയുടെയും ഇരുണ്ട കാലത്തേയ്ക്ക് തള്ളിയിടും എന്ന് ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular