Friday, March 29, 2024
HomeIndia'കശ്‌മീര്‍ ഫയല്‍സ്' സത്യത്തെ വളച്ചൊടിക്കുന്നു ; ഒമര്‍ അബ്‌ദുല്ല

‘കശ്‌മീര്‍ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു ; ഒമര്‍ അബ്‌ദുല്ല

ശ്രീനഗര്‍ : ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘ദി കശ്‌മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനെതിരെ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ ഒമര്‍ അബ്‌ദുല്ല രംഗത്ത്.

ചിത്രം സത്യത്തെ തെറ്റായി കാണിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കശ്‌മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിന് പകരം അവരെ കൂടുതല്‍ അകറ്റാനാണ് സിനിമ ശ്രമിക്കുന്നതെന്നും പറഞ്ഞു.

‘ഇതൊരു ഡോക്യുമെന്ററിയാണോ കൊമേഷ്യല്‍ സിനിമ ആണോയെന്നാണ് ഇതിന്റെ നിര്‍മാതാക്കളോട് ചോദിക്കാനുള്ളത്. കച്ചവട സിനിമയാണെങ്കില്‍ എതിര്‍പ്പില്ല. എന്നാല്‍ യാഥാര്‍ഥ്യത്തെ അടിസ്‌ഥാനമാക്കിയാണ് സിനിമ ചെയ്യുന്നതെങ്കില്‍ സത്യം എന്താണെന്ന് കൂടി പറയണം,’ ദമാല്‍ ഹന്‍ജി പോരയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ കശ്‌മീരി പണ്ഡിറ്റുകളുടെ പലായന സമയത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ തെറ്റായ രീതിയിലാണ് കാണിക്കുന്നതെന്നും ഒമര്‍ അബ്‌ദുല്ല പറഞ്ഞു. പലായനത്തിന്റെ സമയത്ത് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത് ബിജെപി പിന്തുണയുള്ള സര്‍ക്കാരാണെന്നും അത് സിനിമയില്‍ എന്തുകൊണ്ട് കാണിച്ചില്ലെന്നുംഅദ്ദേഹം ചോദിച്ചു.

‘പലായനം നടക്കുന്ന സമയത്ത് ഫറൂഖ് അബ്‌ദുല്ലയല്ല മുഖ്യമന്ത്രി. ഗവര്‍ണര്‍ ജഗ്‌മോഹന്റെ കീഴില്‍ ഗവര്‍ണര്‍ രാജ് നടക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. വിപി സിംഗ് സര്‍ക്കാരാണ് അന്ന് ഇന്ത്യ ഭരിച്ചത്. അവരുടെ പിന്നിലുണ്ടായിരുന്നതാവട്ടെ ബിജെപിയും,’ ഒമര്‍ അബ്‌ദുല്ല പറഞ്ഞു.

കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തില്‍ വളരെ ദുഃഖമുണ്ടെന്നും എന്നാല്‍ കശ്‌മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ട അതേ തോക്കിന് ഇരയായ മുസ്‌ലിങ്ങളുടെയും സിഖുകാരുടെയും ത്യാഗങ്ങള്‍ മറക്കരുതെന്നും അദ്ദേഹം വ്യക്‌തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular