Thursday, March 28, 2024
HomeIndiaവീണിതല്ലോ കിടക്കുന്നു ധരണിയില്‍

വീണിതല്ലോ കിടക്കുന്നു ധരണിയില്‍

കോണ്‍ഗ്രസ്സിന്റെ അന്ത്യകൂദാശ നടത്തിയിട്ട് അന്തോണീസ് പുണ്യവാളന്‍ കേരളത്തിലേക്ക് മടങ്ങുന്നു. ഇത് പറയുന്നത് ഞാനല്ല, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവേലാണ്. അദ്ദേഹം ആന്റണിയെപറ്റി പറഞ്ഞ എല്ലാവാക്കുകളും ഉദ്ധരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാലും അദ്ദേഹം പറഞ്ഞതിനോട് യോജിക്കാതിരിക്കാന്‍ സാധ്യമല്ല. ഇന്‍ഡ്യ മുഴുവന്‍ നിറഞ്ഞുനിന്നിരുന്ന ഒരു മഹാപ്രസ്ഥാനത്തെ വട്ടപ്പൂജ്യമാക്കിയതിന് ഉത്തരവാദി ആന്റണിമാത്രമല്ല. അദ്ദേഹത്തെപ്പോലെ ബുദ്ധിശൂന്യരായ നേതാക്കന്മാര്‍ എല്ലാവരുംകൂടി ഒന്നിച്ചിരുന്നാണ് കോണ്‍ഗ്രസ്സിന്റെ അന്ത്യകര്‍മ്മം നിര്‍വഹിച്ചത്.

അഞ്ച് സംസ്ഥനങ്ങളില്‍നടന്ന നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സ് എവിടെയുമില്ല. മഹാരാഷ്ട്രയില്‍ ശിവസേനയുടെ തണലില്‍ ഒന്നോരണ്ടോ മന്ത്രിസ്ഥാനങ്ങള്‍ വഹിക്കുന്നതല്ലാതെ ഇന്‍ഡ്യയില്‍ ഒരിടത്തും കോണ്‍ഗ്രസ്സിന് മന്ത്രിമാരില്ല. ഒരുസംസ്ഥാനവും കോണ്‍ഗ്സ്സ് ഭരിക്കുന്നില്ല. പഞ്ചാബായിരുന്നു ഒരേയൊരു കച്ചിത്തുരുമ്പ്. ഇപ്പോള്‍ അതും ആംആദ്മി പാര്‍ട്ടികൊണ്ടുപോയി. കോണ്‍ഗ്രസ്സിനെ അവര്‍ തറപറ്റിച്ചെന്ന് പറയുകയാവും ശരി. സിക്കുകാരുടെ കര്‍ഷകസമരം മുതലെടുക്കാന്‍ ആടിന്റെപിന്നലെ നടന്ന കുറുക്കനെപ്പോലെ രാഹുല്‍ ഗാന്ധി ഗമിച്ചിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല.

രാഹുല്‍ ഗാന്ധിയെപറ്റി പറയുകയാണെങ്കില്‍ അദ്ദേഹം നേതൃത്വഗുണമുള്ള വ്യക്തിയല്ല. നെഹ്‌റു കുടുംബത്തില്‍ ജനിച്ചു എന്നല്ലാതെ അദ്ദേഹത്തിന് പറയാന്‍ വിശേഷഗുണങ്ങളൊന്നുമില്ല. വി. എസ്സ്. അച്ചുതാനന്ദന്‍ പറഞ്ഞവാക്കാണ് അദ്ദേഹത്തിന് നന്നായി ചെരുന്നത്, അമുല്‍ ബേബി. നെഹ്‌റു കുടുംബത്തിന്റെപേരില്‍ വോട്ടുപിടിക്കാന്‍ ഇക്കാലത്ത് സാധ്യമല്ല. നെഹ്‌റുവിനെ പുതിയതലമുറ മറന്നുകഴിഞ്ഞു. രാജ്യത്തിന്റെ അനേകദശകങ്ങളിലെ പിന്നോക്കാവസ്ഥയുടെ കാരണക്കാരന്‍ എന്നപഴികൂടി നെഹ്‌റുവിന് കേള്‍ക്കേണ്ടിവരുന്നു. സോഷ്യലിസമെന്ന നടക്കാസ്വപ്നവുമായി രാജ്യംഭരിച്ച നെഹ്‌റു ഇന്‍ഡ്യയെ അനേകവര്‍ഷങ്ങള്‍ പിന്നോട്ടടിച്ചു എന്നത് വാസ്തവമാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായിവന്ന കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരും അതേപാത തുടരുകയാണുണ്ടായത്. ഈയൊരവസ്ഥക്ക് തടയിട്ടത് നരസിംഹറാവു രാജ്യഭാരം ഏറ്റപ്പോഴാണ്. അതിനുശേഷമാണ് ഇന്‍ഡ്യ പുരോഗതിയിലേക്കുള്ള സഞ്ചാരം തുടങ്ങിയത്. ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ അതിന് വേഗതകൂട്ടിയെന്നുമാത്രം.

ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാജ്യമാണ് ഇന്‍ഡ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകം ആദരിക്കുന്ന നേതാവാണ്. ബൈഡനും ,പുടിനും. ബോറിസ് ജോണ്‍സണുമെല്ലാം അദ്ദേഹത്തെ നിരന്തരം വിളിക്കുന്നു. ഇന്‍ഡ്യയുടെ അഭിമാനമാണ് അദ്ദേഹം.. മോദിയോടുള്ള ആദരവാണ് ജനങ്ങള്‍ നാലുസംസ്ഥനങ്ങളിലെ ബിജെപി വിജയത്തില്‍ പ്രതിഫലിപ്പിച്ചത്.അവശേഷിച്ചിരിക്കുന്ന കോണ്‍ഗ്രസ്സിനെക്കൂടി സംസ്‌കരിക്കാനാണോ ആന്റണി കേരളത്തിലേക്ക് തിരികെവരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റെടുത്ത എല്ലാപ്രവര്‍ത്തികളിലും അദ്ദേഹം പരാജയമായിരുന്നു. അഴിമതിയില്ലാത്തവന്‍ എന്ന സല്‍പേര് നിലനിറുത്തുകയായിരുന്നു ല്ക്ഷ്യം. അതിനുവേണ്ടി രാജ്യതാത്പര്യത്തെവരെ ബലികൊടുത്തു. പ്രതിരോധവകുപ്പ് മന്ത്രിയായിട്ടിരുന്ന ഏഴുവര്‍ഷങ്ങള്‍കൊണ്ട് ഇന്‍ഡ്യന്‍ ആര്‍മിയെ പത്തുവര്‍ഷം പിന്നോട്ടടിച്ചെന്നാണ് ജനറല്‍മാര്‍ പറയുന്നത്. പട്ടാളത്തിനുവേണ്ട ആയുധങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്ന് വാങ്ങിയില്ല. കാരണം കോഴവിവാദത്തില്‍ പെടുമോയെന്ന ഭയംകൊണ്ട്. വിദേശ ആയുധങ്ങള്‍ വാങ്ങുമ്പോള്‍ ഇടനിലക്കാര്‍ കമ്മീഷന്‍ വാങ്ങുകയെന്നത് സാധാരണമാണ്. അത് ഒഴിവാക്കാന്‍ സാധ്യമല്ല. ആയുധനിര്‍മ്മാണ കമ്പനികളാണ് കമ്മീഷന്‍ കൊടുക്കുന്നത്. ഇന്‍ഡ്യയിലത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്. അടുത്തിടെ ഫ്രാന്‍സില്‍നിന്ന് റഫേല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോഴും ഇങ്ങനെയൊരുപഴി കേള്‍ക്കാനിടയായി. പഴി കേള്‍ക്കേണ്ടെങ്കില്‍ ആയുധങ്ങള്‍ വാങ്ങാതിരിക്കുക. ആന്റണി ഈയൊരു വഴിയാണ് സ്വീകരിച്ചത്. ഫലം ഇന്‍ഡ്യന്‍ ആര്‍മി ബലഹീനമായി. അദ്ദേഹത്തിന്റെ ഭാഗ്യംകൊണ്ട് പാകിസ്ഥാനും ചൈനയും ഈകാലയളവില്‍ ഇന്‍ഡ്യയെ ആക്രമിച്ചില്ല.
ഹൈക്കമാന്‍ഡില്‍നിന്ന് വി ആര്‍ എസ്സ് എടുത്താണോ അതോ സോണിയ ഗാന്ധി പുറത്താക്കിയതാണോ എന്നുള്ളത് പാര്‍ട്ടി രഹസ്യം. തൊട്ടതെല്ലാം കൊളമാക്കി തിരിച്ചുവരുന്ന ആന്റണി പാര്‍ട്ടിക്കാര്യത്തില്‍ ഇടപെടാതെ ചേര്‍ത്തലയിലെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുമെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് ആശക്ക് വകയുണ്ട്.

സാം നിലമ്പള്ളല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular