Thursday, April 25, 2024
HomeEditorialറഷ്യൻ യാത്രയുടെ ഓർമ്മകൾ:മെട്രോയും ക്രെംലിനും

റഷ്യൻ യാത്രയുടെ ഓർമ്മകൾ:മെട്രോയും ക്രെംലിനും

“എന്തൊക്കെയാടോ, ഇന്നത്തെ പുതിയ വിവരങ്ങൾ? കഴിഞ്ഞ ദിവസം നമ്മൾ മിലിട്ടറി ടൂറിനെപ്പറ്റിയാണല്ലോ പറഞ്ഞത്.”
“അതേ പിള്ളേച്ചാ, രാവിലെ ഹോട്ടലിൽ നിന്നും ഞങ്ങൾ നേരെ പോയത് മെട്രോ സ്റ്റേഷനിലേക്കാണ്. മോസ്കോയിലെ മെട്രോയ്ക്ക് വലിയൊരു കഥ പറയാനുണ്ട്. സാർ ചക്രവർത്തിമാരുടെ കാലത്തു ധാരാളം പണം ഉണ്ടായിരുന്നെങ്കിലും പുതിയ പുതിയ കൊട്ടാരങ്ങളും ദേവാലയങ്ങളും പണിയാനാണ് മുഖ്യമായും അവ ഉപയോഗിച്ചിരുന്നത്. എന്നാൽ ബോൾഷെവിക് വിപ്ലവത്തിൽകൂടി കമ്മ്യൂണിസ്റ്റുകാർ അധികാരം പിടിച്ചടക്കിയപ്പോൾ അവർ മോസ്കോ നഗരത്തിന്റെ ജനബാഹുല്യം കണക്കിലെടുത്തു നവീകരണ സാധ്യതകൾ ആരാഞ്ഞു. അപ്പോഴേക്കും ലണ്ടനിൽ ആദ്യത്തെ സബ്‌വേ ട്രെയിൻ ഓടിത്തുടങ്ങിയിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. ന്യൂയോർക്കിൽ സബ്‌വേ ട്രെയിൻ ഓടിത്തുടങ്ങിയിട്ട് ഒന്നര ദശാബ്ദമായി. ജോസഫ് സ്റ്റാലിന്റെ കാലത്താണ് മോസ്കോയിൽ സബ്‌വേയുടെ പണി ആരംഭിക്കുന്നത്. 1935 ൽ ആദ്യത്തെ സർവീസ് ആരംഭിച്ചു. എന്നാൽ സബ്‌വേ വിപുലീകരിച്ചു മോസ്കോയുടെ മുഖച്ഛായ ആകെ മാറ്റിയത് ക്രൂഷ്‌ചേവിന്റെ കാലത്താണ്. എന്നാൽ ഈ സ്റ്റേഷനുകളുടെ ഭിത്തികൾക്ക് ഇത്രയധികം ഘനം എന്തിനാണെന്ന കാര്യം എന്നെ അതിശയിപ്പിച്ചു. അതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഗൈഡ് പറഞ്ഞത്, ഇവിടെ യുദ്ധമുണ്ടായാൽ ആളുകളെ സുരക്ഷിതമായി പാർപ്പിക്കാനുള്ള ഒരു ബങ്കർ ആയി അന്ന് ഉപയോഗിക്കാൻ കഴിയണം. അങ്ങനെയാണ് മിക്കവാറും എല്ലാ സ്റ്റേഷനുകളും രൂപകൽപന ചെയ്തിരിക്കുന്നത്. സാധാരണ ബോംബിനൊന്നും ഇതിന്റെ ഭിത്തിയെ തകർക്കാനാവില്ല. ചിലയിടത്തു സ്റ്റേഷനുകൾ നൂറു കണക്കിന് അടി താഴ്ചയിലാണ്. യുദ്ധമുണ്ടായാൽ ജനങ്ങളെ ഈ സ്റ്റേഷനുകളിൽ സുരക്ഷിതമായി പാർപ്പിക്കാം. ഇങ്ങനെയുള്ള സ്റ്റേഷനുകളിലാണ് ഇന്ന് നമ്മുടെ വിദ്യാർഥികളായ ചെറുപ്പക്കാർ ഉക്രെയിനിൽ തമ്പടിച്ചിരിക്കുന്നത്.

മോസ്കോ സബ്‌വേയിൽ കണ്ട സ്റ്റേഷനുകൾ എല്ലാം തന്നെ വളരെ മനോഹരമായിരുന്നു. കലാപരമായ ചുവർ ചിത്രങ്ങളും ചാൻഡലിയറുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്റ്റേഷനുകളുടെ കാലപ്പഴക്കം അവിശ്വസനീയമായി തോന്നി.  മറ്റൊരു പ്രത്യേകത ന്യൂയോർക്ക് സബ്‌വേയിലെപ്പോലെ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ ഹോംലെസ്സ് ആളുകളെ കണ്ടില്ലെന്നുള്ളതാണ്. ആകെ 12 ലൈനുകളിലായി 237 മൈൽ ദൂരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സബ്‌വേ സിസ്റ്റത്തിൽ 250 സ്റ്റേഷനുകളാണുള്ളത്. എന്നാൽ ന്യൂയോർക്ക് സബ്‌വേയിൽ 28 ലൈനുകളിലായി 248 മൈൽ ദൂരത്തിൽ ആകെ 473 സ്റ്റേഷനുകളാണുള്ളത്. രണ്ടും തേർഡ്റെയിൽ പവർ ആണ് ഉപയോഗിക്കുന്നതെങ്കിലും റഷ്യക്കാർ 825 വോൾട്ട് ഡി.സി. കരണ്ടുപയോഗിക്കുമ്പോൾ ന്യൂയോർക്ക് 600 വോൾട്ട് ഡി.സി. യിലാണ് ട്രെയിനുകൾ ഓടിക്കുന്നത്. പ്ലാറ്റുഫോമുകൾക്കു റഷ്യയിൽ 500 അടി നീളമുള്ളപ്പോൾ ന്യൂയോർക്കിൽ 600 അടി നീളമാണുള്ളത്. രണ്ടിടത്തും സബ്‌വേ കാറുകളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ വേണ്ടി ബെഞ്ച് സീറ്റിങ് ആണ് കൊടുത്തിട്ടുള്ളത്. കോവിഡിനു മുൻപ് പ്രതിദിനം മോസ്കോ മെട്രോയിൽ 70 ലക്ഷം യാത്രക്കാർ യാത്ര ചെയ്തിരുന്നപ്പോൾ ന്യൂയോർക്കിൽ 90 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. മോസ്കോ സബ്‌വേ ലൈനുകൾ തമ്മിൽ രണ്ടു സർക്കിൾ ലൈനുകൾ ബന്ധിപ്പിക്കുന്നു. ന്യൂയോർക്ക് മെട്രോയിൽ ഇങ്ങനെ സർക്കിൾ ലൈനുകളില്ല.

മോസ്‌കോയിൽ ഒരു സ്റ്റേഷനിൽ ഒരു നായാട്ടുകാരൻ ഒരു പട്ടിയെയും പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു പ്രതിമയുണ്ട്. ഇതു പിച്ചളയിൽ തീർത്തതാണ്. ഇതിലുള്ള പട്ടിയുടെ തലയിൽ തലോടിയിട്ടു യാത്ര ചെയ്‌താൽ ഉദ്ദിഷ്ട കാര്യ ലബ്‌ധിയുണ്ടാകും എന്നൊരു വിശ്വാസം യാത്രക്കാരിൽ പരക്കെയുണ്ട്. ധൃതിയിൽ പോകുന്ന യാത്രക്കാർ പോലും ഇതിൽ ഒന്ന് തലോടിയിട്ടു പോകുന്നത് കാണാമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിമയാകെ ക്ളാവു പിടിച്ചിരിക്കുന്നെങ്കിലും പട്ടിയുടെ തല സ്വർണ്ണം പോലെ തിളങ്ങുന്നതു രസകരമായി തോന്നി. മൂന്ന് ദശാബ്ദത്തിലേറെയായി ന്യൂയോർക്ക് മെട്രോയിൽ സേവനമനുഷ്ഠിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം മോസ്കോ മെട്രോയിലുള്ള സന്ദർശനം വളരെ താത്പര്യമുളവാക്കുന്നതായിരുന്നു. അവിടെ നിന്നുള്ള മടക്ക യാത്രയും മെട്രോയിൽ തന്നെ ആയിരുന്നു. തുടർന്ന് ഞങ്ങൾ ക്രെംലിനിലേക്കാണ് പോയത്.”
“ചരിത്ര രഹസ്യങ്ങളുറങ്ങുന്ന ക്രെംലിൻ സോവിയറ്റ് യൂണിയന്റെ ഭരണ സിരാ കേന്ദ്രമല്ലായിരുന്നോ?”

“അതെ. അതിനും മുൻപേ ക്രെംലിൻ ചരിത്ര പ്രസിദ്ധമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തുടങ്ങിയ ‘സാർ’ ചക്രവർത്തിമാർക്കു മുൻപുതന്നെ ക്രെംലിൻ പ്രസിദ്ധമായിരുന്നു. എന്നാലും ആദ്യത്തെ ‘സാർ’ ചക്രവർത്തിയായിരുന്ന അയ്‌വാൻ (Ivan the Terrible) ആണ് ഇത് പുതുക്കി ശക്തിദുർഗമായ കോട്ടയാക്കി മാറ്റിയത്. അഞ്ചു കൊട്ടാരങ്ങളും നാല് വലിയ ദേവാലയങ്ങളും വൻകോട്ടമതിലും അതിനു വെളിയിലായി ഒരു കുതിരക്കു ചാടി കടക്കാൻ വയ്യാത്ത വീതിയിലുള്ള കിടങ്ങും നിർമ്മിച്ചു സുരക്ഷിതമാക്കിയ സ്ഥലമാണ്. ‘ക്രെംലിൻ’ എന്ന വാക്കിന്റെ അർഥം ‘കോട്ട’ എന്നാണ്. തെക്കു മോസ്‌കോവ് നദിയും കിഴക്കു സെന്റ് ബേസിൽ  കത്തീഡ്രലും പടിഞ്ഞാറ് അലക്‌സാണ്ടർ ഗാർഡൻസുമാണ് അതിരുകളായി നിൽക്കുന്നത്. ക്രെംലിൻറെ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ് നെപ്പോളിയൻ ബോണപ്പാർട് നയിച്ച ഫ്രഞ്ച് പടയുമായുള്ള പോരാട്ടം.

അഞ്ചു ലക്ഷത്തിൽപരം പടയാളികളുമായി 1812 ജൂണിൽ മോസ്കോയിലേക്ക് ഇരച്ചു കയറിയ സൈനിക വ്യൂഹത്തോടു പിടിച്ചു നില്ക്കാൻ റഷ്യക്കായില്ല. എന്നാൽ കീഴടങ്ങാൻ നെപ്പോളിയൻ ആവശ്യപ്പെട്ടിട്ട് റഷ്യ വഴങ്ങിയില്ല. റഷ്യയിലെ കൊടുംതണുപ്പ് അനുഭവിച്ചിട്ടില്ലാത്ത ഫ്രഞ്ച് പടയെ അവിടെത്തന്നെ തളച്ചിടാനുള്ള റഷ്യക്കാരുടെ അടവ് ഫലിച്ചു. കാര്യമായ ഭക്ഷണ സാമഗ്രഹികളൊന്നും ബാക്കി വയ്ക്കാതെ ജനങ്ങൾ വീട് ഒഴിഞ്ഞുപോയി. പട്ടിണികിടന്നും കൊടുംതണുപ്പിൽ പിടിച്ചു നിൽക്കാൻ ആവാതെയും നെപ്പോളിയന്റെ സൈന്യം കൂട്ടമായി മരണത്തിനു കീഴടങ്ങി. റഷ്യക്കാർ ക്രെംലിനു തീകൊടുത്തു. പിടിച്ചു നിൽക്കാനാവാതെ  ഏതാണ്ട് നാലു ലക്ഷം പേരോളം മരിച്ചു വീണു കഴിഞ്ഞപ്പോൾ നെപ്പോളിയൻ ബാക്കിയുള്ളവരെയും കൊണ്ട് പലായനം ചെയ്തു. പിന്നീട് എത്രയോ സംഭവങ്ങൾക്ക് ഈ കോട്ട സാക്ഷിയായിരിക്കുന്നു!

നെപ്പോളിയന്റെ യുദ്ധത്തിനു ശേഷം അലക്‌സാണ്ടറോവ്‌സ്‌കി ചക്രവർത്തി ഇതിലേ ഒഴുകിയിരുന്ന നെഗ്ലിന്നായ നദിയിൽ നാല് പാലങ്ങൾ പണി കഴിപ്പിച്ചു. ഇതിന്റെ തീരത്തു വിവിധ തരം കലാപരിപാടികൾ അരങ്ങേറിയിരുന്നെങ്കിലും ചക്രവർത്തി മറ്റൊരു ആശയത്തിനു വാതിൽ തുറന്നു. ഈ നദി ഭൂഗർഭത്തിലാക്കിക്കൊണ്ടു ക്രെംലിനിൽ മനോഹരമായ ഒരു ഗാർഡൻ നിർമിക്കുക! ക്രെംലിൻറെ പഴയ പ്രൗഢി വീണ്ടെടുക്കാൻ വേണ്ടി ആയിരുന്നു. ഇന്ന് ഈ നദി ഒഴുകുന്നത് ക്രെംലിന് അടിയിൽകൂടി മൂന്നു കിലോമീറ്റർ ദൂരം വലിയ കുഴലിനകത്തുകൂടിയാണ്.”

“അപ്പോൾ ബോൾഷെവിക് വിപ്ലവം അരങ്ങേറിയതും ഇവിടെയല്ലേ?”
“ആത്യന്തികമായി അവർ ഭരണം പിടിച്ചെടുക്കുകയായിരുന്നല്ലോ. ബോൾഷെവിക് പാർട്ടിയുടെ മുഖ്യമായ പ്രവർത്തന മേഖല അന്നത്തെ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആയിരുന്നെങ്കിലും മോസ്കോവിലേക്കു പടർന്നത് അതിശീഘ്രമായിരുന്നു. വ്ളാഡിമിർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് വിപ്ലവകാരികൾക്കുള്ള ജനപിന്തുണ വർദ്ധിക്കുന്നത് കണ്ട സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ സ്ഥാനത്യാഗം ചെയ്‌തു.
അധികാരമുപേക്ഷിച്ചാൽ പകരം ചക്രവർത്തിയുടെ കുടുംബത്തെ ഉപദ്രവിക്കില്ലെന്ന് പാർട്ടി നേതാക്കൾ ഉറപ്പുകൊടുത്തു. കൊട്ടാരം വിട്ടിറങ്ങിയ ചക്രവർത്തിയെയും കുടുംബത്തെയും  സൈബീരിയയിലേക്കു നാട് കടത്തി. എന്നാൽ സൈബീരിയയിൽ എത്തിയ ചക്രവർത്തിയെയും ആ കുടുംബത്തിലെ ആബാലവൃദ്ധം അംഗങ്ങളെയും വിപ്ലവകാരികൾ നിഷ്ക്കരുണം കൊലപ്പെടുത്തി. ഇതിൽ ലെനിന് പങ്കുണ്ടെന്നു  ജനങ്ങൾ വിശ്വസിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നു മാത്രമല്ല അദ്ദേഹം ഈ സംഭവത്തെ പിന്നീട് അപലപിക്കുകയും ചെയ്തു എന്നാണ് ഞങ്ങളുടെ ഗൈഡ് റഷ്യക്കാരനായ കിറിൽ പറഞ്ഞത്.

ലെനിൻ ഭരണം ഏറ്റെടുത്തത് വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ പൂർണമായി യാഥാർഥ്യമാക്കാൻ കഴിയുന്നതിനു മുൻപ് 54-ആം വയസ്സിൽ തലയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ആകസ്മികമായി അന്ത്യം സംഭവിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ലെനിൻ സ്മാരകമന്ദിരത്തിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു. 97 വർഷങ്ങള്ക്കു ശേഷം ഇന്നും അദ്ദേഹം ഉറങ്ങി കിടക്കുന്നതുപോലെയാണ് യാതൊരു കേടുപാടുമില്ലാതെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.”
“സന്ദർശകരെ കാണിക്കുമോ? ഇയാൾക്ക് കയറി കാണാനുള്ള അവസരമുണ്ടായോ?”

“സന്ദർശകരെ അനുവദിക്കും. രാവിലെ പരമാവധി നാലു മണിക്കൂർ മാത്രം. എനിക്കതു കാണാനുള്ള അവസരമുണ്ടായി. ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല. കാരണം തുടർച്ചയായുള്ള ക്യാമറാ ഫ്ലാഷുകൾ അന്തരീക്ഷത്തിലുണ്ടാക്കാവുന്ന നേരീയ താപനില വ്യതിയാനം പോലും ആ ഭൗതിക ശരീരത്തിനു ക്ഷതമേല്പിച്ചേക്കാമെന്നാണ് ഒരു പോലീസ് ഓഫീസർ പറഞ്ഞത്. അതുകൊണ്ടു ഫോട്ടോ എടുക്കാൻ സാധിച്ചില്ല. ഓരോ മൂന്നു വർഷത്തിലും ഒരു ദിവസം ഈ സ്മാരക മന്ദിരം അടച്ചിടും. ഈ ശവശരീരം കേടുകൂടാതെ സൂക്ഷിക്കാനുള്ള അറ്റകുറ്റ പണികൾക്കായിട്ടാണത്രെ! 1941 ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ മോസ്കോയിലേക്ക് ഇരച്ചുകയറുന്ന ജർമ്മൻ സൈന്യം ലെനിന്റെ ശവശരീരം നശിപ്പിച്ചേക്കുമെന്നു ഭയന്ന് റഷ്യക്കാർ ഇത് സൈബീരിയയിലേക്കു കൊണ്ടുപോയി പ്രത്യേകം സൂക്ഷിച്ചു. യുദ്ധാവസാനത്തിനു ശേഷം സുരക്ഷിതമാണെന്നു മനസ്സിലായപ്പോൾ മാത്രം തിരിച്ചു കൊണ്ടുവരികയും ഗ്രാനൈറ്റിൽ തീർത്ത കല്ലറയിൽ സൂക്ഷിക്കയും ചെയ്തു. ഓർത്തഡോക്സ് സഭയിൽ മാമോദീസ ഏറ്റിട്ടുള്ള ലെനിന്റെ ഭൗതിക ശരീരം ഒരു ദേവാലയത്തിൽ സ്ഥാപിക്കണമെന്നു ചിലരെങ്കിലും വാദിച്ചെങ്കിലും ഭരണാധികാരികളും ഭൂരിപക്ഷം സഭാ നേതാക്കളും അനുകൂലിച്ചില്ല. ഭരണങ്ങൾ മാറി മാറി വന്നെങ്കിലും ക്രെംലിനിൽ സൂക്ഷിച്ചിരിക്കുന്ന ലെനിന്റെ ശവശരീരം അവിടെനിന്നും മാറ്റി സംസ്‌കരിക്കാൻ ആർക്കും ധൈര്യം ഉണ്ടായിട്ടില്ല.”
“മതസ്വാതന്ത്ര്യം നിഷേധിച്ച്‌ ദേവാലയങ്ങൾ മ്യൂസിയങ്ങളാക്കിയ ലെനിന്റെ ജഡം ദേവാലയ പരിസരത്തു സംസ്‌കരിക്കാൻ പിന്നെ സഭാധികാരികൾ സമ്മതിക്കുമോടോ? സ്റ്റാലിന്റെ ബോഡിയും ഇതുപോലെ സൂക്ഷിച്ചിട്ടുണ്ടോ? അതെവിടെയാണ്?”
“ഇല്ല. ഉരുക്കുമുഷ്ടിയോടെ ഭരിച്ച ജോസഫ് സ്റ്റാലിന്റെ ശവശരീരം അദ്ദേഹം മരണപ്പെട്ട മാർച്ച് 1953 മുതൽ 1961 ഒക്ടോബർ വരെ ലെനിന്റെ തൊട്ടടുത്തായി എംബാം ചെയ്തു സൂക്ഷിച്ചിരുന്നു. എന്നാൽ സ്റ്റാലിന് ശേഷം ഭരണത്തിൽ വന്ന ക്രൂഷ്ചേവ് മുൻഗാമിയുടെ കിരാതമായ പല നടപടികളും റദ്ദു ചെയ്തു. ദശലക്ഷക്കണക്കിനു വരുന്ന രാഷ്ട്രീയ തടവുകാരെ ലേബർ ക്യാമ്പുകളിൽ നിന്നും സ്വതന്ത്രരാക്കി. ഒടുവിൽ സ്റ്റാലിന്റെ ജഡവും അവിടെ നിന്നും മാറ്റി യുദ്ധത്തിൽ മരിക്കുന്ന ധീര സൈനികരെ അടക്കുന്ന ‘നാഷണൽ സെമിത്തേരി’യിൽ ക്രെംലിൻ ഭിത്തിയുടെ മറുപുറത്തു ലെനിൻ മുസോളിയത്തിന്റെ പുറകിലായി കല്ലറയിൽ അടക്കം ചെയ്തു. നമ്മുടെ രാജ്ഘട്ടിലെപ്പോലെ വലിയ സ്മാരകങ്ങളായിട്ടല്ല ഇവ സൂക്ഷിച്ചിരിക്കുന്നത്. സമാന രൂപകല്പനയിൽ സാധാരണ രീതിയിലുള്ള ചെറിയ കല്ലറകളാണ് അവിടെയുള്ളവ എല്ലാം തന്നെ. ഈ നിരയിൽ സോവിയറ്റ് യൂണിയന്റെ ശില്പികളായിരുന്ന പല നേതാക്കന്മാരും അന്ത്യവിശ്രമം കൊള്ളുന്ന കുടീരങ്ങൾ കാണാം.
1917 ൽ നടന്ന ഒക്ടോബർ വിപ്ലവത്തിൽ കൊല്ലപ്പെട്ട 240 ബോൾഷെവിക് പോരാളികളെ അടക്കം ചെയ്തുകൊണ്ടു തുടങ്ങിയ ഈ ദേശീയ ശ്‌മശാനത്തിൽ പിന്നീട് പല യുദ്ധങ്ങളിലും വീരമൃത്യു വരിച്ച നൂറുകണക്കിനു സൈനികരെ സംസ്കരിച്ചു. 1985 നു ശേഷം ഇവിടെ ആരെയും അടക്കിയിട്ടില്ലെങ്കിലും ആ സൈനികരുടെ ബഹുമാനാർഥം ഒരിക്കലും കെടാത്ത ഒരു തീനാളം ഇന്നും ഇവിടെ എരിഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടെ ഫുൾ യൂണിഫോമിൽ സായുധരായ സൈനികർ ഇടയ്ക്കിടെ മാർച്ച്പാസ്റ്റ് നടത്തി റീത്ത് സമർപ്പിക്കാറുണ്ട്. ഇത് അലക്‌സാണ്ടർ ഗാർഡൻസിലെക്കുള്ള മുഖ്യ കവാടത്തിലാണ്.”
“അവിടെ ഏതോ പ്രസിദ്ധമായ ഒരു ദേവാലയവുമില്ലേ?”
“ഉണ്ട്. അത് നമുക്കു നാളെയാകാം.”
“എങ്കിൽ അങ്ങനെ ആകട്ടെടോ.”
“ശരി പിള്ളേച്ചാ, നാളെ കാണാം.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular