Saturday, April 20, 2024
HomeIndiaചന്നിയുടെ പുലിവാലിൽ പിടിച്ചത് പ്രിയങ്ക

ചന്നിയുടെ പുലിവാലിൽ പിടിച്ചത് പ്രിയങ്ക

പഞ്ചാബ് മുഖ്യമന്ത്രി പുലിവാലു പിടിച്ചാൽ അതു പഞ്ചാബിൽ ഒതുങ്ങുന്ന പ്രശ്‌നമായി കലാശിക്കാം. പക്ഷെ അടുത്തിരുന്നു ചിരിച്ചു പോയതിന്റെ പേരിൽ പുലിവാലു പിടിച്ചത് കോൺഗ്രസ്  അഖിലേന്ത്യ നേതാവ് പ്രിയങ്കാ ഗാന്ധിയാണ് എന്നതു കൊണ്ട് പാർട്ടിക്ക് മറ്റു പല സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടേണ്ടി വരുന്നു എന്നതാണ് പ്രശ്‌നം.

ഞായറാഴ്ച്ച നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടു പിടിച്ചു നിൽക്കെയാണ് ബുധനാഴ്ച ഒരു റോഡ് ഷോയിൽ  കോൺഗ്രസ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞത് “യു പി, ബിഹാറി, ദില്ലി ഭയ്യമാരെ” പഞ്ചാബിൽ നിന്ന് അകറ്റി നിർത്തണമെന്ന്. പഞ്ചാബികളെ സുഖിപ്പിക്കാൻ ആവേശം കൊണ്ടങ്ങു പറഞ്ഞപ്പോൾ തൊട്ടടുത്ത് പ്രിയങ്കാ ഗാന്ധി ഇരിപ്പുണ്ടായിരുന്നു എന്ന കാര്യം ചന്നി ഓർക്കാഞ്ഞതെന്തേ ആവോ. പ്രിയങ്കയുടെ നിറഞ്ഞ ചിരി ചിത്രങ്ങളിൽ കാണാം.
ചെന്നി തന്റെ അഖിലേന്ത്യ നേതാവിനെ പഞ്ചാബിയാക്കാനും മടിച്ചില്ല. “പ്രിയങ്ക ഗാന്ധി പഞ്ചാബിന്റെ മരുമകളാണ്, പഞ്ചാബികളുടെ മരുമകൾ. ഉത്തർ പ്രദേശിൽ നിന്നും ബിഹാറിൽ നിന്നും ദില്ലിയിൽ നിന്നും ഭയ്യമാർക്ക് ഇവിടെ വന്നു ഭരിക്കാനാവില്ല. യു പി ഭയ്യമാരെ ഞങ്ങൾ പഞ്ചാബിൽ കയറ്റില്ല.”

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പഞ്ചാബ് പ്രചാരണത്തിനിടയിൽ ഈ വിഷയം ആയുധമാക്കിയത് പ്രിയങ്കയെ തന്നെ ലക്‌ഷ്യം വച്ചായിരുന്നു. “ദില്ലിയിൽ നിന്നുള്ള കുടുംബം അപ്പോൾ കൈയടിച്ചു,” അദ്ദേഹം പറഞ്ഞു. “പഞ്ചാബിന്റെ കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞത് രാജ്യം മുഴുവൻ കേട്ടു. അദ്ദേഹത്തിന്റെ യജമാനയായ സ്ത്രീ അടുത്ത് നിന്ന് കൈയടിച്ചു.

“ഗുരുഗോവിന്ദ് ജനിച്ചത് എവിടെയാണ്. പട്നയിൽ, ബിഹാറിൽ. ഗുരുഗോവിന്ദിനെ നിങ്ങൾ പുറത്താക്കുമോ. ഗുരു രവിദാസിന്റെ ജയന്തി ഇന്നലെ ആഘോഷിച്ചു. അദ്ദേഹം ജനിച്ചത് എവിടെയാണ്. വാരാണസിയിൽ. യു പി.  “ഇത്തരം വിഭജന മനസ്ഥിതി ഉള്ളവരെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാൻ അനുവദിക്കരുത്.”
ബി ജെ പി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു അടുത്തിരുന്നു ചന്നി വചനം കേട്ട് ചിരിച്ച പ്രിയങ്ക യു പി ജനതയെ ആക്ഷേപിക്കയായിരുന്നു എന്ന്. നാലോ അഞ്ചോ സീറ്റിൽ ഒതുങ്ങാവുന്ന അവസ്ഥയിലാണ് യു പിയിൽ കോൺഗ്രസെങ്കിലും കൂടുതൽ സീറ്റ് കിട്ടാവുന്ന സംസ്ഥാനങ്ങളിലും പ്രിയങ്കയ്ക്കും പാർട്ടിക്കും ഇത് പ്രശ്നമാവും എന്നുറപ്പാക്കാനാണ് ബി ജെ പിയുടെ ശ്രമം.

യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ചു പറഞ്ഞത് ന്യായീകരിക്കാൻ ബി ജെ പി യുടെ കേരള നേതാക്കൾ ഓവർടൈം പണി ചെയ്യേണ്ടി വന്നതു പോലെയായി കോൺഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. അവനവന്റെ മൂക്കിനപ്പുറം ലോകമില്ലെന്നു കരുതുന്ന നേതാക്കൾ സദാ വിളിച്ചു വരുത്തുന്ന പ്രശ്നം.

പഞ്ചാബിൽ കോൺഗ്രസിന് കനത്ത വെല്ലുവിളി ഉയർത്തുന്ന ആം ആദ്‌മി പാർട്ടി ആവട്ടെ, ചന്നി പറഞ്ഞ ദില്ലി ഭയ്യയുടെ സൂചന മനസിലാക്കി. എ എ പി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യന്റെ വാക്കുകൾ നാണക്കേടാണെന്ന് തുറന്നടിച്ചു. “ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ ലക്‌ഷ്യം വച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അദ്ദേഹം എന്നെ ‘കറുമ്പൻ’ എന്ന് വിളിക്കാനും മടിച്ചില്ല.”
കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തു വന്നുവെന്നു ബി ജെ പി പറഞ്ഞു. “പ്രിയങ്ക വർദ യു പിയിൽ ചെല്ലുമ്പോൾ യു പിയുടെ മകളാണെന്നു പറയും. പഞ്ചാബിൽ യു പി-ബീഹാർ ജനങ്ങളെ ആക്ഷേപിക്കുമ്പോൾ അവർ കൈയ്യടിക്കും. ഇതാണ് അവരുടെ ഇരട്ടത്താപ്പ്.”

ബീഹാർ മന്ത്രി സഞ്ജയ് ഛാ  പ്രതികരിച്ചത് ഇങ്ങിനെ: “ആ പ്രസ്താവന അപലപനീയമാണ്. യു പി-ബീഹാർ ജനങ്ങൾ എവിടെ പോയാലും കഠിനാധ്വാനം കൊണ്ട് സ്വന്തമായ ഇടം നേടുന്നവരാണ്. സംസ്ഥാനങ്ങളുടെ വികസനത്തിന് അവർ സംഭാവന നൽകുന്നു.
“ഇതൊരു നാണം കേട്ട പ്രസ്താവന ആയിപ്പോയി. ഇന്ത്യയിൽ സഞ്ചരിക്കാൻ നമുക്ക് പാസ്പോർട്ട് വേണോ? ഇത്തരം മനസ്ഥിതിയാണ് കോൺഗ്രസിന്റെ അധഃപതനം. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർന്നു കേൾക്കും അവർ ഇത്തരം ഭാഷ സംസാരിച്ചാൽ.”
നരേന്ദ്ര മോദി കർഷക സ്നേഹം വിളമ്പുമ്പോൾ ബി ജെ പിയുടെ മുൻ സഖ്യകക്ഷി അകാലി ദളിന്റെ തലവൻ സുഖ്‌ബീർ സിംഗ് ബാദൽ പഞ്ചാബിന്റെ സ്വന്തം പാർട്ടിയാണിത് എന്ന് ഊന്നിപ്പറയുന്നു. “ദില്ലിയിൽ നിന്ന് നിയന്ത്രിക്കുന്നവർക് പഞ്ചാബിന്റെ മനസ് മനസിലാവില്ല.”
പഞ്ചാബികൾക്കു 75 % തൊഴിൽ സംവരണം ആണ് ദൾ വാഗ്‌ദാനം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular