Thursday, March 28, 2024
HomeKeralaഓർമ്മകൾ നിത്യഹരിതം (ഫിലിപ്പ് ചെറിയാൻ)

ഓർമ്മകൾ നിത്യഹരിതം (ഫിലിപ്പ് ചെറിയാൻ)

ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട്.
നവതി പിന്നിട്ട നിത്യഹരിതനായകൻ പദ്മ ഭൂഷൺ പ്രേം നസീറിന്റെ 33-)൦ ചരമ വാർഷികം  ജനുവരി 16 നു ആയിരുന്നല്ലോ?

ഏത് ആംഗിളുകളിൽ നിന്നെടുത്തലും പ്രേം നസീർ സുന്ദരൻ. അദ്ദേഹം ആരെയും ഉപദ്രവിക്കാനോ അല്ലെങ്കിൽ ഒന്നും വെട്ടി പിടിക്കാനും പോയിട്ടില്ല. സഹായിക്കാനുള്ള മനസ്സ് എന്നും ഉണ്ടായിരുന്നു താനും. നവതി ചടങ്ങിൽ ഉർവശി ശാരദ പറയുന്നു ദൈവും മനുഷ്യ രൂപത്തിൽ അവതരിക്കുമെന്ന്. കെ പി എ സി ലളിത പറയുന്നു വീടുവാങ്ങിക്കാനുള്ള തുക തികയാതെ വന്നപ്പോൾ കൊടുത്ത പതിനായിരം രൂപയെപ്പറ്റി. ചോദിക്കാതെ അറിഞ്ഞു സഹായിക്കുന്ന വലിയ മനുഷ്യൻ. നന്മയുടെ, സ്നേഹത്തിന്റെ, സൗന്ദര്യത്തിന്റെ, സഹാനുഭൂതിയുടെ, ഒക്കെ പര്യായം ഒറ്റവാക്കിൽ ഒതുക്കാമെങ്കിൽ അതാരെന്നു ഏവർക്കും നന്നായി അറിയാം. അനനുകരണീയനായ വ്യക്തി,  പ്രേം നസീർ.

റൊമാന്റിക് സങ്കല്പങ്ങളുടെ പര്യായമാണ് പ്രേംനസീർ. പത്മരാജൻ ഒരിക്കൽ പറഞ്ഞത് ഓര്മ വരുന്നു, ‘നസീറിന്റെ യൗവന കാലത്താണ് ഞാൻ ഗന്ധർവ്വൻ എന്ന പടം പിടിച്ചിരുന്നതെങ്കിൽ ഒരു മറുനാടൻ ഗന്ധർവനെപറ്റി ആലോചിക്കപോലും ഇല്ലായിരുന്നു.’ ആകാര ഭംഗികൊണ്ടും ശരീരഭാഷ കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്ന ഈ ഗന്ധർവനെ എത്രയോ ഗാനരംഗങ്ങളിൽ നാം കണ്ടുമുട്ടിയിട്ടുണ്ട്. നസീർ നല്ലൊരു ഗായകൻ കൂടിയായിരുന്നു എന്ന് അധികമാരും അറിയാത്ത സത്യം. റാഫിയും സൈഗളും ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടഗായകർ എന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ ഓർമപ്പെടുത്തുന്നു.

തിരക്കഥാകൃത് ജോൺ പോൾ അദ്ദേഹത്തിന്റെ സ്മൃതി വിഡിയോയിൽ അതിനു സാക്ഷിയായും  ഉണ്ടെന്നു കാണാൻ കഴിഞ്ഞിട്ടുണ്ട്. പാട്ടിന്റെ വരികൾ വിമർശനാത്മകമായി വിലയിരുത്തുന്നതിനുമുള്ള കഴിവ് വായിച്ചിട്ടുണ്ട്. ദാസേട്ടന്റെ ഭാഷയിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ മനോഹരമായി ആലപിച്ചഭിനയിക്കുന്നതിനുള്ള കഴിവും പലപ്പോഴു൦ അദ്ദേഹം വിവരിച്ചു കണ്ടിട്ടുണ്ട്. ദാസേട്ടനോട് ചേർന്നുനിൽക്കുന്ന അത്യപൂർവമായ ശബ്ദസാമും മറ്റേതു നടനെക്കാളും കൂടുതൽ.

ജന്മ സിദ്ധമായ സംഗീതബോധം തന്നെയാണ് ദാസേട്ടന്റെ ഗാനലോപനത്തിലെ സൂക്ഷ്‌മാംശങ്ങൾ പോലും മറ്റൊരു നടനും സ്വപ്നം കാണാൻ ആവാത്തവിധം ഭാവ തീവ്രമായി സമാനതകളില്ലാതെ അവതരിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്ന് ഏവർക്കും നിസംശയം പറയാം. ഏതു ഗാനം   ആയാലും, അവയൊക്കെ അനശ്വരമായത് അല്ലെങ്കിൽ അനശ്വരമാക്കിയത് അദ്ദേഹത്തിന്റെ രംഗ സാന്നിധ്യം  കൊണ്ടുകൂടിയല്ലേ? ഗാനങ്ങളുടെ പൂര്ണതയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലായിരുന്നു. ശരിയായില്ലെങ്കിൽ പലപ്പോഴും റീഷൂട് ചെയേണ്ടിയും വന്നിട്ടുണ്ട്.

ഒരനുബന്ധം കൂടി.
ഒരിക്കൽ അമേരിക്കയുടെ പ്രസിഡന്റ് എബ്രഹാം ലിങ്കൺ  കുതിരവണ്ടിയിൽ സവാരി ചെയ്യുന്നു. രണ്ടു വശത്തുനിന്നും പ്രസിഡന്റിനെ കാണാൻ ആൾകാർ ഒത്തുകൂടുന്നു. ഒരാൾ   കൈ കൂപ്പി അഭിവാദ്യ൦ അർപിക്കുമ്പോൾ ലിങ്കനും  എഴുന്നേറ്റു പ്രത്യഭിവാദ്യം ചെയ്യുന്നു. എല്ലാം കഴിഞ്ഞു ആഴ്ച്ചര്യപെട്ടു കുതിരവണ്ടിക്കാരന്റെ ചോദ്യു൦.  ” അങ്ങ്‌   അമേരിക്കയുടെ പ്രസിഡന്റ് അല്ലെ? പിന്നെ എന്തിനു   എഴുന്നേറ്റുനിന്നു   അഭിവാധ്യം  ചെയ്തു.”  തികച്ചും ന്യായമായ ചോദ്യ൦. തിരിച്ചു മറുപടി, ” എന്നെക്കാൾ വിനയാന്വിതനാകാൻ മറ്റൊരാളെയും ഞാൻ അനുവദിക്കില്ല”.

അതിനൊരു തെളിവായിരുന്നു പ്രേം നസീർ.
ചിലരെ നാം ഇഷ്ടപെടും, അവരുടെ കുറവുകൾ നോക്കാതെ തന്നെ. അവരെ നാം മനസ്സിൽ  കൊണ്ട് നടക്കും. ചിലരൊക്കെ കൂടപ്പിറപ്പു പോലെ കൂടെ ഉണ്ടാകും. ചിലരൊക്കെ അതിനു മുകളിലും നമ്മോടൊപ്പും ഉണ്ടാകും. ഞാൻ പറഞ്ഞു വരുന്നത്  മലയാളത്തിലെ എക്കാലത്തെയും നിത്യ ഹരിത നായകൻ പ്രേം നസീറിനെപറ്റി. നേരിൽ കാണുവാനും സംസാരിക്കാനും കുറെ സമയം ചിലവഴിക്കാനും ഭാഗ്യം  കിട്ടി. ആ സുന്ദര മനുഷ്യസ്നേഹിയെപ്പറ്റി പറയട്ടെ?

പോലീസ് ഓഫീസർ ആയിരുന്ന എന്റെ പിതാവിന്റെ ജോലിയുമായി  ബന്ധപെട്ടാണ് 1971  ൽ പാലായിൽ താമസമാക്കുന്നത്.  എന്റെ പഠനവുമായി

ബന്ധപ്പെട്ടുകൂടിയാണ്  അവിടെ എത്തുന്നത്. 1971  മുതൽ 1975 വരെ പാലാ സെന്റ്‌ തോമസ് കോളേജിൽ പഠനം.

തിരയും തീരവും എന്ന സിനിമ ചെറുപുഷ്പം ബാനറിൽ നിർമിക്കുന്നു. നിർമാതാവ് ചെറുപുഷ്പം കൊച്ചേട്ടൻ   നമ്മളെ വിട്ടു പോയി.  അച്ചായന്റെ  അടുത്ത  സുഹൃത്തായിരുന്നു . ശ്രീദേവി നായികയായി  പല മൂവികളും അദ്ദേഹം നിർമിച്ചു. രവികുമാർ എന്ന നടന്റെ പാലായിലെ നിത്യ സമീപ്യം  ഓർക്കുന്നു.

തിരയും തീരവും മൂവി ഷൂട്ടിംഗ് ഭരണങ്ങാനം പള്ളിയുടെ സമീപത്തുള്ള പാലായിലെ മറ്റത്തിൽ കുടുംബത്തിൽ നടക്കുന്നു. ഇരുപത്തിരണ്ടു  പ്രായം വരുന്ന എനിക്ക് പ്രേം നസീർ എന്ന നടനെ കാണാനുള്ള ചിരകാല അഭിലാഷം സാധിതമാവുന്നു. നസീർ, സോമൻ, രവികുമാർ, ജയഭാരതി, ജയപ്രഭ ഇവരൊക്കെ പ്രധാന അഭിനേതാക്കൾ.

യാഷിക്കയുടെ 35 എംഎം ക്യാമറ അന്ന് ഞാൻ കരുതിയിരുന്നു. പല സുഹൃത്തുക്കളെയും  എനിക്കവിടെ  കാണാൻ കഴിഞ്ഞു. നിത്യ ഹരിത നായകൻ അദ്ദേഹത്തിന് വീണു കിട്ടിയ ഒരു ഇടവേളയിൽ സോഫയുടെ ഒരു മൂലയിൽ ഇരുന്ന്   ഒരു പെൺകുട്ടി പാടുന്നത്  ആസ്വദിച്ച് കൊണ്ടിരിക്കുന്നു.

‘പാടൂ  ഇനിയും പാടൂ , മനോഹരമായിരിക്കുന്നു. നല്ല ശബ്‌ദ൦ പാടൂ  പ്ളീസ്.’ അവിടെ സംഭാഷണം നില്കുന്നു. ക്യാമറ  കണ്ടമാത്രയിൽ ആ പെൺകുട്ടി അങ്കിളേ എന്റെ ഒരു പടം എടുത്തു തരുമോ? പെൺകുട്ടി വീട്ടുടമയുടെ മകളായിരുന്നു. ഞങ്ങൾ രണ്ടാം നിലയിൽ പോയി പടം എടുക്കാൻ .
ക്ഷണിക്കുന്നു- സോമനും നസീറും ജയപ്രഭയും ഒപ്പും നില്കുന്നു. ക്യാമെറയുടെ മോഡ് എനിക്ക് നിശ്ചയമില്ലാത്തതിനാൽ കളർ ഫോട്ടോ  ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് റെക്കോർഡ് ചെയ്‍തത്.

അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കുക എന്നുള്ളതായിരുന്നല്ലോ എന്റെ ലക്ഷ്യ൦.  നസീർ സാറിനോട് ചോദിച്ചു ഞാൻ അല്ലെ ഈ പടം ഒക്കെ എടുത്തത് , ഞാനും കൂടെ നിന്ന്  ഒരുപടം എടുത്തോട്ടെ?
നസീർ സർ, ആ പറഞ്ഞത് ന്യായം. രണ്ടു ക്ലിക്ക് എന്റെ ഫ്രണ്ട് എടുത്തപ്പോൾ ഫ്ലാഷ് വീണില്ല. ഞാൻ അടുത്തുപോയി ക്യാമറ അഡ്ജസ്റ്മെന്റ്  കാണിച്ചുകൊടുത്തു. ഒറ്റയൊരു ഫ്ലാഷ്, അതിനു ശേഷ൦ ഒന്നുകൂടെ എടുക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഒന്ന് കൂടി എടുക്കാൻ ഞാൻ പോകുന്നതിൽ നിന്നും മുൻപേ അദ്ദേഹം എന്നെ തടഞ്ഞു. നസീർ സർ പറഞ്ഞു ” പ്ളീസ് ഡോണ്ട് ഡിസ്റ്റർബ്  മി “. ആ പടം ഇവിടെ ചേർക്കുന്നു. കുറെ സമയം അവിടെ ചിലവഴിച്ചു.

സോമനും രവികുമാറുമായി കുറെ സമയം വെളിയിൽ ചിലഴിച്ചു. നസീറിനെ പോലെ സൂര്യ തേജസുള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ, എന്റെ കൃത്യ നിഷ്ടയിൽ, സ്വഭാവ  ക്രമീകരണത്തിൽ, എന്നെ ഇത്രയോളം സ്സ്വാധീനിച്ചിട്ടുള്ള മറ്റൊരു വ്യക്തി ഉണ്ടാകില്ല.
ഒരിക്കൽ തിക്കുറിശ്ശി സുകുമാരൻ പറഞ്ഞത് പോലെ, ആനയും, കടലും പിന്നെ പ്രേം നസീറിനെയും എത്ര കണ്ടാലും മതി വരികില്ല. ഞാൻ അത് തിരുത്തുന്നു എത്ര കണ്ടാലും പ്രേം നസീറിനെ മതി വരികില്ല. ഒരു കാലത്ത്  തരുണി മണികളുടെ ഇഷ്ട കാമുകൻ. അവരുടെ ഉറക്കം കെടുത്തുന്ന ഗന്ധർവ്വൻ. ഇത്രത്തോളം ഭംഗിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല.

പൗരുഷവും സ്ത്രൈണ ഭാവവും കൂടി ഒരുമിച്ചുവന്നതാണ് പ്രേം നസീർ എന്ന വ്യക്തിയെ മറ്റാരേക്കാളും സുന്ദരനാക്കുന്നത്. നാണവും വിനയവുമാണ് അദ്ദേഹത്തിന്റെ സ്ത്രൈണ ഭാവും. അവസരങ്ങൾ വരുമ്പോൾ എന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞിട്ടുള്ളത് രണ്ടു പേർ മാത്രം. ഇരുട്ടിന്റെ ആത്മാവിൽ വേലായുധനെ അവതരിപ്പിക്കാൻ തന്നെ കൊണ്ട് സാധിക്കില്ല എന്ന് എംടിയോടും പി ഭാസ്കരനോടും തുടക്കത്തിൽ പറഞ്ഞ  പ്രേംനസീർ അതിൽ ഒരാൾ. മലയാളത്തിൽ ഒരു പാട്ടു പാടണം എന്നറിയിച്ചപ്പോൾ, തന്നെ കൊണ്ടാകില്ല എന്ന് തുറന്നു പറഞ്ഞ രണ്ടാമത്തെ ആൾ ഇന്ത്യയിലെ പ്രമുഖ ഗായകൻ മുഹമ്മദ് റാഫി. കാശിനു വേണ്ടി എന്തും തട്ടി കൂട്ടുന്നവർ ആയിരുന്നില്ല അവർ. നടനെന്ന നിലയിൽ പലരും പിന്നെ വന്നിരിക്കാം, നസീർ തുറന്ന  പാതയിലൂടെ സഞ്ചരിക്കാൻ ആരും ഇന്നു  വരെ ഉണ്ടായിട്ടില്ല. ഇനിയും വരുമെന്ന് പ്രതീഷിക്കയും വേണ്ട.
ഒരിക്കൽ ഞാൻ ദാസേട്ടനോട് പറയുകയുണ്ടായി, ദാസേട്ടൻ ആണ് എന്നെ പ്രേമം പഠിപ്പിച്ചതെന്ന് . അതെന്താ അനിയാ, ദാസേട്ടൻ ചോദിച്ചു. 70-80 ബ്ലാക്ക് ആൻഡ് വൈറ്റ് മൂവി കാലഘട്ടത്തിൽ വയലാർ ദേവരാജൻ ടീം ഒപ്പം പ്രേം നസീറും  ഷീലയും.  പ്രേമിക്കാൻ പ്രേം നസീറും. അതൊക്കെ ഒരു ഗന്ധർവ കാലം. അന്ന്  ജീവിക്കാൻ പറ്റിയത് തന്നെ ഒരു ഭാഗും.

ഇന്നെനിക്കു 66 വയസു പ്രായം. 61 വയസു തികക്കാതെ 1990 ൽ നമ്മളെ വിട്ടു പോയ നസീർ സാറിന്റെ ഓർമയിൽ ഒരു സ്മാരകം ഉയരുന്നു എന്ന് കേട്ടു. അതും നസീർ സർ കളിച്ചു നടന്ന ശാർക്കര എൽ പി സ്കൂളിന്റെ സമീപം.

നസീർ സാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം കാണാൻ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ചിലപ്പോൾ അവരൊക്കെ നാട്ടിൽ പോകുമ്പോൾ, നൂറു കൂട്ടം പ്രശ്ങ്ങളുമായി ആകാം. 2018 ജനുവരിയിൽ ഞാൻ നസീർ സാറിന്റെ കബറിടവും താമസിച്ചിരുന്ന വസതിയും സന്ദർശിച്ചു.
മുൻപ്  ഒരിക്കലും കണ്ടിട്ടില്ലാത്ത ചില സുഹൃത്തുക്കളുമായി  കുറെ നാളത്തെ പ്രയത്ന  ഫലമായി ഞാൻ ചിറയിൻകീഴ് സന്ദർശിച്ചു. രണ്ടു മൂന്ന് മൈൽ ചുറ്റളവിൽ  റെയിൽവേ സ്റ്റേഷൻ, ശാർക്കര സ്കൂൾ, അടുത്തുള്ള ക്ഷേത്ര൦, സാറിന്റെ വീട്, കബറിടം, സാർ നടന്നിട്ടുള്ള ഓരോ മണ് തരികളും.

നാട്ടിലെ മുപ്പത്തഞ്ചു ദിവസങ്ങൾ മറക്കാൻ സാധിക്കാത്ത പല ഓർമകളും എനിക്ക് സമ്മാനിച്ചു. അതിൽ ഒന്നുമാത്രമാണ് പ്രേം നസീറിന്റെ വീടും പരിസരവും, അദ്ദേഹം പഠിച്ച സ്കൂൾ, കളിച്ചു നടന്ന സ്കൂൾ പരിസരം, അനാച്ഛാദനം ചെയ്ത പ്രേം നസീറിന്റെ പ്രതിമ, പിരിവു ചോദിച്ചു വന്നപ്പോൾ ആനയെത്തന്നെ വാങ്ങി സമ്മാനിച്ച ശാർക്കര ക്ഷേത്രം, ജനിച്ച കുടുംബം, താമസിച്ചിരുന്ന വീട്, മകളുടെ വീട്, അങ്ങനെ പലതും.
മുൻ നിശ്ചയിച്ച പ്രകാരം, പതിനായിരങ്ങളുടെ ഇഷ്ട ഗായകനായ, കരുനാഗപള്ളികാരനായ ഫൈസൽ മേഘമല്ഹാറും ചെങ്ങന്നൂരിൽ എന്നോടോപ്പും കൂടി. വർഷങ്ങളായി തമ്മിൽ പരിചയമുണ്ടെങ്കിൽ കൂടി തമ്മിൽ കാണുന്നത് ആദ്യം. പതിനഞ്ച്‌ മിനിട്ടു മാത്രം കിട്ടിയാൽ മതി, നേരിൽകണ്ടിട്ട് മടങ്ങിക്കോളാം എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന് എന്നോടുള്ള അടുപ്പം എത്രത്തോളം ഉണ്ടെന്നറിയാൻ ആറാമത് ഒരു ഇന്ദ്രിയത്തിന്റെ ആവശ്യo ഇല്ലല്ലോ? അവൻ എനിക്ക് മകന് തുല്യം. മനോഹരമായി പാടും. ഞങ്ങളുടെ അടുത്ത യാത്രയെ പറ്റിപറഞ്ഞപ്പോൾ ഫൈസലും കൂട്ടത്തിൽ കൂടി.

ചെങ്ങന്നൂരിലുള്ള എന്റെ അടുത്ത സുഹൃത്തായ ഈപ്പൻ നൈനാനും (ഈപ്പച്ചൻ) കൂടിയായപ്പോൾ മനസിന് കൂടുതൽ ഊർജം കിട്ടിയതുപോലെ. ചെങ്ങന്നൂർ മുതൽ ചിറയിൻകിഴ് വരെ ഫൈസൽ മനോഹരമായി പാടി കൊണ്ടേ ഇരുന്നു. ട്രെയിനിൽ പലരും ഒപ്പം കൂടി. മുൻ നിശ്ചയിച്ച പ്രകാരം ബിസിനസ്കാരനായ ആറ്റിങ്ങൽ അജയനും, മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർ ശ്രീകുമാരൻ തമ്പി സാറിന്റെ ശിഷ്യനും ആരാധകനുമായ ചിറയൻകീഴ് രാധാകൃഷ്ണനും ഒപ്പം മറ്റു രണ്ടു മൂന്നു സുഹൃത്തുക്കൾ കൂടി നിശ്ചയിച്ച പ്രകാരം ഞങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ആറ്റിങ്ങൽ അജയനോടുള്ള നന്ദി വാക്കുകൾക്കപ്പുറം. അദ്ദേഹമില്ലായിരുന്നെങ്കിൽ എന്റെ ആഗ്രഹം നടക്കുമായിരുന്നില്ല. ഉച്ച ഊണിനു ശേഷം ഞങ്ങൾ അജയന്റെ നിർദ്ദേശം അനുസരിച്ചു, നസീർ സർ പഠിച്ച സ്കൂൾ, കളിസ്ഥലങ്ങൾ, ശാർക്കര ക്ഷേത്രം, അനാച്ഛാദനം ചെയ്ത പ്രതിമ, ജനിച്ച കുടുംബം, സാർ താമസിച്ച വീട് ഒക്കെ സന്ദർശിച്ച ശേഷം, നസീർ സാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് നീങ്ങി.
തികച്ചും മൂകമായ അന്തരീഷം. ജീവിച്ചിരുന്നപ്പോൾ പതിനായിരങ്ങളുടെ തിരക്കുണ്ടായിരുന്നത്  അവിടില്ല. ഒന്നോ രണ്ടോ പേർ പള്ളിയിലേക്ക് പോകുന്ന തിരക്ക് മാത്രം. ഞങ്ങൾ എല്ലാവരും കുറെ സമയം അവിടെ
തങ്ങിയതിനു ശേഷം ഫൈസലിന്റെ പ്രാര്ഥനയോടു കൂടി അവിടെ നിന്നും മടങ്ങി. മടങ്ങുന്നതിനു മുൻപായി മുൻ നിശ്ചയിച്ച പ്രകാരം ഒരു പിടി മണ്ണ് കുടീരത്തിൽ നിന്നും ശേഖരിക്കാൻ അധികസമയം വേണ്ടി വന്നില്ല. അതായിരുന്നു എന്റെ യാത്രയുടെ ലക്ഷ്യവും.

കുറെ ഫോൺ കാൾ നടത്തിയതിനു ശേഷമാണു നസീർ സാറിന്റെ വീടിന്റെ താക്കോൽ കൈവശമുള്ള ബാബുവിനെ കിട്ടിയത്. വിശ്രമ സ്ഥലവും ബാക്കി സ്ഥലങ്ങൾ ഒക്കെയും കണ്ടല്ലോ എന്ന് കരുതി തിരിച്ചുപോകാൻ തുടങ്ങുമ്പോൾ ബാബുവും കൂടെ കുറെ അധികം  പേരും താക്കോലുമായി എവിടെ നിന്നോ അവിടെ പാഞ്ഞെത്തി. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ വലിയ ഗേറ്റ് തുറന്നു. ഞൊടിയിടക്കുള്ളിൽ വീടിന്റെ പ്രധാന വാതിൽ തുറന്നു. വീടിനുള്ളിൽ കയറി ഓരോരോ മുറിയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളും ബാബു കൃത്യമായി പറഞ്ഞു തന്നു. ബാബു, നസീർ സാറിന്റെ സന്തതസഹചാരി.
ബാബുവിന്റെ കൂടെ വന്നവർ പോലും ആ വീട് ആദ്യമായാണ് കാണുന്നത്. വളരെ ദൂരെ നിന്ന് വന്നിട്ടുള്ളവർ പോലും വീട് തുറന്നു കാണാതെ തിരികെ പോയിട്ടുള്ള കാര്യവും ബാബു ഓർമിപ്പിച്ചു. ബാബു എവിടെയോ പോകാൻ തുടങ്ങുമ്പോളായിരുന്നു ഞങ്ങളുടെ വരവറിയുന്നത്. മെരിലാൻഡ് സ്റ്റുഡിയോ ഉടമ വച്ചുകൊടുത്തതാണ് നസീർ സാറിന്റെ വീടെന്നു ബാബു പറഞ്ഞാണ് ഞാൻ അറിയുന്നത്.

നാട്ടിലെ ചൂട് അമേരിക്കയിൽ കുറെ കാലങ്ങൾ താമസിച്ചുട്ടുള്ളവർക്ക് സഹിക്കാവുന്നതിലും അപ്പുറം. ട്രെയിൻ യാത്രയും ചൂടും കൂടിയായപ്പോൾ ഞാൻ തീർത്തും അവശനായി. മുഖം കഴുകാൻ തുടങ്ങിയപ്പോൾ, മുന്നിൽ നസീർ സാറിന്റെ ബെഡ് റൂമിന്റെ സമീപത്തായി, അദ്ദേഹം ഉപയോഗിച്ചിരുന്ന വാഷ് ബേസിൻ കണ്ടു, പൈപ്പ് തുറന്നപ്പോൾ നല്ല തണുത്ത വെള്ളം. ആ മുറിയും, വാഷ്ബസിനും മറ്റും ഒരു മാറ്റവും ഇല്ല. .
അതിനോടൊപ്പം എത്രയോതവണ എത്രയോവര്ഷം മുഖം പതിഞ്ഞിട്ടുള്ള കണ്ണാടി. ആ മുഖം എത്രയോ സുന്ദരിമാരെ മോഹിപ്പിച്ചിരിക്കാം. മുഖം കഴുകി  എന്റെ മുഖം അതിലൂടെ കണ്ടപ്പോൾ ഓർമകളെ ആർദ്രമാക്കുന്ന ഒരനുഭവം.

കുറെ അധിക സമയം അവിടെ മറ്റുള്ളവരോടോപ്പും താങ്ങി. സർ മരിച്ചെന്നു വിശ്വസിക്കാൻ പ്രയാസം. ആത്മാവ് അവിടെ തങ്ങി നിൽക്കുന്നത് പോലെ ഒരു തോന്നൽ. ഏകദേശം രണ്ടു കിലോമീറ്ററിനുള്ളിൽ അദ്ദേഹത്തെ ചുറ്റുപറ്റിയുള്ള സ്ഥലങ്ങൾ. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ കഥകൾ ഓരോ മൺ തരികൾക്കും പറയുവാനുണ്ടാകും.

വൈകിട്ടുള്ള ട്രെയിനിന് മടങ്ങി. പിരിയുമ്പോൾ അജയനെയും, ബാബുവിനെയും, ഫൈസലിനേയും മറ്റു സുഹൃത്തുക്കളെയും, താൽക്കാലികം എങ്കിൽ കൂടി, നഷ്ടപ്പെടുന്നു എന്ന തോന്നൽ. ഷാജഹാൻ ചക്രവർത്തി, മുംതാസിന് വേണ്ടി പണിത സ്മാരകം അത്ഭുതങ്ങളിൽ ഒന്ന് തന്നെ. കൂടെ നമ്മുടെ നിത്യ ഹരിത നായകൻ വിശ്രമം കൊള്ളുന്ന സ്ഥലം സന്ദർശിക്കാൻ പറ്റുമെങ്കിൽ, അവിടെ ആയിരിക്കട്ടെ, നിങ്ങളുടെ അടുത്ത യാത്ര.
എന്റെ കാലയളവിൽ വരുന്ന മിക്ക ലജെന്റുകളെയും അടുത്തറിയാനും പരിചയപെടുവാനും കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അതിൽ പ്രേം നസീറും, ഗാനഗന്ധർവൻ യേശുദാസും, മെഗാസ്റ്റാർ മമൂട്ടിയും, വോളി ബോൾ ലെജൻഡ് ജിമ്മി ജോർജും മറ്റും എടുത്തുപറയേണ്ടിയവർ തന്നെ. നസീർ സർ വിജയ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ, അദ്ദേഹത്തെ ശിശ്രുഷിച്ചിരുന്നവരിൽ പ്രധാന  ഡോക്ടർ, ഡോക്ടർ കെഎം ചെറിയാൻ ഞങ്ങളുടെ  കുടുംബത്തിലുള്ള  ആൾ കൂടിയാണ്. അച്ചായന്റെ അങ്കിളിന്റെ മകൻ. അത് ഞങ്ങൾക്ക് സന്തോഷം തരുന്ന വസ്തുത തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular