Connect with us
Malayali Express

Malayali Express

ഹാര്‍ദിക്-ധവാന്‍ സഖ്യവും ‘തുണയായില്ല’: ഓസീസിനെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി

SPORTS

ഹാര്‍ദിക്-ധവാന്‍ സഖ്യവും ‘തുണയായില്ല’: ഓസീസിനെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി

Published

on

ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 375 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമാക്കി 308 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

തുടക്കത്തിലെ നാല് മുന്‍നിര ബാറ്റ്സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(76 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സും ഉള്‍പ്പെടെ 90 റണ്‍സ്) ശിഖര്‍ ധവാനും( 86 പന്തില്‍ 10 ബൗണ്ടറി ഉള്‍പ്പെടെ 74 റണ്‍സ്) അഞ്ചാം വിക്കറ്റില്‍ പ്രതീക്ഷയേകിയെങ്കിലും സ്‌കോര്‍ 229 ല്‍ എത്തിയപ്പോള്‍ സാംപ ആ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ധവാന്‍ മടങ്ങിയതിനു പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയേയും സാംപ തന്നെയാണ് മടക്കിയത്. തുടര്‍ന്ന് 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജയേയും സാംപ പറഞ്ഞയച്ചു. ഓസീസിനായി ആദം സാംപ നാല് വിക്കറ്റും ഹേസല്‍വുഡ് മൂന്ന് വിക്കറ്റും, മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസീസ് ഉയര്‍ത്തിയ 375 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സ്‌കോര്‍ 53 ല്‍ എത്തിയപ്പോള്‍ മായങ്ക് അഗര്‍വാള്‍(18 പന്തില്‍ 22 റണ്‍സ്) ഹേസല്‍വുഡിനു മുന്നില്‍ വീണു. മാക്സ്വെല്ലിനു ക്യാച്ച് നല്‍കിയാണ് അഗര്‍വാള്‍ മടങ്ങിയത്. പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലിക്കും അധികം പിടിച്ചുനില്‍ക്കാനായില്ല. 21 റണ്‍സ് മാത്രം എടുത്ത് ഹേസല്‍വുഡിന്റെ പന്തില്‍ ഫിഞ്ചിനു ക്യാച്ച് നല്‍കി കോഹ്ലിയും മടങ്ങി. തുടര്‍ന്ന് ശ്രേയസ് അയ്യര്‍( 2 റണ്‍സ്), കെഎല്‍ രാഹുല്‍ (12 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അയ്യറെ ഹേസല്‍വുഡും രാഹുലിനെ ആദം സാംപയുമാണ് മടക്കിയത്. മൊഹമ്മദ് ഷമി 13 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ 29 റണ്‍സുമായി നവ്ദീപ് സെയ്നിയും ജസ്പ്രീത് ബുംമ്രയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 374 റണ്‍സ് നേടിയത്. ആരോണ്‍ ഫിഞ്ചിന്റെയും( 124 പന്തില്‍ 114 റണ്‍സ്), സ്റ്റീവന്‍ സ്മിത്തിന്റെയും(66 പന്തില്‍ 105 റണ്‍സ്) സെഞ്ചുറിയുടെയും ഡേവിഡ് വാര്‍ണറുടെ (69 റണ്‍സ്) അര്‍ദ്ധ സെഞ്ചുറിയുടെയും മികവിലാണ് ആതിഥേയര്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി.

Continue Reading

Latest News