Connect with us
Malayali Express

Malayali Express

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസ്‌: 3 പേര്‍ പിടിയില്‍

KERALA

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസ്‌: 3 പേര്‍ പിടിയില്‍

Published

on

വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച സംഭവത്തിൽ മൂന്നംഗ സംഘത്തെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ അഞ്ചുമാന്‍ ബാഗാഡിയയില്‍ താമസക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം സ്വദേശി ഇലഞ്ഞിക്കല്‍ മുഹമ്മദ്സമീർ (40), കണ്ണൂര് കീഴ്മാടം സ്വദേശി ആലയാട്ട് അഷ്റഫ് (34), വീരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ തളിപ്പറമ്പ് കപ്പം സ്വദേശി പുതിയപുരയില്‍ തുണ്ടക്കാച്ചി ഉനൈസ് (33) എന്നിവരെയാണ് പിടികൂടിയത്. മൈസൂരു, വീരാജ്പേട്ട എന്നിവിടങ്ങളില്‍നിന്നായിരുന്നു അറസ്റ്റ്.

കഴിഞ്ഞ മാസം 24 ന് ആശുപത്രി ആവശ്യാര്‍ഥം മൈസൂരുവിൽ എത്തിയതായിരുന്നു വടകര വില്യാപ്പള്ളി സ്വദേശിയായ ചാത്തോത്ത് താഴക്കുനി സുധീഷ്. ബസ് സ്റ്റാന്‍ഡിലെത്തിയ യുവാവിനെ രാത്രി പതിനൊന്നരയോടെ ലോഡ്ജില്‍ മുറി ശരിയാക്കിത്തരാമെന്നു പറഞ്ഞ് മൂന്നംഗ സംഘം കൂട്ടിക്കൊണ്ടുപോയി. മൈസൂരുവിലുള്ള ലോഡ്ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചു. പണം തന്നില്ലെങ്കില്‍ പോക്സോ കേസില്‍ പ്രതിയാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. യുവാവിന്റെ പക്കല്‍ പണമില്ലെന്ന് മനസ്സിലാക്കിയ പ്രതികള്‍ അയാളുടെ സഹോദരനെ ഫോണില്‍ വിളിച്ച്‌ 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.

തുടര്‍ന്ന് പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. പണം കൈക്കലാക്കിയ ശേഷമാണ് പ്രതികള് യുവാവിനെ വിട്ടയച്ചത്. യുവാവിന്റെ സഹോദരന്‍ വടകര പൊലീസില്‍ പരാതി നല്‍കി. പ്രതികളുടെ ഫോണ്‍ നമ്പറും ലോഡ്ജിലെ രജിസ്റ്ററിലെ മേല്‍വിലാസവും ശേഖരിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതി അഷറഫ് 40 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്നര വര്‍ഷം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇറങ്ങിയത്.

വടകര സിഐ പി വിനോദ്, എസ്‌ഐമാരായ കെ എ ഷറഫുദീന്‍, കെ മനീഷ്, എന്‍ പി അമ്മദ്, എസ്‌ഐ കെ പി ഗിരീഷ്, സിപിഒ ഷിരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

Latest News