Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: മുംബൈ -ഡല്‍ഹി ഫൈനല്‍

LATEST NEWS

ഐ.പി.എല്‍: മുംബൈ -ഡല്‍ഹി ഫൈനല്‍

Published

on

ഹൈദരാബാദ് സണ്‍റൈസേഴ്സിനെ 17 റണ്ണിനു തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐ.പി.എല്‍. ക്രിക്കറ്റ് 13-ാം സീസണിന്റെ ഫൈനലില്‍ കടന്നു.
ഫൈനലില്‍ അവര്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത പേസര്‍ കാഗിസോ റബാഡയാണു സണ്‍റൈസേഴ്സിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ കെടുത്തിയത്.
190 റണ്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്സിനു വേണ്ടി കെയ്ന്‍ വില്യംസണ്‍ (45 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുമടക്കം 67), അബ്ദുള്‍ സമദ് (16 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 33) എന്നിവര്‍ പൊരുതിയെങ്കിലും ടീമിനെ ഫൈനലില്‍ കടത്താനായില്ല. നായകന്‍ ഡേവിഡ് വാര്‍ണര്‍ (രണ്ട്), മനീഷ് പാണ്ഡെ (21), പ്രിയം ഗാര്‍ഗ് (17) എന്നിവര്‍ക്ക് അവസരത്തിനൊത്തുയരാനായില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്റെ വെടിക്കെട്ടാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 50 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 78 റണ്ണെടുത്ത ധവാന്‍ ടോപ് സ്‌കോററുമായി. 22 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 42 റണ്ണുമായിനിന്ന ഷിംറോണ്‍ ഹിറ്റ്മീര്‍, 27 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 38 റണ്ണെടുത്ത ഓപ്പണര്‍ മാര്‍കസ് സ്റ്റോനിസ് എന്നിവരാണു ധവാനെ കൂടാതെ അടിച്ചു തകര്‍ത്തത്. സ്റ്റോനിസിനെ ഓപ്പണറാക്കി പരീക്ഷിച്ച ഡല്‍ഹിയുടെ തന്ത്രം ഫലിച്ചു. സ്റ്റോനിസും ധവാനും ചേര്‍ന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാരെ കടന്നാക്രമിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.2 ഓവറില്‍ 86 റണ്ണെടുത്തു.
സ്റ്റോനിസ് വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കേ നല്‍കിയ ക്യാച്ച് ജാസണ്‍ ഹോള്‍ഡര്‍ വിട്ടുകളഞ്ഞതു നിര്‍ണായകമായി. ഒന്‍പതാം ഓവറില്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ സ്റ്റോനിസിനെ ബൗള്‍ഡാക്കി. ധവാനു കൂട്ടായി നായകന്‍ ശ്രേയസ് അയ്യര്‍ (20 പന്തില്‍ 21) എത്തിയപ്പോള്‍ സ്‌കോറിങ്ങിനു വേഗം കുറഞ്ഞു. ഹോള്‍ഡര്‍ എറിഞ്ഞ 14-ാം ഓവറില്‍ മനീഷ് പാണ്ഡെ പിടിച്ചാണു ശ്രേയസ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍ നേടി. ഹോള്‍ഡറെ കടന്നാക്രമിക്കാന്‍ തീരുമാനിച്ച ശ്രേയസിന്റെ ക്യാച്ച് കെയിന്‍ വില്യംസണ്‍ കൈവിട്ടു. തൊട്ടടുത്ത പന്തില്‍ തന്നെ ശ്രേയസ് പുറത്തായി.
വിക്കറ്റ് വീണത് ഡല്‍ഹിക്ക് ഒരു തരത്തില്‍ ഗുണമായി. ഹീറ്റ്മീറിന്റെ വെടിക്കെട്ടാണു പിന്നീടു നടന്നത്. വെസ്റ്റിന്‍ഡീസ് താരവും ധവാനും ചേര്‍ന്ന് 52 റണ്‍ നേടി. അടിച്ചു തകര്‍ത്ത ധവാനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സന്ദീപ് ശര്‍മ്മ കൂട്ടുകെട്ട് തകര്‍ത്തു. ഹീറ്റ്മീറിന്റെയും ധവാന്റെയും ഓരോ ക്യാച്ചുകള്‍ സണ്‍റൈസേഴ്സ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു.
ശിഖര്‍ ധവാനെ പിടിച്ചുകെട്ടാനായിരുന്നു മത്സരം മുഴുവന്‍ സണ്‍റൈസേഴ്സിന്റെ പരിശ്രമം. ഹൈദരാബാദിന്റെ പേസിനും സ്പിന്നിനും ധവാനെ തളയ്ക്കാനായില്ല. പൃഥി ഷായ്ക്ക് പകരം സ്റ്റോനിസ് ഓപ്പണറായതും ഹൈദരാബാദിനെ വലച്ചു. സ്റ്റോനിസ് ആക്രമിച്ചു കളിച്ചതോടെ ധവാന് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചു.
ആക്രമിച്ചു കളിക്കുകയെന്ന തീരുമാനവുമായാണ് ഡല്‍ഹി തുടക്കം മുതല്‍ക്കെ ബാറ്റു വീശിയത്. ഓപ്പണര്‍മാര്‍ ആത്മവിശ്വാസത്തോടെ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഡല്‍ഹി അഞ്ച് ഓവറില്‍ 50 പിന്നിട്ടു. ഒന്‍പതാം ഓവറില്‍ ധവാന്‍ അര്‍ധ സെഞ്ചുറി പിന്നിട്ടു. 26 പന്തിലാണു ധവാന്‍ 50 കടന്നത്.
ഹിറ്റ്മീറും അടിച്ചു തകര്‍ക്കാനുള്ള മൂഡിലാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തുതന്നെ ഹീറ്റ്മീര്‍ അതിര്‍ത്തി കടത്തി. നടരാജന്‍ എറിഞ്ഞ 17 -ാം ഓവറില്‍ തകര്‍പ്പന്‍ സിക്സറടിച്ച ഹിറ്റ്മീര്‍ നിലപാട് വ്യക്തമാക്കി. ഹോള്‍ഡറുടെ 18 -ാം ഓവറിലാണ് താരം ഏറ്റവും അക്രമിയായത്. ഓവറില്‍ മൂന്നു തവണ ഹെറ്റ്മയര്‍ ഹോള്‍ഡിനെ അതിര്‍ത്തി കടത്തി.

Continue Reading

Latest News