Connect with us
Malayali Express

Malayali Express

ഐ.പി.എല്‍ ചരിത്രം കുറിച്ചു: രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയം പഞ്ചാബിന്

LATEST NEWS

ഐ.പി.എല്‍ ചരിത്രം കുറിച്ചു: രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയം പഞ്ചാബിന്

Published

on

ഐ.പി.എല്‍ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സമനില പാലിച്ച മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവര്‍ നടത്തിയാണു വിജയികളെ നിശ്ചയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു.
നിശ്ചിത ഓവറില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ പഞ്ചാബും ആറിന് 176 എന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും അഞ്ച് റണ്‍സ് വീതം നേടിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്കും നീണ്ടു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്വിന്റന്‍ഡികോക്കിന്റെ പ്രകടനമാണു മുംബൈ നിരയില്‍ നിര്‍ണായകമായത്.43 പന്തുകള്‍ നേരിട്ട താരം 53 റണ്‍സെടുത്തു പുറത്തായി. മധ്യനിര താരം ക്രുനാല്‍ പാണ്ഡ്യയും (30 പന്തില്‍ 34) തിളങ്ങി. അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും പഞ്ചാബ് ബോളര്‍മാരെ കടന്നാക്രമിച്ചതോടെ മുംബൈ മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഞായറാഴ്ചത്തെ മത്സരത്തില്‍ തിളങ്ങാനായില്ല. ഒന്‍പതു റണ്‍സ് മാത്രം നേടിയ മുംബൈ ക്യാപ്റ്റന്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. നാലു പന്തുകള്‍ മാത്രം നേരിട്ട സൂര്യകുമാര്‍ യാദവിന് റണ്ണൊന്നുമെടുക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ 38ല്‍ നില്‍ക്കെ യുവതാരം ഇഷാന്‍ കിഷനെ വീഴ്ത്തി അര്‍ഷ്ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി. മൂന്നാം വിക്കറ്റും വീണതോടെ ക്രുനാല്‍ പാണ്ഡ്യയെകൂട്ടുപിടിച്ച് ക്വിന്റന്‍ ഡികോക്ക് മുംബൈ സ്‌കോര്‍ ഉയര്‍ത്തി. 44 പന്തുകളില്‍നിന്ന് ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. സ്‌കോര്‍ 100നോട് അടുക്കവെ 30 പന്തില്‍ 34 റണ്‍സെടുത്ത ക്രുനാലിനെ രവി ബിഷ്‌ണോയി ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു.എട്ട് റണ്‍സ് മാത്രമെടുത്ത ഹാര്‍ദിക് പാണ്ഡ്യ നിലയുറപ്പിക്കുന്നതിനു മുന്‍പേ മുഹമ്മദ് ഷമിക്കു മുന്നില്‍ കീഴടങ്ങി.

ഇതോടെ മുംബൈ അഞ്ചിന് 116 റണ്‍സ് എന്ന നിലയില്‍. 39 പന്തുകളില്‍ നിന്ന് ഡികോക്ക് അര്‍ധസെഞ്ചുറി തികച്ചു. മൂന്നു വീതം സിക്‌സും ഫോറും താരം പറത്തി. തൊട്ടുപിന്നാലെ ഡികോക്ക് പുറത്തായി. ക്രിസ് ജോര്‍ദാന്റെ പന്തില്‍ മായങ്ക് അഗര്‍വാള്‍ ക്യാച്ചെടുത്താണു താരത്തെ പറഞ്ഞുവിട്ടത്. സ്‌കോര്‍ ഉയര്‍ത്തുകയെന്ന ചുമതലയുമായി ഗ്രൗണ്ടിലെത്തിയ കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ ഉന്നമിട്ടു.

നാലു സിക്‌സും ഒരു ഫോറും പറത്തിയ പൊള്ളാര്‍ഡ് 12 പന്തുകളില്‍ നിന്ന് നേടിയത് 34 റണ്‍സ്. 12 പന്തുകളില്‍നിന്ന് 24 റണ്‍സെടുത്ത് കോള്‍ട്ടര്‍നെയ്‌ലും തിളങ്ങിയതോടെ മുംബൈ സ്‌കോര്‍ 176ല്‍ എത്തി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണു പഞ്ചാബിന് ലഭിച്ചത്. കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10 പന്തില്‍ 11 റണ്‍സെടുത്താണു മായങ്ക് പുറത്തായത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ താരം ബൗള്‍ഡായി. ക്രിസ് ഗെയ്‌ലിനെ കൂട്ടുപിടിച്ച് കെ.എല്‍. രാഹുല്‍ പഞ്ചാബ് സ്‌കോര്‍ 50 കടത്തി. 75ല്‍ നില്‍ക്കെ ക്രിസ് ഗെയ്ല്‍ മടങ്ങി. 21 പന്തില്‍ 24 റണ്‍സെടുത്ത ഗെയ്ല്‍ ദീപക് ചാഹറിന്റെ പന്തില്‍ ട്രെന്റ് ബോള്‍ട്ടിന് ക്യാച്ച് നല്‍കിയാണു പുറത്തായത്. 35 പന്തുകളില്‍നിന്ന് രാഹുല്‍ അര്‍ധ സെഞ്ചുറി തികച്ചു.

12 പന്തില്‍ 24 റണ്‍സെടുത്ത നിക്കോളാസ് പുരാനെ ബുമ്രയുടെ പന്തില്‍ കോള്‍ട്ടര്‍നെയില്‍ ക്യാച്ചെടുത്തു മടക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ വന്നപോലെ മടങ്ങി. കെ.എല്‍. രാഹുല്‍ കളി ജയിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരിക്കവെ 153 റണ്‍സില്‍ താരത്തിന്റെ അപ്രതീക്ഷിത പുറത്താകല്‍. ബുമ്രയുടെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. 19ാം ഓവര്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 9 റണ്‍സ്. എന്നാല്‍ ക്രിസ് ജോര്‍ദാനും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത് 8 റണ്‍സ് മാത്രം. അവസാന പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാകുകയും ചെയ്തു. ഇതോടെ ഞായറാഴ്ചത്തെ രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് നേടിയത് വെറും അഞ്ച് റണ്‍സ് മാത്രം. ബുമ്രയെറിഞ്ഞ ഓവറില്‍ നിക്കോളാസ് പുരാന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ പുറത്താകുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കു വേണ്ടി ഇറങ്ങിയത് ക്വിന്റന്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യത്തെ സൂപ്പര്‍ ഓവറില്‍ മുംബൈയും നേടി അഞ്ച് റണ്‍സ്. ഇതോടെ വിജയികളെ തീരുമാനിക്കാന്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. രണ്ടാം ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നേടിയത് 11 റണ്‍സ്. മറുപടിയില്‍ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നാല് പന്തില്‍ വിജയ റണ്‍സ് കുറിച്ചു
ഓശ

Continue Reading

Latest News