Connect with us
Malayali Express

Malayali Express

മൂന്നാറില്‍ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഹോംസ്‌റ്റേ ഉടമ മരിച്ചു

KERALA

മൂന്നാറില്‍ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഹോംസ്‌റ്റേ ഉടമ മരിച്ചു

Published

on

മൂന്നാറിലെ ഹോംസ്‌റ്റേയില്‍ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ആളും മരിച്ചു. മൂന്നാറിനു സമീപം ചിത്തിരപുരത്തെ ഹോംസ്‌റ്റേ ഉടമ ഡോബിപ്പാലം കൊട്ടാരത്തില്‍ തങ്കപ്പനാ (എല്‍.ഐ.സി തങ്കപ്പന്‍-72) ണ് മരിച്ചത്. സുഹൃത്ത് കൊണ്ടുവന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ഇദ്ദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. പരിശോധനയില്‍ സാനിറ്റൈസര്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന സ്പിരിറ്റില്‍ നിറം ചേര്‍ത്ത് കുടിച്ചതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 26-നാണ് മൂന്നംഗ സംഘത്തെ അവശനിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഈ സംഭവത്തില്‍ കാസര്‍കോട് കടപ്പുറം തൃക്കാരിയൂര്‍ പുതിയ പറമ്പത്ത് ഹരീഷ് (ജോബി-28) ചികിത്സയിലിരിക്കെ ഈ മാസം ആദ്യം മരിച്ചു. മദ്യം ഓണ്‍ലൈനില്‍ വാങ്ങി കൊണ്ടുവന്ന് ഇവരോടൊപ്പം മദ്യപിച്ച ട്രാവല്‍ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കല്‍ മനോജ് (48) ആശുപത്രി വിട്ടെങ്കിലും ഇദ്ദേഹത്തിന്റെ ഇരുകണ്ണുകളുടെയും കാഴ്ച ഏകദേശം പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കോലഞ്ചേരിയില്‍ ചികില്‍സയിലായിരുന്ന തങ്കപ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിച്ചത്. തങ്കപ്പനും, ഇദ്ദേഹത്തിന്റെ സഹായി ഹരീഷും, മനോജും ചേര്‍ന്ന് നിറം കലര്‍ത്തിയ സാനിറ്ററൈസര്‍ കഴിച്ചത് ഹോംസ്‌റ്റേയില്‍ വച്ചായിരുന്നു. തങ്കപ്പനെയും ഹരീഷിനെയും ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് 28-ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചു. അന്ന് മുതല്‍ ഇരുവരും വെന്റിലേറ്ററിലായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ സ്പിരിറ്റ് വിദേശ മദ്യ കുപ്പിയിലാക്കി ഇരിങ്ങാലക്കുടയില്‍ നിന്നും കൊണ്ടുവന്നത് മനോജാണെന്ന് കണ്ടെത്തി. ഇതിനാല്‍ മനോജിനെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു. സാനിറ്ററൈസര്‍ നിര്‍മിക്കുന്ന സ്പിരിറ്റ് മനോജ് ഓണ്‍ലൈന്‍ വഴി വീട്ടില്‍ വാങ്ങി. കുടുംബത്തോടൊപ്പം കഴിഞ്ഞ 26-ന് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഈ സ്പിരിറ്റ് ചിത്തിരപുരത്ത് എത്തിക്കുകയും ഇവിടെ കൊണ്ടുവന്ന് തേന്‍, പഞ്ചസാര എന്നിവയും വീര്യം കൂട്ടാല്‍ ആയുര്‍വേദ ഔഷധങ്ങളും ചേര്‍ത്ത് മുവരും കഴിക്കുകയായിരുന്നു. സഞ്ചാരികളെ ഓണ്‍ലൈന്‍ വഴി ഹോംസ്‌റ്റേയില്‍ എത്തിക്കുന്ന ഏജന്റാണ് മനോജ്. അതിനാല്‍ തങ്കപ്പനും, ഹരീഷും നേരത്തെ മനോജിന്റെ സുഹൃത്തുകളാണ്. ഈ ബന്ധത്തിന്റെ പേരിലാണ് മൂവരും ചേര്‍ന്ന് ഹോംസ്‌റ്റേയില്‍ ഇരുന്ന് മദ്യപിച്ചത്. പോലീസ് മനോജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് ഓണ്‍ലൈനില്‍ വാങ്ങിയ ബില്ലും കാലി കുപ്പികളും കണ്ടെത്തിയിരുന്നു. വെള്ളത്തൂവല്‍ സി.ഐ: ആര്‍. കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരിച്ച തങ്കപ്പന്‍ ആദ്യകാലം മുതല്‍ ഹൈറേഞ്ചിലെ എല്‍.ഐ.സി ഏജന്റായിരുന്നു. ചെങ്കുളം പുതുപറമ്പില്‍ കുടുംബാംഗം പരേതയായ കുഞ്ഞുമോളാണ് മരിച്ച തങ്കപ്പന്റെ ഭാര്യ. മക്കള്‍: ബിനു, അനു. തൊടുപുഴ മേലുകാവ് നടുവിലേടത്ത് കുടുംബാംഗങ്ങളും സഹോദരിമാരുമായ നിഷ, നീന എന്നിവരാണ് മരുമക്കള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച രാവിലെ 11-ന് മൂന്നാര്‍ സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Continue Reading

Latest News