Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: ഡല്‍ഹി രാജസ്ഥാനെ തകര്‍ത്തു

LATEST NEWS

ഐ.പി.എല്‍: ഡല്‍ഹി രാജസ്ഥാനെ തകര്‍ത്തു

Published

on

രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 13 റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ബെന്‍ സ്റ്റോക്സ് (35 പന്തില്‍ 41), ജോസ് ബട്ട്ലര്‍ (ഒന്‍പത് പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 22), റോബിന്‍ ഉത്തപ്പ (27 പന്തില്‍ 35), സഞ്ജു സാംസണ്‍ (18 പന്തില്‍ 25) എന്നിവരുടെ പോരാട്ടം ടീമിനെ ജയിപ്പിച്ചില്ല. 33 പന്തില്‍ രണ്ട് സിക്സററും ആറ് ഫോറുമടക്കം 57 റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും 43 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 53 റണ്ണെടുത്ത നായകന്‍ ശ്രേയസ് അയ്യരുമാണ് ഡല്‍ഹിയെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടുത്തിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ പൃഥി ഷായുടെ സ്റ്റമ്പ് തെറിച്ചു. സീസണില്‍ വീണ്ടും കളിക്കാന്‍ അവസരം ലഭിച്ച അജിന്‍ക്യ രഹാനെയും (ഒന്‍പത് പന്തില്‍ രണ്ട്) നിരാശപ്പെടുത്തി. ആര്‍ച്ചറിനെ പറത്താന്‍ ശ്രമിച്ച രഹാനെ റോബിന്‍ ഉത്തപ്പയുടെ കൈയിലൊതുങ്ങി. ധവാനും അയ്യരും ചേര്‍ന്നതോടെയാണ് ഇന്നിങ്സിനു ജീവന്‍ വച്ചത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 12-ാം ഓവറില്‍ 95 ലെത്തിച്ചു. 13-ാം സീസണിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി നേടാന്‍ ധവാനായി. 30 പന്തുകളിലായിരുന്നു ഓപ്പണറുടെ അര്‍ധ സെഞ്ചുറി. വിക്കറ്റ് കളയാതെ സൂക്ഷിച്ചു കളിച്ച അയ്യര്‍ 40 പന്തുകളിലാണ് 50 കടന്നത്. ധവാനെ കാര്‍ത്തിക് ത്യാഗിയുടെ കൈയിലെത്തിച്ചു ശ്രേയസ് ഗോപാല്‍ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ അയ്യരും മടങ്ങി. ഡല്‍ഹി നായകനെ കാര്‍ത്തിക് ത്യാഗി ആര്‍ച്ചറിന്റെ കൈയിലെത്തിച്ചു. മാര്‍നസ് സ്റ്റോനിസ് (19 പന്തില്‍ 18), വിക്കറ്റ് കീപ്പര്‍ അലക്സ് കാരി (13 പന്തില്‍ 14), അക്ഷര്‍ പട്ടേല്‍ (നാല് പന്തില്‍ ഏഴ്) എന്നിവരും പുറത്തായി. പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് പുറത്തിരിക്കുന്നതു ഡല്‍ഹിക്കു തിരിച്ചടിയായി. ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 19 റണ്‍ മാത്രം വിട്ടു കൊടുത്തു മൂന്ന് വിക്കറ്റെടുത്തു. ജയദേവ് ഉനാത്കടും രണ്ട് വിക്കറ്റെടുത്തു. കാര്‍ത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതമെടുത്തു.

പോയിന്റ് നില

ഡല്‍ഹി 8 6 2 12
മുംബൈ 7 5 2 10
ബാംഗ്ലൂര്‍ 7 5 2 10
കൊല്‍ക്കത്ത 7 4 3 8
ഹൈദരാബാദ് 8 3 5 6
ചെന്നൈ 8 3 5 6
രാജസ്ഥാന്‍ 8 3 5 6
പഞ്ചാബ് 7 1 6 2

Continue Reading

Latest News