Connect with us
Malayali Express

Malayali Express

കോവിഡ് വീണ്ടും വ്യാപിക്കുന്നു; പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറ്റലി

EUROPE

കോവിഡ് വീണ്ടും വ്യാപിക്കുന്നു; പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറ്റലി

Published

on


വിപിൻ ജോസ് അർത്തുങ്കൽ

ഇറ്റലി ∙ കോവിഡ് 19 കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇറ്റലി രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി ജൂസപ്പേ കോൺതെയും ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയും പുതിയ ഉത്തരവിൽ ഒപ്പുവച്ചു. അടുത്ത 30 ദിവസത്തേക്കാണ് ഉത്തരവിന്റെ കാലാവധി. തിങ്കളാഴ്ചമാത്രം ഇറ്റലിയിൽ പുതുതായി 4619 പേരിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. 39 പേർ മരണപ്പെട്ടു. ഞായറാഴ്ച 26 മരണവും റിപ്പോർട്ട് ചെയ്തു.
സ്വകാര്യ പാർട്ടികൾ
വീടിനുള്ളിലോ പുറത്തോ നടത്തുന്ന പാർട്ടികളിൽ പുറത്തുനിന്നുള്ള ആറിലധികംപേരെ പ്രവേശിപ്പിക്കാൻ അനുമതിയില്ല.

രാത്രിജീവിതം
റസ്റ്ററന്റുകൾ, ബാറുകൾ, ഐസ്ക്രീം പാർലറുകൾ, പിസ വിൽപ്പനശാലകൾ ഉൾപ്പെടെയുള്ളവ അർധരാത്രിക്കു ശേഷം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. കൂട്ടംകൂടി നിന്നുകൊണ്ടുള്ള ഭക്ഷണ-പാനീയ ഉപഭോഗത്തിനും നിരോധനമുണ്ട്. ഡിസ്കോ ശാലകളും നൈറ്റ്ക്ലബ്ബുകളും പ്രവർത്തിക്കില്ല.

ചടങ്ങുകൾ
നിലവിലുള്ള കോവിഡ് 19 പ്രോട്ടോകോളുകൾക്ക് അനുസൃതമായി വിവാഹങ്ങൾ, ശവസംസ്ക്കാരം, മതപരമായ ചടങ്ങുകൾ തുടങ്ങിയവ അനുവദിക്കും. ഇവയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

മാസ്കുകൾ
എല്ലാവരും എപ്പോഴും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അടച്ചിട്ടിരിക്കുന്ന പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് കർശനമാക്കിയിട്ടുണ്ട്. ഒരു വീടിനുള്ളിലെ സ്ഥിരതാമസക്കാർ പുറത്തുള്ളവരുമായി ഇടപെടുമ്പോഴും മാസ്ക് നിർബന്ധമാണ്. ആറു വയസിനു താഴെയുള്ള കുട്ടികൾ, മാസ്ക് ധരിക്കാനാവാത്ത തരത്തിൽ വൈകല്യമുള്ളവർ, കായികപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരൊഴികെ എല്ലാവർക്കും ഈ നിബന്ധനകൾ ബാധകമാണ്.

സ്പോർട്സ്
ഇറ്റാലിയൻ നാഷനൽ ഒളിമ്പിക് കമ്മിറ്റിയോ ഇറ്റാലിയൻ പാരാലിംപിക് കമ്മിറ്റിയോ അനുവദിച്ചിട്ടില്ലാത്ത അമേച്വർ തലത്തിലുള്ള കായിക മത്സരങ്ങൾ കളിക്കുന്നതിന് നിരോധനമുണ്ട്.

സ്റ്റേഡിയങ്ങൾ
സ്‌റ്റേഡിയങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങളിൽ പൊതുജനങ്ങൾക്ക് കാഴ്ചക്കാരായി പങ്കെടുക്കാവുന്നതാണ്. സ്റ്റേഡിയത്തിന്റെ മൊത്തം ശേഷിയുടെ 15% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കാണികൾ തമ്മിൽ ഒരു മീറ്റർ സാമൂഹികഅകലം പാലിക്കുകയും പ്രവേശന കവാടത്തിൽ താപനില പരിശോധനയ്ക്ക് വിധേയമാവുകയും വേണം.

ക്വാറന്റീൻ
അരോഗ്യ പ്രവർത്തകർ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നവർക്കുള്ള ക്വാറന്റീൻ കലാവധി 14 ദിവത്തിൽ നിന്ന് 10 ദിവസമായി കുറച്ചു.

സിനിമ-നാടകം-സംഗീതക്കച്ചേരികൾ
സിനിമ, നാടകം, സംഗീതക്കച്ചേരികൾ എന്നിവയിൽ കാഴ്ചക്കാരായി പങ്കെടുക്കുന്നവരുടെ എണ്ണം പൊതുസ്ഥലത്ത് ആയിരമായും ഓഡിറ്റോറിയങ്ങളിൽ 200 ആയും നിജപ്പെടുത്തി. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും താപനില പരിശോധന നിർബന്ധമാക്കുകയും വേണം.


സ്കൂളുകൾ
സ്കൂളുകളിൽനിന്ന് വിദ്യാർഥികളുമായുള്ള എല്ലാ യാത്രകളും സ്റ്റഡി ടൂറുകളും നിരോധിച്ചു. സ്കുളുകൾ തുറന്നു പ്രവർത്തിക്കുക എന്നതിനുതന്നെയാണ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് വ്യക്തമാക്കി.

ലോക്ഡൗൺ
രാജ്യവ്യാപകമായി ഇനിയുമൊരു ലോക്ഡൗൺ എന്നതിനോട് സർക്കാർ യോജിക്കുന്നില്ലെന്നും രോഗവ്യാപനം രൂക്ഷമാണെങ്കിൽ പ്രാദേശീകമായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് എതിരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Latest News