Connect with us
Malayali Express

Malayali Express

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

KERALA

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Published

on

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശിയായ സമീപത്തെ കച്ചവടക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ബിരിയാണി കച്ചവടം നടത്താന്‍ തന്നെ ഒരു വിഭാഗം കച്ചവടക്കാര്‍ അനുവദിക്കുന്നില്ലെന്നും കൂടെയുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ചുവെന്നും ഇതുമൂലം കച്ചവടം നടത്താനാകുന്നില്ലെന്നും സജ്ന ഷാജി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. എറണാകുളം ഇരുമ്പനത്തായിരുന്നു സജ്ന ബിരിയാണി വില്‍പന നടത്തിയിരുന്നത്. ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യ ഘട്ടത്തില്‍ നടപടിയെടുത്തില്ല. സംഭവം വിവാദമായതോടെ വിഷയത്തില്‍ മന്ത്രി കെ കെ ശൈലജ ഇടപെട്ടു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. എരൂര്‍ സ്വദേശി ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ബിരിയാണി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ സജ്ന വ്യാജ പരാതി ഉന്നയിക്കുകയാണെന്നാണ് അറസ്റ്റിലായ ആളുടെ കുടുംബം ആരോപിക്കുന്നത്. കച്ചവടം തുടരാന്‍ അനുമതി ലഭിച്ചിട്ടും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ലൈസന്‍സ് കാണിക്കണമെന്ന് ആവശ്യപ്പെട്ടത് ഇന്നലെ തര്‍ക്കത്തിനിടയാക്കിയിരുന്നു. ഇരുവിഭാഗത്തിനും ഇവിടെ തന്നെ കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്ന് പിന്നീട് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

സജ്നയ്ക്ക് പിന്തുണയുമായി സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സാമൂഹ്യനീതി വകുപ്പ് വനിത വികസന കോര്‍പറേഷന്‍ മുഖേന വില്‍പ്പന കേന്ദ്രം ഒരുക്കുന്നതിനായി സാമ്ബത്തിക സഹായം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സജ്നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ നടന്‍ ജയസൂര്യയും സാമ്ബത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

സജ്ന ഫേസ് ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞതിങ്ങനെ-

“ഇന്ന് ഞാന്‍ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവന്‍ ബാക്കി ആയി. 20 ഊണും 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാന്‍ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്”- ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി മനസ്സ് തകര്‍ന്ന് കണ്ണീരോടെ പറയുന്നു.

എറണാകുളം ഇരുമ്പനത്ത് വഴിയരികില്‍ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്ന അടക്കം അഞ്ച് ട്രാന്‍സ്‍ജെന്‍ഡേഴ്സ്. മികച്ച അഭിപ്രായവുമായി നല്ല രീതിയില്‍ ബിരിയാണി കച്ചവടം മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്ന ഉള്‍പ്പെടെയുള്ളവരെ ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ട് ഒന്ന് ഇടപെടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് സജ്ന പറയുന്നു. ഞങ്ങളെന്താ ബിരിയാണി വിറ്റ് തരണോ എന്ന രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ഫുഡ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസന്‍സ് എടുത്തിട്ടാണ് കച്ചവടം തുടങ്ങിയതെന്നും സജ്ന പറഞ്ഞു.

“ഞങ്ങള്‍ക്ക് ആരുമില്ല. ഞങ്ങള്‍ ഇങ്ങനെയായത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. അന്തസായി ജോലിയെടുത്ത് ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്? തെരുവിലും ട്രെയിനിലുമൊക്കെ ഭിക്ഷ യാചിക്കാനല്ലേ പറ്റുള്ളൂ. ജോലിയെടുത്ത് ജീവിച്ചൂടെ എന്ന് എല്ലാവരും ചോദിക്കുമല്ലോ. ജോലി എടുത്ത് ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും ഞങ്ങള്‍?” ട്രാന്‍സ്ജെന്‍ജേഴ്സിനെ അധിക്ഷേപിക്കുകയും അവരുടെ ജീവിത മാര്‍ഗം തടയുകയും ചെയ്യുന്ന ഈ സമൂഹത്തോടാണ് സജ്നയുടെ ചോദ്യം.

Continue Reading

Latest News