Connect with us
Malayali Express

Malayali Express

സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടന്‍ സുരാജ്, നടി കനി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

KERALA

സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടന്‍ സുരാജ്, നടി കനി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

Published

on

തിരുവനന്തപുരം: മലയാള സിനിമ നവനിര പിടിച്ചെടുക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ കാണുന്നത്. മത്സരിച്ച 119 സിനിമകളില്‍ 71 എണ്ണം നവാഗതരുടേതാണ്. പുരസ്കാരങ്ങളില്‍ 75 ശതമാനവും പുതുനിരക്കാരുടെ സിനിമകള്‍ നേടി. സംവിധായകന്‍, നടന്‍, നടി, മികച്ച സിനിമ എന്നിവയെക്കാള്‍ അവാര്‍ഡ് നിര്‍ണയിക്കാന്‍ ഇത്തവണ ജൂറി ബുദ്ധിമുട്ടിയത് മികച്ച നവാഗത സംവിധായകനെ കണ്ടെത്താനായിരുന്നു.

മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഉണ്ടായിരുന്നത് ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്സ്),​ നിവിന്‍ പോളി (മൂത്തോന്‍)​,​ ആസിഫ് അലി (കെട്ട്യേളാണ് മലാഖ)​ എന്നിവരാണ്. സുരാജ് വെഞ്ഞാറമൂടിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയ സവിശേഷതകള്‍ ജൂറി ഏറെ സമയമെടുത്ത് ചര്‍ച്ചചെയ്ത ശേഷമാണ് മികച്ച നടനുള്ള പുരസ്കാരം സുരാജിന് നല്‍കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ നടനുള്ള (സ്വഭാവനടന്‍)​ പുരസ്കാരം ഫഹദിന് നല്‍കുന്നതിനും ജൂറിയില്‍ വിയോജിപ്പുണ്ടായിരുന്നു. ആസിഫ് അലിയുടെ പേരാണ് ഈ അവാര്‍ഡിനായി രണ്ട് അംഗങ്ങള്‍ നിര്‍ദ്ദേശിച്ചത്.

വിയോജിപ്പുകള്‍ അധികമില്ലാതെയാണ് കനി കുസൃതിയെ തിരഞ്ഞെടുത്തത്. പിന്നാക്ക മുസ്ലിം സ്ത്രീയുടെ ജീവിതത്തിന്റെ വിവിധവശങ്ങള്‍ പറയുന്ന സിനിമയില്‍ കനിയുടെ ഗംഭീര പ്രകടനമെന്നാണ് ജൂറി വിലയിരുത്തിയത്. മികച്ച ചിത്രമായ ‘വാസന്തി’യിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്വാസിക,​ റണ്‍കല്യാണിയിലെ ഗാര്‍ഗി അനന്തന്‍ എന്നിവരാണ് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടത്. അതില്‍ സ്വാസിക മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം നേടി.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിന് അവസാന റൗണ്ടില്‍ ‘വാസന്തി’ക്കൊപ്പം മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചിര’,​ ഷെറി സംവിധാനം ചെയ്ത ‘കഖഗഘങ’,​ ഗീത ജെ.ഇയന്‍ സംവിധാനം ചെയ്ത ‘റണ്‍ കല്യാണി,​ വിനു കോളിച്ചാല്‍ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴല്‍’ എന്നീ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജീവിതവും നാടകവും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായി അവതരിപ്പിച്ച വാസന്തി മികച്ച സിനിമയായപ്പോള്‍ ആദിവാസികളുടെ ജീവിതം പറയുന്ന കെഞ്ചിര രണ്ടാമത്തെ ചിത്രമായി.

മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോജോസ് പല്ലിശ്ശേരിക്ക് നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലായിരുന്നു. ഏറെ വാദപ്രതിവാദത്തിനൊടുവിലാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമ ഒരുക്കിയ രതീഷ് ബാലകൃഷ്ണപൊതുവാള്‍ മികച്ച നവാഗത സംവിധായകനായത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്ക്,​ മധു സി.നാരായണന്റെ കുമ്ബളങ്ങി നൈറ്റ്സ്,​ മനു അശോകന്റെ ഉയരെ,​ മാത്തുക്കുട്ടി സേവ്യറുടെ ഹെലന്‍ എന്നീ ചിത്രങ്ങളായിരുന്നു നവാഗത സംവിധായകനുള്ള പുരസ്കാരത്തിനായി അവസാന റൗണ്ടിലെത്തിയത്.

Continue Reading

Latest News