Connect with us
Malayali Express

Malayali Express

അടിച്ചു തകര്‍ത്ത് സണ്‍റൈസേഴ്സ് , 69 റണ്ണിന്റെ ജയം

LATEST NEWS

അടിച്ചു തകര്‍ത്ത് സണ്‍റൈസേഴ്സ് , 69 റണ്ണിന്റെ ജയം

Published

on

പഞ്ചാബ് കിങ്സ് ഇലവനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 69 റണ്ണിന്റെ ഉജ്വല ജയം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പഞ്ചാബ് ടീം 16.5 ഓവറില്‍ 132 റണ്ണിന് ഓള്‍ഔട്ടായി. 37 പന്തില്‍ ഏഴ്് സിക്സറും അഞ്ച് ഫോറുമടക്കം 77 റണ്ണെടുത്ത വെസ്റ്റിന്‍ഡീസ് താരം നികോളാസ് പൂരന്‍ മാത്രമാണു പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്. 13-ാം സീസണിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ ശതകം പൂരന്‍ സ്വന്തമാക്കി. പൂരന്‍ 17 പന്തിലാണ് അര്‍ദ്ധ ശതകം നേടയത്. 19 പന്തില്‍ അര്‍ദ്ധ ശതകം നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോഡാണ് പൂരന്‍ മറികടന്നത്. 202 റണ്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഒന്‍പത് ഓവര്‍ പിന്നിട്ടപ്പോഴേക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ്, തങ്കവേലു നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു.
ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ (55 പന്തില്‍ ആറ് സിക്സറും ഏഴ് ഫോറുമടക്കം 97), നായകന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ (40 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 52) എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദ് ടീമിനെ ഇരുനൂറിലെത്തിച്ചത്. ഹൈദരാബാദ് 220 ന് മേലെ നേടുമെന്നു തോന്നിപ്പിച്ചെങ്കിലും രവി ബിഷ്ണോയി വിലങ്ങായി.
ഇന്നിംഗ്സിലെ 16-ാം ഓവര്‍ എറിയാന്‍ രവി ബിഷ്ണോയ് എത്തുമ്പോള്‍ ഹൈദരാബാദ് വിക്കറ്റ് പോകാതെ 160 എന്ന നിലയിലായിരുന്നു. ബെയര്‍സ്റ്റോയെയും വാര്‍ണറിനെയും ഒരേ ഓവറില്‍ പുറത്താക്കി ബിഷ്ണോയ് ടീമിനെ തിരിച്ചു കൊണ്ടുവന്നു. താനെറിഞ്ഞ ആദ്യ ഓവറില്‍ 18 റണ്‍ വഴങ്ങിയ താരം പിന്നീട് മൂന്ന് വിക്കറ്റുമായി ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന അഞ്ചോവറില്‍ 41 റണ്‍ നേടിയ സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്ണിലെത്തുകയായിരുന്നു. അവസാന ഓവറുകളില്‍ അഭിഷേക് ശര്‍മയുടെയും (ആറ് പന്തില്‍ 12) കെയിന്‍ വില്യംസണിന്റെയും (10 പന്തില്‍ 20) വെടിക്കെട്ടുകള്‍ ടീമിന് അനുഗ്രഹമായി. 58 റണ്ണാണ് സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ നേടിയത്. സീസണില്‍ സണ്‍റൈസേഴ്സിന്റെ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണത്.

ഐ.പി.എല്‍. പോയിന്റ് പട്ടിക
(ടീം, മത്സരം, ജയം, തോല്‍വി,
പോയിന്റ് എന്ന ക്രമത്തില്‍)

മുംബൈ 6 4 2 8
ഡല്‍ഹി 5 4 2 8
ഹൈദരാബാദ് 6 3 3 6
കൊല്‍ക്കത്ത 5 3 2 6
ബാംഗ്ലൂര്‍ 5 3 2 6
ചെന്നൈ 6 2 4 4
രാജസ്ഥാന്‍ 5 2 3 4
പഞ്ചാബ് 6 1 5 2

Continue Reading

Latest News